‘പടവെട്ട്’ വിജയത്തിലേക്ക് കുതിക്കുമ്പോൾ സംവിധായകന്‍ ലിജു കൃഷ്ണയ്ക്ക് അതൊരു മധുര പ്രതികാരം കൂടിയാണ്. തന്നെ ഇല്ലായ്മ ചെയ്യാൻ കച്ചകെട്ടി ഇറങ്ങിയ നടി ഗീതു മോഹന്‍ദാസിനോടുള്ള പ്രതികാരം. ഗുരുതര ആരോപണങ്ങളാണ് നടിക്കെതിരെ ലിജു ഉന്നയിച്ചിരിക്കുന്നത്. ഗീതു മോഹൻദാസ് തന്നെ മാനസികമായി വേട്ടയാടുന്നു എന്ന് ‘പടവെട്ട്’ റിലീസിനോടനുബന്ധിച്ച് നടത്തിയ മാധ്യമസമ്മേളനത്തിൽ ലിജു ആരോപിച്ചു. പടവെട്ട് സിനിമക്കെതിരെ ഗീതു മോഹൻദാസ് നിരന്തരം മോശം പ്രചാരണം നടത്തിയെന്നും തനിക്കെതിരെ ഉയര്‍ന്ന പീഡന പരാതിക്ക് പിന്നില്‍ ഗീതു മോഹന്‍ദാസ് ആണെന്നുമാണ് ലിജു കൃഷ്ണ ആരോപിക്കുന്നത്. ഇത് സംബന്ധിച്ച് ഗീതു മോഹന്‍ദാസിനെതിരെ എല്ലാ സംഘടനകള്‍ക്കും പരാതി നല്‍കിയിട്ടുണ്ട്. ഡബ്ല്യൂ.സി.സിയുടെ അധികാരം ഗീതു മോഹന്‍ദാസ് ദുരുപയോഗം ചെയ്തു എന്നും ലിജു കൃഷ്ണ ചൂണ്ടിക്കാട്ടി.
‘പടവെട്ട്’ സിനിമയുടെ കഥ കേട്ടപ്പോള്‍ ഗീതു ചില മാറ്റങ്ങള്‍ ആവശ്യപ്പെട്ടുവെന്നും എന്നാല്‍ ഇത് അംഗീകരിക്കാതെ വന്നതോടെ അവര്‍ക്ക് വൈരാഗ്യമുണ്ടായതായും അക്കാരണത്താലാണ് തന്നെ ദ്രോഹിക്കുന്നതെന്നും ലിജു കൃഷ്ണ പറയുന്നു.
”കൊച്ചിയിലെ ഹോട്ടലിൽ വച്ച് നടന്ന ഒരു ബർത്ത്ഡേ പാർട്ടിയിൽ ഞാനും അവരും പങ്കെടുത്തിരുന്നു, കുറച്ചു സിനിമാപ്രവർത്തകരും ഉണ്ടായിരുന്നു. ആകസ്മികയാണ് ആ പാർട്ടിയിൽ വച്ച് അവരെ കാണുന്നത്. അന്ന് പുറത്ത് മഴ പെയ്യുന്നുണ്ടായിരുന്നു, മഴയുള്ളതുകൊണ്ട് ഞങ്ങൾ എല്ലാവരും റൂമിലാണ് ഇരുന്നത്. കുറെ നേരം കഴിഞ്ഞ് അവർ എന്നോടു വന്ന് സംസാരിച്ചു. ‘മഴ നനയാൻ താൽപര്യമുണ്ടോ’ എന്ന് ചോദിച്ചു.
