സുധാകരനു സീറ്റില്ല; സ്വതന്ത്രനാകുമോ എന്ന് ഇന്നറിയാം; കണ്ണൂരില്‍ ടി.ഒ. മോഹനന്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി; എറണാകുളത്ത് ദീപ്തിയില്ല, ഷിയാസിനായി സതീശന്റെ ഉഗ്ര സമ്മര്‍ദം; കോന്നിയില്‍ അടൂര്‍ പ്രകാശുമില്ല

ന്യൂഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പില്‍ കണ്ണൂരില്‍ കെ.സുധാകരന് സീറ്റില്ല. ടി.ഒ.മോഹനന്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മല്‍സരിക്കും. എംപിമാര്‍ മല്‍സരിക്കേണ്ടെന്ന് നേതൃത്വം ഉറച്ച തീരുമാനമെടുക്കുകയായിരുന്നു. എംപിമാര്‍ നിയമസഭാതിരഞ്ഞെടുപ്പില്‍ മല്‍സരിക്കില്ലെന്ന് പാര്‍ട്ടി നേരത്തേ തീരുമാനം വ്യക്തമാക്കിയിരുന്നുവെങ്കിലും സുധാകരന്‍ അത് മറികടന്ന് കലാപക്കൊടി ഉയര്‍ത്തുകയായിരുന്നു.
നിര്‍ണായക ഘട്ടങ്ങളില്‍ പാര്‍ട്ടിയെ ഇത്തരത്തില്‍ പ്രതിരോധത്തിലാക്കുന്നത് പ്രവര്‍ത്തകരുടെ ആവേശം കെടുത്തുന്നതാണെന്നും സമീപനം മാറ്റാത്തത് ശരിയല്ലെന്നും ഹൈക്കമാന്‍ഡ് വിലയിരുത്തി. അതേസമയം, സ്ഥാനാര്‍ഥിയാക്കില്ലെന്ന് ഉറപ്പായതോടെ സ്വതന്ത്രനായി മല്‍സരിക്കുമോ എന്നതില്‍ സുധാകരന്‍ ഇന്ന് നിലപാട് അറിയിക്കും. പ്രവര്‍ത്തക സമിതി അംഗത്വം സുധാകരന്‍ രാജിവച്ചേക്കുമെന്നും സൂചനകളുണ്ട്.
പെരുമ്പാവൂര്‍ സീറ്റിന്റെ കാര്യത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ അന്തിമ തീരുമാനം കൈക്കൊള്ളും. ഉദുമ, പട്ടാമ്പി, ചടയമംഗലവും ഖര്‍ഗെ തീരുമാനിക്കും. കൊച്ചിയില്‍ മുഹമ്മദ് ഷിയാസ് തന്നെ മല്‍സരിച്ചേക്കും. കടുത്ത സമ്മര്‍ദമാണ് ഷിയാസിനായി വി.ഡി. സതീശന്‍ ചെലുത്തിയത്. ദീപ്തി മേരി വര്‍ഗീസിനെ സ്ഥാനാര്‍ഥിയാക്കണമെന്നായിരുന്നു കെ.സി. വേണുഗോപാലിന്റെ നിലപാട്.
കോന്നിയില്‍ അടൂര്‍ പ്രകാശിന് പകരം സതീഷ് കൊച്ചുപറമ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാകും. വാമനപുരത്ത് സുധീര്‍ഷാ പാലോട്, നെയ്യാറ്റിന്‍കരയില്‍ എന്‍.ശക്തന്‍, നേമത്ത് ശബരീനാഥന്‍, ആറന്മുളയില്‍ അബിന്‍ വര്‍ക്കി, റാന്നിയില്‍ പഴകുളം മധു, ഇടുക്കിയില്‍ റോയി കെ.പൗലോസ്, ഏറ്റുമാനൂരില്‍ നാട്ടകം സുരേഷ് എന്നിവരും മല്‍സരിക്കുമെന്നാണ് സൂചന.
എംപിമാര്‍ മത്സരിക്കേണ്ടെന്ന നേതൃത്വത്തിന്റെ നിര്‍ദേശം അംഗീകരിക്കില്ലെന്ന നിലപാടില്‍ കെ സുധാകരന്‍ ഉറച്ചുനില്‍ക്കുന്നു. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റെ പേരാവൂരിലെ പോസ്റ്ററുകളില്‍ വ്യാപകമായി കെഎസ് ബ്രിഗേഡിന്റെ പേരില്‍ പോസ്റ്ററുകള്‍ ഒട്ടിച്ചു.
