സന്ദീപ് വാര്യര്‍ക്കെതിരേ പടയൊരുക്കം; മുതിര്‍ന്ന നേതാക്കളെ കാസര്‍ഗോഡ് പരിഗണിക്കണം; പലയിടത്തും പൊട്ടലും ചീറ്റലും; കുട്ടനാട്ടില്‍ വിമതനായി ഡിസിസി വൈസ് പ്രസിഡന്റ്

തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍ സന്ദീപ് വാരിയരെ പരിഗണിക്കുന്നതിനെതിരെ കാസര്‍കോട് ഡിസിസിയില്‍ കടുത്ത എതിര്‍പ്പ്. ജില്ലയില്‍ രണ്ടിടത്ത് മാത്രമാണ് കോണ്‍ഗ്രസ് മത്സരിക്കുന്നതെന്നും അവിടെ ജില്ലയില്‍ നിന്നുള്ള മുതിര്‍ന്ന നേതാക്കളെ പരിഗണിക്കണമെന്നും ഡിസിസി പ്രസിഡന്റ് പി.കെ ഫൈസല്‍ പറഞ്ഞു. കെപിസിസി ജനറല്‍ സെക്രട്ടറിമാരായ ഹക്കീം കുന്നില്‍, ആര് നീലകണ്ഠന്, ബാലകൃഷ്ണന് പെരിയ ഉള്‍പ്പെടെയുള്ളവര്‍ ഡിസിസിയില്‍ അടിയന്തരയോഗം ചേര്‍ന്നു. വിഷയത്തില്‍ കടുത്ത അതൃപ്തി നേതൃത്വത്തെ അറിയിച്ചതായി ഡിസിസി പ്രസിഡന്റ് പറഞ്ഞു.
40 സ്ഥാനാര്‍ഥികളുമായി കോണ്‍ഗ്രസിന്റെ രണ്ടാമത്തെ പട്ടിക പുറത്തു വരാനിരിക്കെ പലയിടത്തും പൊട്ടലും ചീറ്റലും തുടരുകയാണ്. എല്‍ദോസ് കുന്നപ്പിള്ളിലിന് സീറ്റ് ഉണ്ടാകില്ല. ഉല്ലാസ് തോമസും മനോജ് മൂത്തേടനുമാണ് പരിഗണനയില്‍. കോന്നിയില്‍ അടൂര്‍ പ്രകാശ് നിര്‍ദ്ദേശിക്കുന്നയാള്‍ സ്ഥാനാര്‍ഥിയാകും. ഭൂരിഭാഗം മണ്ഡലങ്ങളിലും ഒറ്റപേരിലേക്ക് എത്തി എങ്കിലും കായംകുളം അടക്കം ചില മണ്ഡലങ്ങളില്‍ ഇപ്പോഴും ഒന്നിലധികം പേരുണ്ട്. കൊച്ചിയില്‍ ഡിസിസി അധ്യക്ഷന്‍ മുഹമ്മദ് ഷിയാസ് മത്സരിക്കും. തൃപ്പൂണിത്തുറയില്‍ ദീപക് ജോയ് സ്ഥാനാര്‍ഥിയാകും.
കുട്ടനാട് സീറ്റ് കേരള കോണ്‍ഗ്രസിന് നല്‍കിയതില്‍ പ്രതിഷേധിച്ച് കുട്ടനാട്ടിലെ രണ്ട് ഡിസിസി ഭാരവാഹികള്‍ രാജിവച്ചു . ഡിസിസി വൈസ് പ്രസിഡന്റ് സജി ജോസഫ് വിമതനായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചു എന്നാല്‍ സജി ജോസഫിനെ തള്ളി കോണ്‍ഗ്രസ് നേതൃത്വം രംഗത്തുവന്നു. വര്‍ഷങ്ങളായി കുട്ടനാട്ടില്‍ പ്രവര്‍ത്തിക്കുന്ന ആളാണെന്നും പെയ്മെന്റ് സീറ്റ് ആണെങ്കില്‍ തെളിയിക്കട്ടെ എന്നും യുഡിഎഫ് സ്ഥാനാര്‍ഥി റെജി ചെറിയാന് പറഞ്ഞു
കുട്ടനാട് സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം പ്രവര്‍ത്തകര്‍ നേരത്തെ മുതല്‍ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരണം നടത്തിയിരുന്നു. എന്നാല്‍ വര്‍ഷങ്ങളായി മത്സരിക്കുന്ന സീറ്റ് വിട്ടുകൊടുക്കാന്‍ കേരള കോണ്‍ഗ്രസ് ജോസഫ് നേതൃത്വം തയ്യാറായില്ല. പാര്‍ട്ടി വൈസ് ചെയര്മാന് റെജി ചെറിയാനെയാണ് കുട്ടനാട്ടില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിപ്പിക്കുന്നത്. രാജിവച്ച ഡിസിസി വൈസ് പ്രസിഡന്റ് സജി ജോസഫ് അടക്കമുള്ളവര്‍ സീറ്റിനായി രംഗത്തുണ്ടായിരുന്നു. സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം മങ്കൊമ്പില്‍ പ്രകടനവും നടത്തി. യുഡിഎഫ് സ്ഥാനാര്‍ത്ഥി റെജി ചെയ്യാന്‍ പ്രചരണം തുടങ്ങിയതിന് തൊട്ടു പിന്നാലെയാണ് ഡിസിസി വൈസ് പ്രസിഡന്റ് സജി ജോസഫുംജനറല് സെക്രട്ടറി കെ ഗോപകുമാറും രാജിവച്ചത്. സജി ജോസഫ് സ്വതന്ത്രനായി മത്സരിക്കുമെന്നും പ്രഖ്യാപിച്ചു.
വിമതനായി മത്സരിക്കാനുള്ള സജി ജോസഫിന്റെ തീരുമാനത്തെ തള്ളി കോണ്‍ഗ്രസ് നേതൃത്വം രംഗത്ത് വന്നു . സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുക്കണമെന്ന് ആവശ്യം ഉന്നയിച്ചിരുന്നെങ്കിലും ഘടകകക്ഷിക്ക് കൊടുക്കാനുള്ള യുഡിഎഫ് തീരുമാനത്തെ അംഗീകരിക്കുന്നതായി നേതാക്കള്‍ പറഞ്ഞു. കോണ്‍ഗ്രസിന് സീറ്റ് കിട്ടണമെന്നല്ലാതെ ആരുടെയും പേര് നിര്‍ദ്ദേശിച്ചിരുന്നില്ല എന്നും ബ്ലോക്ക് പ്രസിഡന്റുമാര്‍ പറഞ്ഞു .






