
കന്നഡ സൂപ്പർ താരങ്ങളായ ശിവരാജ് കുമാർ, രാജ് ബി ഷെട്ടി, ഉപേന്ദ്ര എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പ്രശസ്ത കന്നഡ സംഗീത സംവിധായകൻ അർജുൻ ജന്യ രചിച്ചു സംവിധാനം ചെയ്ത പാൻ ഇന്ത്യൻ ചിത്രം “45 ” ൻ്റെ മലയാളം പതിപ്പ് നാളെ മുതൽ കേരളത്തിൽ പ്രദർശനം ആരംഭിക്കും. ചിത്രം കേരളത്തിൽ എത്തിക്കുന്നത് ദുൽഖർ സൽമാന്റെ വേഫറെർ ഫിലിംസ്. കേരളത്തിലെ പ്രധാന കേന്ദ്രങ്ങളിലെല്ലാം ചിത്രം പ്രദർശിപ്പിക്കും. ഡിസംബർ 25 നാണ് ചിത്രത്തിന്റെ കന്നഡ പതിപ്പ് റിലീസ് ചെയ്തത്. കർണാടകയിൽ മികച്ച പ്രേക്ഷക പ്രതികരണമാണ് ചിത്രം നേടുന്നത്. അർജുൻ ജന്യ സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് സൂരജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ശ്രീമതി ഉമാ രമേശ് റെഡ്‌ഡി, എം രമേശ് റെഡ്‌ഡി എന്നിവർ ചേർന്നാണ്. ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നതും സംവിധായകനായ അർജുൻ ജന്യ തന്നെയാണ്.
ഒരു ഫാന്റസി ആക്ഷൻ ത്രില്ലർ ആയി ഒരുക്കിയ ചിത്രം, വമ്പൻ താരനിരയുടെ സാന്നിധ്യം കൊണ്ട് കൂടിയാണ് വലിയ പ്രേക്ഷക ശ്രദ്ധ നേടുന്നത്. ചിത്രത്തിന്റെ ട്രെയ്‌ലർ മലയാള സിനിമാ പ്രേക്ഷകർക്കിടയിലും ഏറെ ശ്രദ്ധ നേടിയിരുന്നു. ഫാൻ്റസി, ആക്ഷൻ, ഇമോഷൻ എല്ലാം കോർത്തിണക്കിയ ഒരു കംപ്ലീറ്റ് മാസ് സ്റ്റൈലിഷ് എൻ്റർടെയ്നർ ആയാണ് ചിത്രം ഒരുക്കിയിരിക്കുന്നത് എന്ന സൂചനയാണ് ട്രെയ്‌ലർ നൽകിയത്. ബ്രഹ്മാണ്ഡ കാൻവാസിൽ ഒരുക്കിയ ആക്ഷൻ രംഗങ്ങൾ ചിത്രത്തിന്റെ ഹൈലൈറ്റ് ആയി മാറിയിട്ടുണ്ടെന്ന് കന്നഡ പതിപ്പിന് ലഭിക്കുന്ന പ്രതികരണങ്ങൾ സൂചിപ്പിക്കുന്നു.
ചിത്രത്തിലെ ആഫ്രോ തപാംഗ് എന്ന വീഡിയോ ഗാനവും സമൂഹ മാധ്യമങ്ങളിൽ വലിയ ശ്രദ്ധ നേടിയെടുത്തിരുന്നു. ഗരുഡ ഗമന വൃഷഭ വാഹന, ടോബി, സു ഫ്രം സോ എന്നീ കന്നഡ ചിത്രങ്ങളിലൂടെയും മലയാള ചിത്രങ്ങളായ ടര്‍ബോ, കൊണ്ടൽ എന്നിവയിലൂടെയും കേരളത്തിലും ജനപ്രിയനായ താരമായ രാജ് ബി ഷെട്ടിയുടെ പുതിയ ചിത്രം എന്ന നിലയിൽ, 45 എന്ന ചിത്രത്തെ കുറിച്ച് കേരളത്തിലും മികച്ച പ്രതീക്ഷയാണുള്ളത്. ജയിലർ എന്ന തമിഴ് ചിത്രത്തിലെ അതിഥി വേഷത്തിലൂടെ കേരളത്തിൽ കയ്യടി നേടിയ ശിവരാജ് കുമാർ, കൂലി, സൺ ഓഫ് സത്യമൂർത്തി എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ ഉപേന്ദ്ര എന്നിവരുടെ സാന്നിധ്യവും കേരളത്തിൽ ചിത്രത്തെ കുറിച്ചുള്ള പ്രേക്ഷക പ്രതീക്ഷ വർധിപ്പിച്ചിട്ടുണ്ട്. കന്നഡ, മലയാളം ഭാഷകൾ കൂടാതെ ഹിന്ദി, തെലുങ്ക്, തമിഴ് ഭാഷകളിലും ചിത്രം റിലീസ് ചെയ്യും.
രാജ് ബി ഷെട്ടി നിർമ്മിച്ച സൂപ്പർ ഹിറ്റ് കന്നഡ ചിത്രം സു ഫ്രം സോ ക്ക് ശേഷം വേഫറെർ ഫിലിം കേരളത്തിൽ എത്തിക്കുന്ന കന്നഡ ചിത്രം കൂടിയാണിത്. സു ഫ്രം സോ മലയാളം പതിപ്പ് കേരളത്തിൽ സൂപ്പർ വിജയമായി മാറിയിരുന്നു.
ഛായാഗ്രഹണം- സത്യ ഹെഗ്‌ഡെ, സംഗീതം- അർജുൻ ജന്യ, എഡിറ്റിംഗ്- കെ എം പ്രകാശ്, നൃത്തസംവിധാനം- ചിന്നി പ്രകാശ്, ബി ധനഞ്ജയ്, സംഭാഷണങ്ങൾ- അനിൽ കുമാർ, സ്റ്റണ്ട്സ്- ഡോ. കെ. രവിവർമ്മ, ജോളി ബാസ്റ്റിയൻ, ഡിഫറന്റ് ഡാനി, ചേതൻ ഡിസൂസ, കലാസംവിധാനം- മോഹൻ പണ്ഡിറ്റ്, മേക്കപ്പ്- ഉമാ മഹേശ്വർ, വസ്ത്രാലങ്കാരം- പുട്ടരാജു, വിഎഫ്എക്സ്- യാഷ് ഗൌഡ, പ്രൊഡക്ഷൻ മാനേജർ- രവിശങ്കർ, ഡിജിറ്റൽ സപ്പോർട്ട്- ശ്രീപാദ സ്റ്റുഡിയോ, പിആർഒ- ശബരി