ആദ്യഘട്ട സ്ഥാനാര്‍ഥിപട്ടികയില്‍ തന്റെ ആള്‍ക്കാരെ മുഴുവന്‍ വേണുഗോപാല്‍ വെട്ടിമാറ്റിയെന്നും രണ്ടാംപട്ടികയിലും ഇതനുവദിക്കില്ലെന്നും സതീശന്‍ പൊട്ടിത്തെറിച്ചു. വേണുഗോപാലിന്റെയും ചെന്നിത്തലയുടെയും പിന്തുണയിലാണ് സുധാകരന്റെ കളിയെന്ന് സതീശന്‍ പക്ഷം ആരോപിക്കുന്നു. കൊച്ചി സീറ്റ് ഡിസിസി പ്രസിഡന്റ് ഷിയാസിനുവേണ്ടി സതീശന്‍ വാദിക്കുമ്പോള്‍ ദീപ്തി മേരിക്കായി വേണുഗോപാല്‍ പിടിമുറുക്കി. തനിക്കും ഇളവ് നല്‍കണമെന്ന ആവശ്യവുമായി അടൂര്‍ പ്രകാശും രംഗത്തുണ്ട്.
കുട്ടനാട് സീറ്റ് വീറ്റുകാശാക്കിയെന്ന് ആക്ഷേപിച്ച് ഡിസിസി വൈസ് പ്രസിഡന്റ് സജി ജോസഫും ജനറല്‍ സെക്രട്ടറി കെ ഗോപകുമാറും പത്തു നേതാക്കളും പാര്‍ടിവിട്ടു. പൊട്ടിക്കരഞ്ഞ് വാര്‍ത്താസമ്മേളനം നടത്തിയ സജി വിമതനായേക്കും. പുനലൂരില്‍ മുസ്ലിംലീഗ് വന്നാല്‍ വിമതരെ നിര്‍ത്താന്‍ കോണ്‍ഗ്രസ് പ്രാദേശികനേതാക്കള്‍ യോഗം ചേര്‍ന്ന് തീരുമാനിച്ചു. ചടയമംഗത്തും സമാന പ്രശ്‌നമാണ്. തൃക്കരിപ്പൂരില്‍ സന്ദീപ് വാര്യരെ അംഗീകരിക്കില്ലെന്നും അടിയന്തരയോഗം ചേര്‍ന്ന് പ്രതിഷേധം നേതൃത്വത്തെ അറിയിക്കുമെന്നും കോണ്‍ഗ്രസ് നേതാവ് ബാലകൃഷ്ണന്‍ പെരിയ മാധ്യമങ്ങളോട് പറഞ്ഞു. സന്ദീപിനെ അടിച്ചേല്‍പിച്ചാല്‍ വിമതന്‍ ഉറപ്പ്.
ജി സുധാകരന് യുഡിഎഫ് പിന്തുണ നല്‍കിയതില്‍ പ്രതിഷേധിച്ച് അമ്പലപ്പുഴയില്‍ വിമതനാകുമെന്ന് പ്രഖ്യാപിച്ച യൂത്ത്‌കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറി ഷാനു ഭൂട്ടോയെ ഡിസിസി പുറത്താക്കി. ഇടുക്കി സീറ്റ് കെഎസ്യു പ്രസിഡന്റ് അലോഷ്യസ് സേവ്യറിന് നല്‍കാന്‍ പറ്റില്ലെന്ന് പ്രാദേശിക നേതാക്കള്‍ വ്യക്തമാക്കി.
#KeralaElection2026, #CongressCandidateList, #KSudhakaran, #TOMohanan, #KannurPolitics, #UDFKerala, #VDSatheesan, #KCVenugopal, #MallikarjunKharge, #CongressCrisis, #KeralaPolitics, #ElectionNews, #PoliticalUpdates, #CongressRebellion, #UDFCandidates #KeralaAssemblyElection2026, #CongressCandidatesKerala, #KSudhakaranNews, #KannurCongressCandidate, #KeralaPoliticsToday, #UDFCandidateList2026, #VDSatheesanvsKCVenugopal, #TOMohananKannur, #CongressSeatSharing, #KeralaElectionBreakingNews, #INCListKerala, #KeralaPanchayatElectionNews, #AdoorPrakash, #SabarinadhanNemon, #LatestKeralaPoliticalNews






