KeralaNEWS

ബൈജൂസ് കേരളത്തിലെ പ്രവര്‍ത്തനം നിര്‍ത്തുന്നു; രാജി നല്‍കാന്‍ ജീവനക്കാര്‍ക്കു നിര്‍ദേശം

തിരുവനന്തപുരം: രാജ്യത്തെ പ്രമുഖ വിദ്യാഭ്യാസ ആപ്പ് കമ്പനി ആയ ‘ബൈജൂസ് തിങ്ക് ആന്‍ഡ് ലേണ്‍’ കേരളത്തിലെ പ്രവര്‍ത്തനം അവസാനിപ്പിക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. കമ്പനിയുടെ കേരളത്തിലെ ഏക ഡവലപ്മെന്റ് കേന്ദ്രത്തില്‍നിന്ന് ജീവനക്കാരെ പിരിച്ചുവിട്ടു തുടങ്ങി.

ടെക്നോപാര്‍ക്കിലെ കാര്‍ണിവല്‍ ബില്‍ഡിങ്ങിലാണ് ബൈജൂസ് ഡെവലപ്മെന്റ് സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. 170 ലേറെ ജീവനക്കാരാണ് ഇവിടെയുള്ളത്. രാജി നല്‍കാന്‍ ഇവരില്‍ കമ്പനി സമ്മര്‍ദം ചെലുത്തുന്നതായാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

Signature-ad

ബൈജൂസിലെ ജീവനക്കാരുടെ പ്രശ്നങ്ങള്‍ ഉന്നയിച്ച് ടെക്നോപാര്‍ക്കിലെ തൊഴിലാളി കൂട്ടായ്മയായ പ്രതിധ്വനിയുടെ പ്രതിനിധികള്‍ തൊഴില്‍ മന്ത്രി വി ശിവന്‍കുട്ടിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രശ്നങ്ങള്‍ സര്‍ക്കാര്‍ ഇടപെട്ടിട്ടുണ്ട്. ബൈജൂസിലെ ജീവനക്കാരുമായും പ്രതിധ്വനി പ്രതിനിധികളുമായും ഇന്നലെ ലേബര്‍ കമ്മിഷണര്‍ ചര്‍ച്ച നടത്തി. അടുത്ത ഘട്ടമമെന്ന നിലയില്‍ കമ്പനി മാനേജ്മെന്റുമായി സംസാരിക്കുമെന്ന് ഉന്നത വൃത്തങ്ങള്‍ അറിയിച്ചു. കമ്പനിക്കു തൊഴില്‍ വകുപ്പ് നോട്ടീസ് നല്‍കിയിട്ടുണ്ട്.

രാജ്യത്തെല്ലായിടത്തുനിന്നുമായി 2500 ജീവനക്കാരെ പിരിച്ചുവിടാനാണ് ബൈജൂസ് ഒരുങ്ങുന്നത് എന്നാണ് സൂചന. ആപ്പില്‍നിന്നു മാറി ഓഫ്ലൈന്‍ ട്യൂഷനില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ബൈജൂസിന്റെ പരിപാടി. ഇതിനായി അധ്യാപകരെ നിയമിച്ചുവരികയാണ്. അതേസമയം, നോട്ടീസ് പോലും ഇല്ലാതെ ആപ്പ് ഡെവലപ്മെന്റ് ജീവനക്കാരെ പിരിച്ചുവിടുകയാണെന്ന് ഐടി രംഗത്തുള്ളവര്‍ പറയുന്നു.

നഷ്ടപരിഹാരമായി മൂന്നു മാസത്തെ ശമ്പളം ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങളാണ് ജീവനക്കാര്‍ ആവശ്യപ്പെടുന്നത്. അഞ്ചു ശതമാനം ജീവനക്കാരെ കുറയ്ക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും അതിന്റെ ഭാഗമായാണ് ചിലരോട് രാജി ആവശ്യപ്പെട്ടിട്ടുള്ളതെന്നും ബൈജൂസ് വക്താവ് പ്രതികരിച്ചു. തിരുവനന്തപുരം കേന്ദ്രം നിര്‍ത്തുമ്പോള്‍ ജീവനക്കാര്‍ക്കു ബംഗളൂരുവിലേക്കു മാറാനുള്ള ഓപ്ഷന്‍ നല്‍കിയിട്ടുണ്ടെന്നും വക്താവ് അറിയിച്ചു.

 

Back to top button
error: