ന്യൂഡല്‍ഹി: അടുത്ത മാസം തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ത്രിപുരയില്‍ കോണ്‍ഗ്രസും സി.പി.എമ്മും ധാരണയിലെത്തുന്നു. സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഞായറാഴ്ച ത്രിപുരയുടെ ചുമതലയുള്ള കോണ്‍ഗ്രസ് നേതാവ് അജോയ് കുമാറുമായി ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തി. കോണ്‍ഗ്രസും സി.പി.എമ്മും മറ്റ് ഇടതുപാര്‍ട്ടികളും മത്സരിക്കുന്ന സീറ്റുകള്‍ കണ്ടെത്താനും സീറ്റ് വിഭജനം അന്തിമമാക്കാനും ഇരുപാര്‍ട്ടികളിലെയും നേതാക്കളുടെ കമ്മിറ്റി രൂപീകരിക്കുമെന്ന് വൃത്തങ്ങള്‍ അറിയിച്ചു.
തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ അഗര്‍ത്തലയില്‍ ചേരുന്ന സി.പി.എമ്മിന്റെ ത്രിപുര സംസ്ഥാന കമ്മിറ്റി യോഗം സഖ്യത്തിന് അന്തിമ അനുമതി നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ടിപ്ര മോത പാര്‍ട്ടിയുടെ ചെയര്‍പേഴ്സണ്‍ പ്രദ്യോത് മാണിക്യ ദേബ്ബര്‍മന്‍ തന്റെ പാര്‍ട്ടിക്ക് സ്വാധീനമുള്ള ആദിവാസി മേഖലകളില്‍ തെരഞ്ഞെടുപ്പ് ധാരണയ്ക്കായി കോണ്‍ഗ്രസ് നേതൃത്വവുമായി ചര്‍ച്ചകള്‍ നടത്തുന്നതിനിടെയാണ് യെച്ചൂരിയും അജോയ് കുമാറും കൂടിക്കാഴ്ച നടത്തിയത്.
എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി വധേരയുമായി പ്രദ്യോത് നേരിട്ട് ബന്ധപ്പെട്ടതായും സൂചനയുണ്ട്. ബി.ജെ.പി വിരുദ്ധ വോട്ടുകള്‍ ഭിന്നിക്കാതിരിക്കാനാണ് സി.പി.എം ഉള്‍പ്പടെയുള്ള ഇടത് പാര്‍ട്ടികളുമായി സഖ്യത്തില്‍ മത്സരിക്കുന്നത് എന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ അറിയിച്ചു.