SportsTRENDING

30 ഏക്കർ സ്ഥലം വേണം; കൊച്ചിയില്‍ രാജ്യാന്തര ക്രിക്കറ്റ് സ്‌റ്റേഡിയം നിർമ്മിക്കാൻ ഭൂമി അന്വേഷിച്ച് കേരള ക്രിക്കറ്റ് അസോസിയേഷൻ 

കൊച്ചി: കേരള ക്രിക്കറ്റ് അസോസിയേഷന്‍ (കെ.സി.എ.) കൊച്ചിയില്‍ രാജ്യാന്തര ക്രിക്കറ്റ് സ്‌റ്റേഡിയം നിര്‍മിക്കുന്നതിനുവേണ്ടിയുള്ള ശ്രമങ്ങള്‍ വേഗത്തിലാക്കി. സ്‌റ്റേഡിയത്തിനുവേണ്ടി 20 മുതല്‍ 30 ഏക്കര്‍ വരെ സ്ഥലം ഏറ്റെടുക്കുന്നതിന് കഴിഞ്ഞദിവസം പരസ്യം നല്‍കി. സ്ഥലം വാടകയ്‌ക്കോ അല്ലെങ്കില്‍ വിലയ്ക്കു വാങ്ങുവാനോ ആണെന്നാണ് പരസ്യത്തിലുള്ളത്.

കൊച്ചിയിലും പരിസരത്തുമാണ് സ്ഥലമാവശ്യമുള്ളത്. താല്‍പര്യമുള്ളവര്‍ അടുത്തമാസം 28 നുള്ളില്‍ കെ.സി.എയുമായി ബന്ധപ്പെടണമെന്നാണ് അറിയിപ്പ്. കേരളത്തില്‍ നിലവില്‍ തിരുവനന്തപുരം കാര്യവട്ടത്തുമാത്രമാണ് രാജ്യാന്തര നിലവാരമുള്ള ക്രിക്കറ്റ് സ്‌റ്റേഡിയമുള്ളത്. മുമ്പ് കൊച്ചി ജവഹര്‍ലാല്‍ നെഹ്രു സ്‌റ്റേഡിയത്തില്‍ രാജ്യാന്തര ക്രിക്കറ്റ് മത്സരങ്ങള്‍ നടത്തിയിരുന്നു. പക്ഷേ, ഈ സ്‌റ്റേഡിയം പൂര്‍ണമായി ഫുട്‌ബോളിന് വിട്ടുനല്‍കിയതോടെ കെ.സി.എയ്ക്ക് കാര്യവട്ടം സ്‌റ്റേഡിയത്തിലേക്ക് മത്സരങ്ങൾ മാറ്റേണ്ടിവന്നു. അതേസമയം, കൊച്ചിയില്‍ രാജ്യാന്തര ക്രിക്കറ്റ് സ്‌റ്റേഡിയം ഇല്ലാതെ പോയത് കെ.സി.എയ്ക്ക് തിരിച്ചടിയാകുകയും ചെയ്തു. കാര്യവട്ടത്ത് ഇന്ത്യ-ദക്ഷിണാഫ്രിക്ക, ഇന്ത്യ-ശ്രീലങ്ക മത്സരങ്ങള്‍ നടന്നപ്പോഴും പലപ്രശ്‌നങ്ങളും കെ.സി.എയ്ക്ക് അഭിമുഖീകരിക്കേണ്ടിവന്നിരുന്നു.

Signature-ad

ശ്രീലങ്കയുമായുള്ള ഏകദിനമത്സരം കാണാന്‍ കാണികള്‍ തീരെക്കുറഞ്ഞതും അതേച്ചൊല്ലി വിവാദമുയര്‍ന്നതും കെ.സി.എയ്ക്കു ക്ഷീണമായി. ഇതോടെയാണ് കൊച്ചിയിലൊരു സ്‌റ്റേഡിയം വേണമെന്ന ആവശ്യത്തിന് തിടുക്കമേകിയത്. കെ.സി.എ. രണ്ടിടങ്ങളില്‍ സ്ഥലം കണ്ടുവച്ചിട്ടുണ്ട്. നെടുമ്പാശേരി വിമാനത്താവളത്തിനു സമീപം 60 ഏക്കര്‍ സ്ഥലവും കണ്ടെയ്‌നര്‍ റോഡില്‍ 30 ഏക്കറുമാണ് ഇതില്‍പ്പെടുന്നത്. ബി.സി.സി.ഐ. അധ്യക്ഷന്‍ ജയ് ഷാ അടക്കമുള്ളവര്‍ നെടുമ്പാശേരിയിലെ സ്ഥലം നേരിട്ട് സന്ദര്‍ശിച്ചിരുന്നു. രാജ്യാന്തര വിമാനത്താവളത്തിനോട് അടുപ്പമുള്ള സ്ഥലമായതിനാല്‍ ഇതേറെ സൗകര്യമാകുമെന്ന് അന്ന് വിലയിരുത്തിയിരുന്നു. പിന്നീടാണ് കൊച്ചി നഗരത്തിനു സമീപമുള്ള കണ്ടെയ്‌നര്‍ റോഡിന് സമീപമുള്ള സ്ഥലവും ശ്രദ്ധയില്‍പ്പെട്ടത്. ഈ രണ്ടിടങ്ങളും പരിഗണിക്കുമ്പോള്‍ തന്നെയാണ് കൂടുതല്‍ അനുയോജ്യമായ പുതിയ സ്ഥലത്തിന് കെ.സി.എ. താല്‍പ്പര്യം പ്രകടിപ്പിച്ചിരിക്കുന്നത്.

വര്‍ഷങ്ങള്‍ക്കു മുമ്പ് കൊച്ചി നഗരത്തിനുള്ളില്‍ത്തന്നെ സ്ഥലമെടുത്ത് ഗ്രൗണ്ട് പണിയാന്‍ ജി.സി.ഡി.എയുമായി ചേര്‍ന്ന് ശ്രമം നടത്തിയിരുന്നു. പിന്നീടിത് ഉപേക്ഷിക്കുകയായിരുന്നു. ജി.സി.ഡി.എയുടെ ചുമതലയിലുള്ള കലൂര്‍ ജവഹര്‍ ലാല്‍ നെഹ്രു സ്‌റ്റേഡിയം ഇനി ക്രിക്കറ്റ് ആവശ്യങ്ങള്‍ക്ക് വിട്ടുകിട്ടുകയുമില്ല. കാര്യവട്ടത്തെ പ്രതിസന്ധിയും കലൂരിലെ സ്‌റ്റേഡിയം വിട്ടുകിട്ടാത്തതുമാണ് പുതിയൊരു സ്‌റ്റേഡിയമെന്ന ആശയം സാക്ഷാത്കരിക്കാന്‍ കെ.സി.എ.യെ പ്രേരിപ്പിച്ചിരിക്കുന്ന ഘടകങ്ങള്‍.

Back to top button
error: