NEWSWorld

നേപ്പാളിലെ പോഖരയിൽ വിമാനം തകർന്നുവീണുണ്ടായ അപകടത്തിൽ ആരെയും ജീവനോടെ രക്ഷിക്കാനായില്ലെന്നു നേപ്പാൾ സൈന്യം

കഠ്മണ്ഡു: നേപ്പാളിലെ പോഖരയിൽ വിമാനം തകർന്നുവീണുണ്ടായ അപകടത്തിൽ ആരെയും ജീവനോടെ രക്ഷിക്കാനായില്ലെന്നു നേപ്പാൾ സൈന്യം. അപകടസ്ഥലത്ത് ആരെയും ജീവനോടെ കണ്ടെത്താനായില്ലെന്നു സൈനിക വക്താവ് കൃഷ്ണ പ്രസാദ് ഭണ്ഡാരി മാധ്യമങ്ങളോടു പറഞ്ഞു. ഞായറാഴ്ച രാവിലെ നേപ്പാൾ തലസ്ഥാനമായ കഠ്മണ്ഡുവിൽനിന്ന് 68 യാത്രക്കാരും 4 ജീവനക്കാരുമായി ടൂറിസ്റ്റ് കേന്ദ്രമായ പോഖരയ്ക്കു പോയ യതി എയർലൈൻസിന്റെ എടിആർ 72–500 വിമാനമാണു വിമാനത്താവളത്തിനു രണ്ടര കിലോമീറ്റർ അകലെ സെതി നദീതീരത്തു തകർന്നുവീണത്. 5 ഇന്ത്യക്കാരും വിമാനത്തിലുണ്ടായിരുന്നു.

ഇതുവരെ 69 മൃതദേഹങ്ങൾ കണ്ടെടുത്തെങ്കിലും ആരെയും തിരിച്ചറിഞ്ഞിട്ടില്ല. ഇന്നലെ വൈകിട്ടു നിർത്തിയ തിരച്ചിൽ, രാവിലെ പുനരാരംഭിച്ചു. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി ഗണ്ഡകി ആശുപത്രിയിലേക്ക് കൊണ്ടുപോയി. അഭിഷേക് ഖുഷ്‌വാഹ (25), വിശാൽ ശർമ (22), അനിൽകുമാർ രാജ്ബർ (27), സോനു ജയ്സ്വാൾ (35), സഞ്ജയ് ജയ്സ്വാൾ (30) എന്നിവരാണ് ഇന്ത്യക്കാർ. രണ്ടു ദിവസം മുൻപു കഠ്മണ്ഡുവിലെത്തിയ ഇവർ പാരാഗ്ലൈഡിങ്ങിനാണ് പോഖരയിലേക്കു പോയത്. സോനു ജയ്സ്വാൾ യുപി സ്വദേശിയാണ്. യാത്രക്കാരിൽ മറ്റു 10 പേർ കൂടി വിദേശികളാണ്. 3 കുഞ്ഞുങ്ങളും 25 സ്ത്രീകളും യാത്രക്കാരുടെ കൂട്ടത്തിലുണ്ട്.

Signature-ad

അപകടത്തെക്കുറിച്ച് അന്വേഷിക്കാൻ സർക്കാർ അഞ്ചംഗ അന്വേഷണ സമിതിക്ക് രൂപം നൽകിയിട്ടുണ്ട്. മുൻ വ്യോമയാന സെക്രട്ടറി നാഗേന്ദ്ര ഗിമിറെയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തോട് അപകടത്തെക്കുറിച്ച് അന്വേഷിച്ച് 45 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് സർക്കാർ വക്താവും ധനമന്ത്രിയുമായ ബിഷ്ണു പ്രസാദ് പൗഡേൽ പറഞ്ഞു.

30 വർഷത്തിനിടെ നേപ്പാളിലുണ്ടായ ഏറ്റവും വലിയ വിമാനാപകടമാണിത്. രാവിലെ 10.33നു കഠ്മണ്ഡുവിൽനിന്നു പുറപ്പെട്ട വിമാനം 10.58നു പോഖരയിലെത്തേണ്ടതായിരുന്നു. 10.50നു പോഖരയിലെ പുതിയ രാജ്യാന്തര വിമാനത്താവളവുമായി ആശയവിനിമയം നടത്തിയെങ്കിലും തൊട്ടുപിന്നാലെ സെതി നദിയോടു ചേർന്നുള്ള കിടങ്ങിലേക്കു തകർന്നുവീണു കത്തി. കാലാവസ്ഥാ പ്രശ്നങ്ങളുണ്ടായിരുന്നില്ല.

Back to top button
error: