KeralaNEWS

ദേശീയ പതാക തലതിരിച്ചുയര്‍ത്തി; കുരുവട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റിനെതിരേ കേസ്

കോഴിക്കോട്: റിപ്പബ്ലിക് ദിനാഘോഷച്ചടങ്ങില്‍ ദേശീയ പതാക തലതിരിച്ചുയര്‍ത്തിയ ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനെതിരെ കേസ്. കുരുവട്ടൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സരിത കുന്നത്തിന്റെ പേരിലാണ് ചേവായൂര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. പഞ്ചായത്തിലെ പത്താം വാര്‍ഡായ വളച്ചുകെട്ടി അംഗന്‍വാടിയില്‍ രാവിലെ നടന്ന ചടങ്ങിലാണ് പ്രസിഡന്റ് ദേശീയപതാക പച്ചനിറം മുകളിലും കുങ്കുമനിറം താഴെയും വരുന്ന രീതിയില്‍ പതാക ഉയര്‍ത്തിയത്.

അബദ്ധത്തില്‍ സംഭവിച്ചതാണെന്നാണ് ഇതുസംബന്ധിച്ച് പഞ്ചായത്ത് ഭരണനേതൃത്വം നല്‍കുന്ന അനൗദ്യോഗിക വിശദീകരണം. കൊടിമരത്തില്‍ കെട്ടിവെച്ച നിലയിലുള്ള പതാക ചടങ്ങിലെ ഉദ്ഘാടകയായ പ്രസിഡന്റ് ഉയര്‍ത്തുകയായിരുന്നു. പരിപാടിയില്‍ കുട്ടികളുടെ രക്ഷിതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്തിരുന്നുവെങ്കിലും ഗുരുതര വീഴ്ച ആരുടെയും ശ്രദ്ധയില്‍പ്പെട്ടിരുന്നില്ല.

Signature-ad

പതാക ഉയര്‍ത്തുന്നതിന്റെ വീഡിയോ ചടങ്ങില്‍ പങ്കെടുത്ത ചിലര്‍ പകര്‍ത്തിയിരുന്നു. പതാക ഉയര്‍ത്തിയ ശേഷം സല്യൂട്ട് ചെയ്യാന്‍ പറയുന്നതുവരെയുള്ള ദൃശ്യങ്ങള്‍ വീഡിയോയിലുണ്ട്. ഇത് സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെ വിഷയം വന്‍ ചര്‍ച്ചയായി. ഇതിനു പിന്നാലെ കോണ്‍ഗ്രസ്, മുസ്ലീം ലീഗ്, ബി.ജെ.പി കമ്മിറ്റി ഭാരവാഹികള്‍ പോലീസില്‍ പരാതി നല്‍കുകയും ചെയ്തു. തുടര്‍ന്നാണ് ദേശീയ പതാകയോട് അനാദരവ് കാണിച്ചതിനു കേസെടുത്തത്.

സി.പി.എം പ്രതിനിധിയാണ് സരിത കുന്നത്ത്. ദേശീയ പതാകയെയും ദേശീയ നേതാക്കളെയും അപഹസിക്കുന്ന സി.പി.എം നിലപാടാണ് പതാക തെറ്റായി ഉയര്‍ത്തിയതിലൂടെ പ്രസിഡന്റ് തെളിയിച്ചിരിക്കുന്നതെന്ന് ബി.ജെ.പി നേതൃത്വം അഭിപ്രായപ്പെട്ടു.

Back to top button
error: