NEWSWorld

നേപ്പാളിൽ തകർന്ന വിമാനം കിങ്ഫിഷർ 2012 വരെ ഉപയോഗിച്ചിരുന്നത് ഇന്ത്യയിൽ; പിന്നീട് തായ്‌ലൻഡിലെ വിമാനക്കമ്പനിയും ഉപയോഗിച്ചിരുന്നു

കഠ്മണ്ഡു: നേപ്പാളിലെ പോഖരയിൽ ലാൻഡിങ്ങിനു മിനിറ്റുകൾ മുൻപു തകർന്നുവീണ് അപകടം സൃഷ്ടിച്ച വിമാനം 2012 വരെ ഉപയോഗിച്ചിരുന്നത് ഇന്ത്യയിൽ. ഇന്ത്യയിൽ കിങ്ഫിഷർ എയർലൈൻസ് ഉപയോഗിച്ചിരുന്ന വിമാനം പിന്നീട് തായ്‌ലൻഡിലെ ഒരു വിമാനക്കമ്പനിയും ഉപയോഗിച്ചിരുന്നു. 2019ലാണ് യതി എയർലൈൻസ് വാങ്ങിയത്. അറ്റകുറ്റപ്പണികൾക്കായി കുറച്ചുകാലം പറക്കാതെയിട്ടിരുന്നതായും വിവരമുണ്ട്.

15 വർഷം പഴക്കമുള്ള വിമാനത്തിനു യന്ത്രത്തകരാറുണ്ടായെന്നാണു പ്രാഥമിക വിവരമെങ്കിലും സ്ഥിരീകരിച്ചിട്ടില്ലെന്നു യതി എയർലൈൻസ് വക്താവ് അറിയിച്ചു. അന്വേഷണത്തിനു നേപ്പാൾ സർക്കാർ അഞ്ചംഗ സമിതിയെ നിയോഗിച്ചു. അപകട സ്ഥലത്തേക്ക് എത്തിപ്പെടാനുള്ള പ്രയാസം രക്ഷാപ്രവർത്തനത്തെ ബാധിച്ചു. നാട്ടുകാർ വടം കെട്ടിയും മറ്റുമിറങ്ങിയാണ് രക്ഷാപ്രവർത്തനം തുടങ്ങിയത്.

നേപ്പാൾ തലസ്ഥാനമായ കഠ്മണ്ഡുവിൽനിന്ന് 68 യാത്രക്കാരും 4 ജീവനക്കാരുമായി ടൂറിസ്റ്റ് കേന്ദ്രമായ പോഖരയ്ക്കു പോയ യതി എയർലൈൻസിന്റെ എടിആർ 72–500 വിമാനമാണു വിമാനത്താവളത്തിനു രണ്ടര കിലോമീറ്റർ അകലെ സെതി നദീതീരത്തു തകർന്നു വീണത്. 5 ഇന്ത്യക്കാരും വിമാനത്തിലുണ്ടായിരുന്നു. വൈകിട്ടു തിരച്ചിൽ നിർത്തുന്നതുവരെ 69 മൃതദേഹങ്ങൾ കണ്ടെടുത്തെങ്കിലും ആരെയും തിരിച്ചറിഞ്ഞിട്ടില്ല.

വിമാനത്തിലുണ്ടായിരുന്നവർ രക്ഷപ്പെടാനുള്ള സാധ്യത കുറവാണെന്ന് നേപ്പാൾ സിവിൽ ഏവിയേഷൻ അറിയിച്ചു. അപകടസ്ഥലത്തുനിന്ന് 2 നേപ്പാൾ സ്വദേശികളെ പരുക്കുകളോടെ ആശുപത്രിയിലെത്തിച്ചതായി വിവരമുണ്ടെങ്കിലും ഇവർ വിമാന യാത്രികരാണോയെന്നു വ്യക്തമല്ല. 30 വർഷത്തിനിടെ നേപ്പാളിലുണ്ടായ ഏറ്റവും വലിയ വിമാനാപകടമാണിത്. രാവിലെ 10.33നു കഠ്മണ്ഡുവിൽനിന്നു പുറപ്പെട്ട വിമാനം 10.58നു പോഖരയിലെത്തേണ്ടതായിരുന്നു. 10.50നു പോഖരയിലെ പുതിയ രാജ്യാന്തര വിമാനത്താവളവുമായി ആശയവിനിമയം നടത്തിയെങ്കിലും തൊട്ടുപിന്നാലെ സെതി നദിയോടു ചേർന്നുള്ള കിടങ്ങിലേക്കു തകർന്നുവീണു കത്തി. കാലാവസ്ഥാ പ്രശ്നങ്ങളുണ്ടായിരുന്നില്ല.

Back to top button
error: