ന്യൂഡല്‍ഹി: ചരിത്രപ്രസിദ്ധമായ ജമാ മസ്ജിദില്‍ പെണ്‍കുട്ടികള്‍ക്ക് പ്രവേശനവിലക്കേര്‍പ്പെടുത്തിയത് വിവാദമായതോടെ പിന്‍വലിച്ചു. പെണ്‍കുട്ടികള്‍ ഒറ്റയ്‌ക്കോ സംഘമായോ എത്തുന്നത് വിലക്കി കഴിഞ്ഞദിവസമാണ് മസ്ജിദ് അധികൃതര്‍ പ്രധാനകവാടങ്ങളില്‍ നോട്ടീസ് പതിച്ചത്.
വിവാദമായതോടെ പ്രാര്‍ഥിക്കാന്‍ വരുന്നവര്‍ക്ക് നിയന്ത്രണം ബാധകമാവില്ലെന്ന് അധികൃതര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍, സംഭവത്തില്‍ ദേശീയ വനിതാ കമ്മിഷനും ഡല്‍ഹി വനിതാ കമ്മിഷനും ഇടപെട്ടു. വിശദീകരണമാവശ്യപ്പെട്ട് ഡല്‍ഹി വനിതാ കമ്മിഷന്‍ ജമാ മസ്ജിദ് ഇമാമിന് നോട്ടീസയച്ചു. വിവാദം മൂര്‍ച്ഛിക്കുന്നതിനിടെ ഡല്‍ഹി ലെഫ്. ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന ഇടപെട്ടതോടെയാണ് വിലക്കുനീക്കാന്‍ അധികൃതര്‍ തയ്യാറായത്. ലെഫ്. ഗവര്‍ണറുടെ അഭ്യര്‍ഥന മാനിച്ച് നിയന്ത്രണം പിന്‍വലിക്കാമെന്ന് സമ്മതിച്ചതായി രാജ് നിവാസ് വൃത്തങ്ങള്‍ അറിയിച്ചു.
ജമാ മസ്ജിദ് ആരാധനാകേന്ദ്രമാണെന്നും പ്രാര്‍ഥിക്കാനെത്തുന്നവരെ സ്വാഗതംചെയ്യുന്നെന്നും ഇമാം സെയ്ദ് അഹ്‌മദ് ബുഖാരി പറഞ്ഞു. എന്നാല്‍, പല പെണ്‍കുട്ടികളും ഒറ്റയ്ക്കുവന്നു പങ്കാളികളെ കാത്തിരിക്കുകയും മറ്റുമാണ്. ആരാധനാകേന്ദ്രം അതിനുള്ള സ്ഥലമല്ല. അതു തടയാനായിരുന്നു നിയന്ത്രണം കൊണ്ടുവന്നത്. പെണ്‍കുട്ടികള്‍ക്കോ യുവതികള്‍ക്കോ പ്രാര്‍ഥിക്കാന്‍ വരുന്നതിന് തടസ്സമില്ല. മുഗള്‍ഭരണകാലത്ത് പണികഴിപ്പിച്ച ജമാ മസ്ജിദ് രാജ്യ തലസ്ഥാനത്തെ പ്രധാന ആകര്‍ഷണമാണ്.