‘മഴ നനയാൻ ഇഷ്ടമാണെ’ന്ന് ഞാനും പറഞ്ഞു. അവർക്കെന്നോട് എന്തോ സംസാരിക്കാനുണ്ടെന്നും ബാൽക്കണിയിലേക്ക് പോകാമെന്നും പറഞ്ഞു. അരമണിക്കൂറിലേറെ അവർ എന്നോട് സംസാരിച്ചു. സംസാരം തുടങ്ങിയപ്പോൾത്തന്നെ അതിലെ ദുസ്സൂചനകൾ എനിക്കു മനസ്സിലായി. അവർ മദ്യലഹരിയിൽ ആയിരുന്നു. ‘നീ ഇതു പുറത്ത് പറയാൻ പാടില്ല’ എന്ന് അവർ പറഞ്ഞു. ഞാൻ ചിരിച്ചുകൊണ്ട് പറഞ്ഞു, ‘ഞാൻ ഇത് പുറത്തു പറയും. നിങ്ങൾ എനിക്ക് ചെയ്ത ദ്രോഹങ്ങൾ ഞാൻ സമൂഹം അറിയട്ടെ…’
പെട്ടെന്ന് അവരുടെ സ്വരം മാറി: ‘നിന്നെപ്പോലെ ഒരാളെ മുന്നോട്ടുപോകാൻ കഴിയാതാക്കാൻ എനിക്കു സാധിക്കും’ അവർ ഭീക്ഷണി മുഴക്കി. ഞാൻ ചെയ്തുകൊണ്ടിരിക്കുന്ന സിനിമ നടക്കും എന്ന കോൺഫിഡൻസ് എനിക്കുണ്ടായിരുന്നു. അവർ പറയുന്നതെല്ലാം ഞാൻ പുഞ്ചിരിയോടെയാണ് കേട്ടത്. ഈ സന്ദർഭം കണ്ടുകൊണ്ടു നിന്ന ഒരുപാട് ആളുകൾ ഉണ്ടായിരുന്നു. പക്ഷേ ഞങ്ങൾ സംസാരിച്ചത് അവരൊന്നും കേട്ടിട്ടുണ്ടാവില്ല. ഞങ്ങൾ മഴയത്ത് ഇരുന്നാണ് സംസാരിച്ചത്.
പിന്നീട് കോവിഡ് തരംഗം മാറിയപ്പോൾ വീണ്ടും സിനിമ ഷൂട്ടിങ്ങിലേക്ക് കടന്നു. ആ സമയത്ത് ജീവിതത്തിൽ നടന്ന ചില അപ്രതീക്ഷിത സംഭവങ്ങൾ എല്ലാവർക്കും അറിവുള്ളതായിരിക്കും. ഷൂട്ടിങ്ങിന്റെ അവസാന ദിവസങ്ങളിൽ എന്നെ പൊലീസ് ലൊക്കേഷനിൽനിന്നു കൊണ്ടുപോവുകയുണ്ടായി. ആ സംഭവം നിയമത്തിന്റെ പരിഗണനയിലായതുകൊണ്ട് അതിനെക്കുറിച്ച് സംസാരിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല.
പക്ഷേ പിന്നീട് വേറെയും ചില ഒളിപ്പോരാട്ടങ്ങളുണ്ടായി. എന്റെ പ്രൊഡക്‌ഷൻ കമ്പനിയിലേക്ക് നിരന്തരം ഇമെയിലുകൾ വന്നു. സിനിമയിലെ മൊത്തം സംഘടനകളിലേക്കും ലീഗൽ നോട്ടിസുകൾ വന്നു. എന്റെ പേര് ഈ സിനിമയിൽനിന്ന് എടുത്തു കളയുക എന്നുള്ളതാണ് ആവശ്യം. ഈ സിനിമയിൽ എന്റെ പേര് എടുത്തു മാറ്റുകയാണെങ്കിൽ സിനിമയെ അവർ സപ്പോർട്ട് ചെയ്യാമെന്നു പോലും ഉപാദികൾ മുന്നോട്ടു വച്ചു. ഈ വിഷയം എന്റെ കൂട്ടുകാർക്കും പ്രൊഡക്‌ഷന്‍ ടീമിനും അറിയാവുന്നതുകൊണ്ടുതന്നെ അവരെ ബോധ്യപ്പെടുത്താൻ എനിക്ക് ഏറെ ബുദ്ധിമുട്ടേണ്ടി വന്നില്ല.
