കറാച്ചി: ശമ്പളം വരുന്നതും കാത്തിരുന്ന പൊലീസുകാരന്റെ ബാങ്ക് അക്കൗണ്ടിലെത്തിയത് ഒന്നിച്ച് 10 കോടി രൂപ. പാകിസ്ഥാനിലെ കറാച്ചിയിലാണ് സംഭവം. അജ്ഞാത ഉറവിടത്തിൽ നിന്നാണ് പണമെത്തിയത്. ശമ്പളമുൾപ്പടെ 10 കോടി രൂപ എങ്ങനെ തന്റെ അക്കൗണ്ടിലെത്തിയെന്നറിയാതെ അന്തംവിട്ടിരിക്കുകയാണ് ബഹാദൂർബാദ് സ്റ്റേഷനിലെ പൊലീസുകാരനായ ആമിർ ഗോപാങ്ക്.
“വിവരമറിഞ്ഞ് ഞാനാകെ ഞെട്ടിപ്പോയി. ഇത്രയധികം പണം ഞാനിതുവരെ കണ്ടിട്ടുപോലുമില്ല. ആയിരങ്ങളല്ലാതെ കൂടിയ തുക എന്റെ അക്കൗണ്ടിൽ ഉണ്ടാകാറുമില്ല”. അദ്ദേഹം പറയുന്നു. ബാങ്കിൽ നിന്ന് വിളിച്ചു പറഞ്ഞപ്പോഴാണ് 10 കോടി രൂപ തന്റെ അക്കൗണ്ടിലെത്തിയെന്ന വിവരം അറിഞ്ഞതെന്നും ആമിർ ഗോപാങ്ക് പറയുന്നു. ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു. എടിഎം കാർഡ് ബ്ലോക്ക് ചെയ്തു. ബാങ്ക് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ലർക്കാനയിലും സുക്കൂറിലും സമാന രീതിയിൽ പൊലീസുകാരുടെ അക്കൗണ്ടിലേക്ക് കോടികൾ എത്തിയതായി റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്. ലർക്കാനയിൽ മൂന്ന് പൊലീസുകാരുടെ അക്കൗണ്ടിലേക്ക് 50 കോടി രൂപ വീതം എത്തി. സുക്കൂറിലും ഒരു പൊലീസുകാരന് ഇത്രയധികം തുക കിട്ടി. വിവരം അന്വേഷിക്കുന്നുണ്ടെന്ന് ലുർക്കാന പൊലീസ് പ്രതികരിച്ചു. എങ്ങനെ പണമെത്തിയെന്ന് അറിയില്ലെന്നാണ് ഈ പൊലീസുകാരെല്ലാം പറയുന്നതെന്നാണ് ഉന്നത ഉദ്യോഗസ്ഥർ അറിയിച്ചത്.