CrimeNEWS

ഭക്ഷണത്തില്‍ രാസവസ്തു ചേര്‍ത്ത് കൊലപ്പെടുത്താന്‍ ശ്രമം; സരിതയുടെ പരാതിയില്‍ അന്വേഷണം

തിരുവനന്തപുരം: സോളര്‍ കേസിലെ പ്രതി സരിത എസ്.നായരെ ഭക്ഷണത്തില്‍ പലതവണയായി രാസവസ്തു ചേര്‍ത്ത് കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന പരാതിയില്‍ ക്രൈംബ്രാഞ്ച് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മുന്‍ ഡ്രൈവര്‍ വിനു കുമാറാണ് രാസവസ്തു കലര്‍ത്തിയതെന്നാണ് പരാതിയില്‍ പറയുന്നത്. നാലുമാസത്തെ പ്രാഥമിക അന്വേഷണത്തിനു ശേഷമാണ് ക്രൈംബ്രാഞ്ച് കേസെടുത്തത്. രാസവസ്തു കഴിച്ചതിനെ തുടര്‍ന്ന് ഗുരുതരമായ ശാരീരിക പ്രശ്‌നങ്ങള്‍ ഉണ്ടായ സരിതയുടെ ഇടതു കണ്ണിന്റെ കാഴ്ച കുറഞ്ഞു. ഇടതു കാലിനും സ്വാധീനക്കുറവുണ്ട്.

പരാതിക്കാരിയെ ചതിയിലൂടെ കൊലപ്പെടുത്തി സാമ്പത്തിക ലാഭം ഉണ്ടാക്കുകയെന്ന ഉദ്ദേശ്യത്തോടെ സരിത നല്‍കിയ പീഡനപരാതിയിലെ പ്രതികളുമായിവിനു കുമാര്‍ ഗൂഢാലോചന നടത്തിയതായി എഫ്‌ഐആറില്‍ പറയുന്നു. രോഗം ബാധിച്ചതിനെത്തുടര്‍ന്ന് ചികില്‍സ തേടിയപ്പോഴാണ് വിവരം പുറത്തറിഞ്ഞതെന്ന് സരിത പറഞ്ഞു.

Signature-ad

രക്തത്തില്‍ അമിത അളവില്‍ ആഴ്‌സനിക്, മെര്‍ക്കുറി, ലെഡ് എന്നിവയുടെ സാന്നിധ്യം കണ്ടെത്തി. 2018 മുതല്‍ കൊലപാതകശ്രമം ആരംഭിച്ചതായി സരിത പറയുന്നു. ശാരീരിക ബുദ്ധിമുട്ടുകള്‍ നേരിട്ടപ്പോള്‍ വിഷ വസ്തുവിന്റെ സാന്നിധ്യം സംശയിച്ചിരുന്നു. എന്നാല്‍, ആരാണെന്ന് തിരിച്ചറിയാന്‍ കഴിയാത്തതിനാല്‍ പരാതി നല്‍കിയില്ല. 2022 ജനുവരി 3 ന് യാത്രയ്ക്കിടെ കരമനയിലെ ഒരു ജൂസ് കടയില്‍ വച്ചാണ് വിനു കുമാറാണ് രാസവസ്തു കലര്‍ത്തിയതെന്നു മനസിലായത്. ജൂസ് കുടിക്കാതെ കളഞ്ഞു. കുടിച്ച ഗ്ലാസ് എവിടെയെന്നു ചോദിച്ച് വിനു കുമാര്‍ ബഹളമുണ്ടാക്കിയപ്പോള്‍ പിറ്റേന്നു മുതല്‍ ജോലിക്കു വരേണ്ടെന്ന് വിനു കുമാറിനോട് പറഞ്ഞു. ഡോക്ടര്‍മാരുടെ അഭിപ്രായവും മെഡിക്കല്‍ റിസള്‍ട്ടും കിട്ടിയശേഷമാണ് സരിത ക്രൈംബ്രാഞ്ചിനു പരാതി നല്‍കിയത്.

 

 

 

Back to top button
error: