
വയനാട്: മാനന്തവാടി വാകേരി ഗ്രാമം ഇന്നലെ ഉണര്‍ന്നതു ഞെട്ടിക്കുന്ന അരുംകൊലയുടെ വാര്‍ത്തയിലേക്കാണ്. വനത്തോടു ചേര്‍ന്ന തോട്ടത്തില്‍ ഏറക്കുറെ ഒറ്റപ്പെട്ട നിലയില്‍ താമസിച്ചിരുന്ന പ്രവീണ (34) എന്ന യുവതിയെയും 2 പെണ്‍മക്കളെയും ഇടയ്ക്കിടെ ഈ വീട്ടില്‍ വന്നുപോയിരുന്ന പിലാക്കാവ് തറയില്‍ ദിലീഷി(37)നെയും നാട്ടുകാര്‍ക്ക് വലിയ പരിചയം ഉണ്ടായിരുന്നില്ല. കണ്ണൂര്‍ സ്വദേശിയുടെ തോട്ടത്തിലുള്ള വീട്ടില്‍ ഇവര്‍ താമസമാക്കിയിട്ട് ഏതാനും മാസങ്ങള്‍ മാത്രമേ ആയിരുന്നുള്ളൂ.
ഞായറാഴ്ച രാത്രി വിവരം പ്രവീണയുടെ മൂത്ത മകള്‍ അനര്‍ഘയാണു കൊലപാതക വിവരം അയലത്തെ വീട്ടിലെത്തി അറിയിച്ചത്. കഴുത്തിനും ചെവിക്കും പരുക്കേറ്റ അനര്‍ഘയെ സമീപത്തു താമസിക്കുന്ന ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജയഭാരതിയുടെ നേതൃത്വത്തിലാണ് രാത്രി വയനാട് ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചത്. വിവരം അറിഞ്ഞു നാട്ടുകാര്‍ എത്തിയപ്പോഴേക്കും ദിലീഷ്, പ്രവീണയുടെ ഇളയ മകള്‍ അബിനയെയും കൂട്ടി രക്ഷപ്പെട്ടിരുന്നു.

കനത്ത മഴയും കാറ്റും അവഗണിച്ച് നാട്ടുകാരും വനപാലകരും പൊലീസും ചേര്‍ന്ന് രാത്രി വനത്തിലടക്കം തിരച്ചില്‍ നടത്തിയെങ്കിലും അവരെ കണ്ടെത്താനായില്ല.ഇന്നലെ രാവിലെ മുതല്‍ കൂടുതല്‍ പൊലീസ് എത്തി തിരച്ചില്‍ പുനരാരംഭിച്ചു. വന്യമൃഗ ശല്യമുള്ള എസ്റ്റേറ്റ് മേഖലയിലെ ഒറ്റപ്പെട്ട സ്ഥലത്തുളള വീട്ടില്‍ നിന്ന് കുട്ടിയെ കാണാതായത് ഏറെ ആശങ്ക ഉയര്‍ത്തി. പ്രതികൂല കാലാവസ്ഥയും തിരച്ചിലിനു തടസ്സമായി. ഡോഗ് സ്‌ക്വാഡും ഫൊറന്‍സിക് സംഘവും സ്ഥലത്ത് എത്തി.
മാനന്തവാടി ഡിവൈഎസ്പി വി.കെ.വിശ്വംഭരന്‍, തിരുനെല്ലി ഇന്‍സ്‌പെക്ടര്‍ ലാല്‍ സി.ബേബി, മാനന്തവാടി ഇന്‍സ്‌പെക്ടര്‍ ടി.എ.അഗസ്റ്റിന്‍, തലപ്പുഴ ഇന്‍സ്‌പെക്ടര്‍ എം.ടി.ജേക്കബ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസിനൊപ്പം വനപാലകരും നാട്ടുകാരും തിരച്ചിലില്‍ പങ്കു ചേര്‍ന്നു. അഗ്‌നിരക്ഷാസേനയുടെയും ഡ്രോണിന്റെയും സഹായം പ്രയോജനപ്പെടുത്തി. പ്രതി കര്‍ണാടകയിലേക്ക് കടക്കുന്നത് തടയാന്‍ ഞായറാഴ്ച രാത്രി തന്നെ പൊലീസ് സംസ്ഥാന അതിര്‍ത്തിയില്‍ പരിശോധന ശക്തമാക്കിയിരുന്നു.
ഇന്നലെ രാവിലെ റോഡരികിലെ വനപ്രദേശത്ത് പ്രതിയുടെ മൊബൈല്‍ ഫോണ്‍ കണ്ടെത്തിയതു വഴിത്തിരിവായി. പ്രതി സമീപത്തു തന്നെ ഉണ്ടെന്നു ഉറപ്പിച്ച പൊലീസ് തിരച്ചില്‍ ഊര്‍ജിതമാക്കി. ആളൊഴിഞ്ഞ വീടിനു സമീപത്തെ ഷട്ടര്‍ മുറിയുടെ ടെറസില്‍ കത്തിവീശി നില്‍ക്കുകയായിരുന്ന ദിലീഷിനെ വനപാലകരുടെയും നാട്ടുകാരുടെയും സഹായത്തോടെയാണു പൊലീസ് കസ്റ്റഡിയിലെടുത്തത്.
അമ്മാവന്‍ നോക്കിനടത്തുന്ന കണ്ണൂര്‍ സ്വദേശിയുടെ തോട്ടത്തിലെ വീട്ടിലാണു ഭര്‍ത്താവുമായി അകന്നു കഴിയുന്ന പ്രവീണ
മക്കളും താമസിച്ചിരുന്നത്. ദിലീഷ് ഒരു മാസമായി ഇവിടെ ഉണ്ടായിരുന്നില്ല. കഴിഞ്ഞ ദിവസം തിരിച്ചെത്തിയപ്പോഴായിരുന്നു വാക്കുതര്‍ക്കവും കൊലപാതകവും. തനിക്കെതിരെ പൊലീസില്‍ പരാതി നല്‍കിയതിന്റെ വൈരാഗ്യം തീര്‍ക്കാനാണു കൊല നടത്തിയതെന്നു പ്രതി പൊലീസിനോടു സമ്മതിച്ചു. കഴിഞ്ഞ ദിവസം ഇതെച്ചൊല്ലി ഉണ്ടായ തര്‍ക്കമാണ് കൊലപാതകത്തിന് ഇടയാക്കിയതെന്നു കരുതുന്നതായി വയനാട് ജില്ലാ പൊലീസ് മേധാവി തപോഷ് ബസുമതാരി പറഞ്ഞു.
കൊലപാതകം നടന്ന് 14 മണിക്കൂറിനകം പ്രതിയെ പിടികൂടാനായി. പ്രവീണയുടെ 2 മക്കളുടെയും വിശദമായ മൊഴി രേഖപ്പെടുത്തിയാലേ ദിലീഷ് കൊല നടത്താന്‍ ഇടയാക്കിയ കാരണങ്ങള്‍ വ്യക്തമാകൂ. തിരുനെല്ലി ഡപ്യൂട്ടി റേഞ്ച് ഓഫീസര്‍ ജയേഷ് ജോസഫ്, തിരുനെല്ലി പഞ്ചായത്ത് പ്രസിഡന്റ് പി.വി.ബാലകൃഷ്ണന്‍ തുടങ്ങിയവരും തിരച്ചില്‍ സംഘത്തില്‍ ഉണ്ടായിരുന്നു. അറസ്റ്റ് നടപടികള്‍ ഇന്നലെ പൂര്‍ത്തീകരിച്ചു.