ഇതോടെ ചില മാധ്യമങ്ങളിൽ ഇതേപ്പറ്റിയുള്ള വാർത്തകൾ വന്നു തുടങ്ങി. മുഖ്യധാരാമാധ്യമങ്ങൾ ഒന്നും വാർത്ത കൊടുത്തില്ല. എന്നാൽ പിന്നെ അറിയാൻ കഴിഞ്ഞത് വാർത്ത കൊടുത്ത മാധ്യമങ്ങൾ ഈ നടിയുടെ വളരെ അടുത്ത ആളുകളാണെന്നാണ്. എന്നെയും എന്റെ കുടുംബത്തെയും സിനിമയെയും എന്റെ കൂട്ടുകാരെയും അപകീർത്തിപ്പെടുത്തിയ കാര്യങ്ങളാരുന്നു അത്.
ഈ സിനിമ ഇറങ്ങാൻ സമ്മതിക്കില്ല എന്ന് വരെ എത്തി കാര്യങ്ങൾ. ഞാൻ ചെയ്ത സിനിമയിൽ സ്വന്തം പേര് നിലനിർത്താൻ വേണ്ടി വലിയ പോരാട്ടമാണ് നടന്നത്. ആ പോരാട്ടത്തിൽ എന്റെ കൂടെ നിന്ന വ്യക്തികളാണ് പ്രധാന നടനായ നിവിൻ പോളിയും പ്രൊഡ്യൂസർ സണ്ണി വെയ്നും മറ്റും. എന്തു സംഭവിച്ചാലും എന്റെ പേരില്ലാതെ ഈ സിനിമ റിലീസ് ചെയ്യില്ല എന്ന് അവർ കർശന തീരുമാനമെടുത്തു.
ഇനി എന്തൊക്കെ സംഭവിക്കാം…? ഇവർ വലിയ ശക്തരാണ്, ഇവർ നമ്മളെ എല്ലാത്തിൽനിന്നും മാറ്റി നിർത്തി നമുക്കു രാഷ്ട്രീയ ബോധമില്ലെന്ന് വരുത്തിത്തീർത്ത് അരികുവൽക്കരിച്ച് നമ്മളെ ചാപ്പ കുത്തിക്കളയും. നന്മയെയും തിന്മയെയും സാമൂഹികബോധത്തെയും കൃത്യമായി ഡീൽ ചെയ്യുന്ന ആളുകൾ തന്നെയാണ് ഇവരും. പക്ഷേ നമ്മളെ വളരെ ഭംഗിയായി കോർണർ ചെയ്യാനുള്ള ശക്തി ഇവർക്കുണ്ട്. ഇനി എനിക്ക് എന്താണ് സംഭവിക്കാൻ പോകുന്നത് എന്നറിയില്ല. പക്ഷേ എന്ത് സംഭവിച്ചാലും എനിക്ക് പേടിയില്ല. പേടിയില്ലാതാകുന്ന ഒരു നിലയിലേക്ക് ഒരു മനുഷ്യൻ എത്തപ്പെടുന്നത് അവനെ ചൂഷണം ചെയ്യുമ്പോഴാണ് എന്നാണ് ഞാൻ മനസ്സിലാക്കിയത്.
പടവെട്ട് സിനിമയുടെ കഥയിൽ അവർ പറഞ്ഞ കറക്‌ഷൻ ഞാൻ സ്വീകരിച്ചില്ല എന്നതായിരുന്നു പരാതി. നിവിനോട് ഈ സിനിമയിൽ അഭിനയിക്കേണ്ട എന്നവർ പറഞ്ഞു. നിവിൻ അത് കേട്ടില്ല. ഒരു പോയിന്റ് എത്തിയപ്പോൾ എന്റെ സിനിമയിൽ എന്റെ പേര് ഉണ്ടാകാൻ പാടില്ല എന്നതായിരുന്നു അവരുടെ ആവശ്യം. ഡബ്ല്യുസിസി എന്ന സംഘടനയാണ് നിരന്തരം മെയിൽ അയച്ചുകൊണ്ടിരുന്നത്. ഡബ്ല്യുസിസി എന്ന സംഘടനയെ ബഹുമാനിക്കുന്ന ആളുകളാണ് ഞങ്ങൾ. അതിന്റെ ആവശ്യകത ഞങ്ങൾ മനസ്സിലാക്കുകയും ചെയ്യുന്നു. പക്ഷേ ഈ സംഘടനയുടെ അധികാരം ഉപയോഗിച്ചുകൊണ്ട് ചില വ്യക്തികൾ സംഘടനയ്ക്ക് മുകളിൽ നിൽക്കുന്നു എന്നതാണ് ഞാൻ പറയാൻ ശ്രമിച്ചത്.
