
കൊച്ചി: ഐബി ഉദ്യോഗസ്ഥ ആത്മഹത്യചെയ്ത സംഭവത്തില്‍ സഹപ്രവര്‍ത്തകന്‍ സുകാന്ത് സുരേഷിന്റെ പേരില്‍ ആത്മഹത്യാപ്രേരണയ്ക്ക് പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് ഹൈക്കോടതി. സുകാന്ത് നല്‍കിയ മുന്‍കൂര്‍ ജാമ്യഹര്‍ജി തള്ളിക്കൊണ്ടാണ് ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസിന്റെ ഉത്തരവ്. സുകാന്തിനുേേനരയുള്ള ആരോപണങ്ങള്‍ക്ക് തെളിവുകളുണ്ടെന്നും വെളിപ്പെട്ടത് മഞ്ഞുമലയുടെ അറ്റംമാത്രമാണെന്ന് സംശയിക്കുന്നതായും ഉത്തരവില്‍ പറയുന്നു.
ഫോണ്‍, ബാങ്ക്, മെഡിക്കല്‍ രേഖകളും വാട്‌സാപ്പ് ചാറ്റും പരിശോധിച്ചതില്‍നിന്ന് ഹര്‍ജിക്കാരനുനേരേയുള്ള ആരോപണം ബലപ്പെടുന്നതായി കോടതി പറഞ്ഞു. പ്രതിക്ക് രണ്ടിലധികം സ്ത്രീകളുമായി അടുപ്പമുണ്ടെന്നും ശാരീരികബന്ധമുണ്ടെന്നും അന്വേഷണത്തില്‍ വ്യക്തമായി. യുവതി ഗര്‍ഭിണിയായപ്പോള്‍ നിര്‍ബന്ധിച്ച് അലസിപ്പിക്കാന്‍ ഭാര്യയാണെന്ന് തെളിയിക്കാന്‍ വ്യാജവിവാഹ ക്ഷണക്കത്തുണ്ടാക്കി. പിന്നീട് മറ്റൊരാളെ വിവാഹംചെയ്യാന്‍ യുവതിയെ ഒഴിവാക്കാന്‍ ശ്രമിച്ചു. മരിക്കാന്‍ പ്രേരിപ്പിച്ച് സന്ദേശം അയച്ചു.

ഹര്‍ജിക്കാരന് യുവതിയുടെ മേല്‍ സ്വാധീനമുണ്ടായിരുന്നു. അവരുടെ ശമ്പളം പൂര്‍ണമായും സ്വന്തമാക്കിയിരുന്നു. മുന്‍കൂര്‍ ജാമ്യംനല്‍കുന്നത് തുടരന്വേഷണത്തെ ബാധിക്കുമെന്നും കോടതി വ്യക്തമാക്കി.
അതേസമയം, കേസിലെ നിര്‍ണായകതെളിവായ വാട്‌സാപ്പ് ചാറ്റ് ചോര്‍ന്നതില്‍ ഹൈക്കോടതിക്ക് അതൃപ്തി. കേസ് ഡയറി കോടതിയുടെ പരിഗണനയിലുള്ളപ്പോഴാണ് ചാറ്റ് പുറത്തുവന്നത്. കേസ് വാദിക്കുമ്പോള്‍ ഇതിലെ വാക്കുകളൊന്നും പുറത്തുപോകാതെ ശ്രദ്ധിച്ചിരുന്നു. മറ്റേതോ സ്രോതസ്സില്‍നിന്നാണ് വിവരം ചോര്‍ന്നത്. ഇക്കാര്യത്തില്‍ അന്വേഷണം വേണമെന്നും കോടതി പറഞ്ഞു.