ഫുഡ് ഡെലിവെറി സർവീസുകൾ ഇന്ന് നമ്മുടെ ജീവിതത്തിൻറെ ഭാഗമായി തന്നെ മാറിയിട്ടുണ്ട്.പ്രത്യേകിച്ച് നഗരപ്രദേശങ്ങളിലാണ് ഫുഡ് ഡെലിവെറി ആപ്പുകൾ കാര്യമായും പ്രവർത്തിക്കുന്നത്. ജോലിത്തിരക്കുകൾക്കിടയിൽ പലപ്പോഴും പാചകം ചെയ്ത് കഴിക്കാനോ പുറത്തുപോയി കഴിക്കാനോ കഴിയാതിരിക്കുന്ന സാഹചര്യങ്ങളിൽ ഒരു ആശ്രയമെന്നോണം എത്രയോ പേരാണ് ദിനംപ്രതി ഫുഡ് ഡെലിവെറി ആപ്പുകളെ ആശ്രയിക്കുന്നത്. സ്വിഗ്ഗി, സൊമാറ്റോ എന്നീ ആപ്പുകളാണ് ഇന്ത്യയിൽ ഏറെ സജീവമായി ഇന്ന് മുന്നോട്ട് പോകുന്നത്. കഴിഞ്ഞ വർഷങ്ങളിലെല്ലാം ഇന്ത്യയിൽ ഏറ്റവുമധികം ഓർഡർ ചെയ്യപ്പെടുന്ന വിഭവങ്ങളെ കുറിച്ച് വർഷാന്ത്യത്തിൽ സ്വിഗ്ഗി ഒരു റിപ്പോർട്ട് പുറത്തുവിടാറുണ്ട്. ഇക്കുറിയും ഈ റിപ്പോർട്ട് വന്നിരിക്കുകയാണ്.
ഇന്ത്യയിൽ തുടർച്ചയായി ഏഴാം വർഷവും ഏറ്റവുമധികം ഓൺലൈനായി ഓർഡർ ചെയ്യപ്പെടുന്ന വിഭവമായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത് ചിക്കൻ ബിരിയാണി തന്നെയാണ്. രാജ്യത്ത് ഓരോ സെക്കൻഡിലും രണ്ട് ബിരിയാണി എന്ന കണക്കിലെങ്കിലും ഓർഡർ പോകുന്നതായാണ് സ്വിഗ്ഗി ചൂണ്ടിക്കാട്ടുന്നത്. അതായത്, മിനുറ്റിൽ 137 ബിരിയാണി എന്നതാണ് കണക്ക്. ചിക്കൻ ബിരിയാണി കഴിഞ്ഞാൽ പിന്നെ മസാലദോശയാണ് ഇന്ത്യയിൽ സ്വിഗ്ഗി വഴി ഏറ്റവുമധികം ഓർഡർ ചെയ്യപ്പെട്ട വിഭവമത്രേ. മസാലദോശയ്ക്ക് പിന്നാലെ ചിക്കൻ ഫ്രൈഡ് റൈസ്, പനീർ ബട്ടർ മസാല, ബട്ടർ നാൻ എന്നിവയും സ്ഥാനം പിടിച്ചിരിക്കുന്നു.
രാജ്യത്തിന് പുറത്തുള്ള രുചിവൈവിധ്യങ്ങളോടും ഏറെ പേർ ഈ വർഷം ഇഷ്ടം കൂടുതലായി കാണിച്ചിരിക്കുന്നുവെന്ന് റിപ്പോർട്ട് പറയുന്നു. ഇതിന് തെളിവാണ് സുഷി, മെക്സിക്കൻ ബൗൾസ്, കൊറിയൻ റാമൻ, ഇറ്റാലിയൻ പാസ്ത, പിസ എന്നിയ്ക്കെല്ലാം കിട്ടിയിട്ടുള്ള ഓർഡറുകളെന്ന് റിപ്പോർട്ട് പറയുന്നു. പാതിരാത്രിയുള്ള ഓർഡറുകൾ അധികവും പോപ്കോണിന് വേണ്ടിയുള്ളതാണത്രേ. ഡിസേർട്ടുകളിൽ ഏറ്റവും പ്രിയം വന്നിട്ടുള്ളത് ഗുലാബ് ജാമുനാണ്. സ്നാക്കുകലിലാണെങ്കിൽ മുന്നിൽ സമൂസ. ഇന്ത്യക്കാർക്ക് സ്വദേശി ഭക്ഷണത്തോടാണ് കൂടുതല്‍ താല്‍പ്പര്യമെന്ന് ലഘുഭക്ഷണ ഓഡറുകള്‍ സൂചിപ്പിക്കുന്നു.
ഈ വർഷം ഗ്രോസറി ഡെലിവറി പ്ലാറ്റ്‌ഫോമിൽ ഉപയോക്താക്കൾ ഓർഗാനിക് പഴങ്ങളും പച്ചക്കറികളും തിരഞ്ഞെടുക്കുന്നതിനൊപ്പം വൃത്തിയുള്ള ഭക്ഷണം ഓഡര്‍ ചെയ്യുന്നതായി സ്വിഗ്ഗി പറയുന്നു. 50 ലക്ഷത്തിലധികം കിലോഗ്രാം ജൈവ പഴങ്ങളും പച്ചക്കറികളും ആപ്പിൽ വിറ്റു. ആരോഗ്യകരമായ ഭക്ഷണം കഴിക്കുന്നവരിൽ ഭൂരിഭാഗവും ബാംഗ്ലൂർ, മുംബൈ, ഹൈദരാബാദ് തുടങ്ങിയ നഗരങ്ങളിൽ നിന്നാണ്.