എല്ലാം ഉണ്ടാകുന്നത് ഈഗോയിൽ നിന്നാണല്ലോ? അവർ ഉണ്ടാക്കിയ പ്രശ്നങ്ങളൊക്കെ ടെക്നീഷ്യൻസിനോട് ചോദിച്ചാലും അറിയാം. കാരണം ഈ പ്രശ്നങ്ങളൊക്കെ അവരെയും ബാധിച്ചിരുന്നു. ആ ഗ്രൂപ്പിനോടൊപ്പം ചെയ്ത മൂത്തോൻ, തുറമുഖം എന്നിവ കഴിഞ്ഞാണ് നിവിൻ ‘പടവെട്ടി’ലേക്ക് വരുന്നത്. നിവിൻ അവരോടൊപ്പം ഇരുന്നപ്പോൾ ഈ കഥയെക്കുറിച്ച് എക്സൈറ്റ്മെന്റോടെ സംസാരിച്ചത് കാരണമാകാം കഥ കേൾക്കണമെന്ന് അവർ താല്പര്യപ്പെട്ടത് എന്നാണ് നിവിനിൽനിന്നു ഞാൻ മനസ്സിലാക്കിയത്. അത് സിനിമയ്ക്ക് പോസിറ്റീവായി സപ്പോർട്ട് ആകും എന്ന് തോന്നിയതുകൊണ്ടാണ് ഞാൻ കഥ അവരോട് പറയുന്നത്. അല്ലാതെ അവരോട് കഥ പറയണമെന്ന് ഞാൻ ആഗ്രഹിച്ചതല്ല. കഥയിൽ അവർ തിരുത്തലുകൾ ആവശ്യപ്പെട്ടപ്പോൾ ഞാൻ ചെയ്യാൻ ഉദ്ദേശിക്കുന്ന കാര്യത്തിൽ ഞാൻ തീരുമാനമെടുത്തോളാം എന്ന് ഞാനും ശാഠ്യം പിടിച്ചു. അങ്ങനെയാണെങ്കിൽ ഈ സിനിമ സംഭവിക്കില്ല എന്ന് അവർ പറയുകയുണ്ടായി.
മാസങ്ങള്‍ക്ക് മുന്‍പാണ് ലിജു കൃഷ്ണയ്ക്ക് എതിരെ ഗുരുതര ആരോപണങ്ങളുമായി സിനിമാ പ്രവര്‍ത്തകയായ യുവതി രംഗത്തെത്തിയത്. ‘പടവെട്ട്’ സിനിമയുടെ
നിര്‍മ്മാണ ആവശ്യങ്ങള്‍ക്കായി വാടകയ്‌ക്കെടുത്ത വീട്ടില്‍ കൊണ്ടുപോയി യുവതിയെ ലൈംഗികമായി പീഡിപ്പിച്ചു എന്നായിരുന്നു ആരോപണം. ആര്‍ത്തവ സമയത്തും തനിക്ക് നേരെ അയാള്‍ ബലപ്രയോഗം നടത്തി. അതുമൂലം ശരീരത്തിന് ക്ഷതം സംഭവിച്ചു. ആശുപത്രിയില്‍ എത്തിക്കണം എന്ന് ആവശ്യപ്പെട്ടങ്കിലും അയാള്‍ അതിന് തയ്യാറായില്ല. തനിക്ക് നേരെയുണ്ടായ അതിക്രമത്തെക്കുറിച്ച് പരാതി പറയുവാന്‍ സിനിമയില്‍ ഔദ്യോഗികമായി പരാതി പരിഹാര സെല്‍ ഉണ്ടായിരുന്നില്ലെന്നും യുവതി ആരോപിച്ചിരുന്നു. യുവതിയുടെ പരാതിയെ തുടര്‍ന്ന് ലിജു കൃഷ്ണയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു.