IndiaNEWS

ഗിനിയിൽ തടവിലായ സംഘത്തിന്‍റെ മോചനത്തിന് ഇടപെടണം; വിദേശകാര്യ മന്ത്രാലയത്തിന് കത്ത് നൽകി സിപിഎം എംപിമാർ

ദില്ലി: സമുദ്രാതിർത്തി ലംഘിച്ചതിന് എക്വറ്റോറിയൽ ഗിനിയിൽ തടവിലാക്കപ്പെട്ടവരെ മോചനത്തിന് സർക്കാർ ഇടപെടണമെന്ന ആവശ്യം ശക്തമാകുന്നു. കപ്പൽ ജീവനക്കാരെ നൈജീരിയക്ക് കൈമാറുന്നതിന് മുൻപ് മോചിപ്പിക്കണമെന്നാണ് ആവശ്യം. ഇടപെടൽ ആവശ്യപ്പെട്ട് വിദേശകാര്യ മന്ത്രാലയത്തിന് സിപിഎം എംപിമാർ കത്ത് നൽകി. എംപിമാരായ വി ശിവദാസൻ, എ എ റഹീം എന്നിവരാണ് കത്തയച്ചത്. ഇന്ത്യക്കാരായ ജീവനക്കാരുടെ മോചനത്തിനായി ഇടപെടുമെന്ന് തമിഴ്നാട് മന്ത്രി ജിങ്കി മസ്താനും ട്വീറ്റ് ചെയ്തു. ബന്ദികൾ ആക്കപ്പെട്ട 16 ഇന്ത്യക്കാരിൽ തമിഴ്നാട് സ്വദേശികളുമുണ്ട്.

അതേസമയം, തടവിലായ ഇന്ത്യക്കാരെ ബലമായി അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിലാണ് നൈജീരിയ. മലയാളികളടക്കം ജീവനക്കാരുള്ള കപ്പലിന് സമീപം നൈജീരിയൻ നാവികസേന നിലയുറപ്പിച്ചിരിക്കുകയാണ്. ആശയവിനിമയം എത്ര സമയം സാധ്യമാകുമെന്ന ആശങ്കയുണ്ടെന്നും അടിയന്തര സഹായം വേണമെന്നും കപ്പലിലെ മലയാളികൾ പറഞ്ഞു.  മൂന്ന് മലയാളികൾ ഉൾപ്പെടെ പതിനാറ് ഇന്ത്യക്കാരുള്ള കപ്പൽ ഏത് സമയത്തും നൈജീരിയൻ നാവികസേന പിടിച്ചെടുക്കുമെന്നതാണ് സാഹചര്യം. എക്വിറ്റോറിയൽ ഗിനിയും കപ്പലിലെ ജീവനക്കാരെ നൈജീരിയക്ക് കൈമാറാൻ ശ്രമിക്കുകയാണ്. ചരക്ക് കപ്പലിന് സാങ്കേതിക തകരാറാണെന്ന കാരണം പറഞ്ഞ് നീക്കം വൈകിപ്പിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും ബലം പ്രയോഗിച്ച്  അറസ്റ്റ് ചെയ്യാൻ സാധ്യതയുണ്ടെന്നാണ്  ജീവനക്കാർ പറയുന്നത്.

Signature-ad

എംബസി വഴി ഇടപെടുന്നുണ്ടെന്നാണ് വിദേശകാര്യ മന്ത്രാലയത്തിന്‍റെ പ്രതികരണം. എന്നാൽ കപ്പൽ ജീവനക്കാരുടെ മോചനത്തിനുള്ള വഴി ഇനിയും സാധ്യമായിട്ടില്ല. നൈജീരിയൻ നാവികസേന അറസ്റ്റ് ചെയ്താൽ വലിയ അപകടത്തിലേക്ക് കാര്യങ്ങൾ പോകുമെന്നാണ് കപ്പൽ ജീവനക്കാരുടെ ആശങ്ക. മലയാളികൾ ഉൾപ്പെടെയുള്ള പലർക്കും പല തവണ ടൈഫോയിഡും മലേറിയയും ബാധിച്ചിട്ടുണ്ട്.  ഇക്കഴിഞ്ഞ ഓഗസ്റ്റിലാണ് നൈജീരിയയുടെ സമുദ്രാതിർത്തി ലംഘിച്ചെന്ന പേരിൽ ആഫ്രിക്കൻ രാജ്യമായ എക്വിറ്റോറിയൽ ഗിനി കപ്പൽ ജീവനക്കാരെ അറസ്റ്റ് ചെയ്തതത്. കമ്പനി പിഴയടച്ചെങ്കിലും ജീവനക്കാരെ വിടാതെ നൈജീരയക്ക് കൈമാറാനായിരുന്നു എക്വറ്റോറിയൽ ഗിനിയുടെ തീരുമാനം. സ്ത്രീധനപ്രശ്നത്തെ തുടർന്ന് ആത്മഹത്യ ചെയ്ത വിസ്മയയുടെ സഹോദരൻ വിജിത്ത് ഉൾപ്പെടെ മൂന്ന് മലയാളികളാണ് കപ്പലിലുള്ളത്.

Back to top button
error: