Breaking NewsKeralaLead NewsNEWSpolitics

സ്വതന്ത്രനാവാൻ കെ സുധാകരൻ? ഇന്ന് ഉച്ചയോടെ അറിയാം

ദില്ലി: എംപിമാർ മത്സരിക്കേണ്ടെന്ന ഹൈക്കമാൻഡ് തീരുമാനത്തോട് കെ സുധാകരൻ എങ്ങനെ പ്രതികരിക്കുമെന്നറിയാൻ കാത്തിരിക്കുകയാണ് രാഷ്ട്രീയ കേരളം. വലിയ പൊട്ടിത്തെറി സുധാകരനിൽ നിന്നുണ്ടാവുമോ എന്ന ആശങ്കയിലാണ് കോൺ​ഗ്രസും. അർധരാത്രിവരെ സീറ്റുനിർണയ ചർച്ചകളുടെ വാർത്തകൾ നിരീക്ഷിച്ചിരുന്ന സുധാകരൻ സീറ്റില്ലെങ്കിലും മത്സരിക്കും എന്ന നിലപാടാണ് അദ്ദേഹം സ്വീകരിച്ചിരിക്കുന്നതെന്നാണ് വിവരം.കണ്ണൂരിൽ നിന്ന് സ്വതന്ത്രനായി മത്സരിക്കാൻ തയ്യാറെടുക്കുന്നതായുള്ള പ്രചരണങ്ങളുമുണ്ടാകുന്നുണ്ട്. അതുകൂടാതെ, കണ്ണൂരിലെ മറ്റുചില മണ്ഡലങ്ങളിൽ തന്റെ അനുയായികളെ രംഗത്തിറക്കാനും സാധ്യതയുണ്ട്.കോൺഗ്രസ് രണ്ടാം ഘട്ട സ്ഥാനാർഥിപ്പട്ടിക പുറത്തുവന്നാൽ ഉടനെ തന്നെ അദ്ദേഹം മാധ്യമങ്ങളെ കാണും. ഉച്ചയ്ക്ക് 12 മണിയോടെ വാർത്താസമ്മേളനമുണ്ടായേക്കും.

അതേസമയം, സുധാകരനെ അനുനയിപ്പിക്കാനുള്ള ശ്രമം ഹൈക്കമാൻഡ് തുടരുകയാണ്. സുധാകരൻ വഴങ്ങുമെന്ന പ്രതീക്ഷയിലാണ് സംസ്ഥാന നേതൃത്വം. പ്രതിഷേധമുണ്ടായാലും നീണ്ടു നിൽക്കില്ലെന്ന പ്രതീക്ഷയിലും പ്രതിഷേധം പറഞ്ഞ് ഒതുക്കാമെന്ന കണക്കുകൂട്ടലിലുമാണ് നേതൃത്വം.

Signature-ad

കഴിഞ്ഞ ദിവസം നാമനിർദേശപത്രിക സ്വീകരിക്കാനുള്ള നടപടികൾ സുധാകരൻ ആരംഭിച്ചിരുന്നു. എം.പിയെന്ന നിലയിൽ കേരള ഹൗസിലുള്ള കുടിശ്ശിക പൂർണമായും തീർക്കുകയും ഡൽഹിയിലെ സിപിഡബ്ല്യുഡിയിലെ കുടിശ്ശിക തീർക്കാനുള്ള നടപടികൾ സുധാകരന്റെ ഓഫീസ് തുടങ്ങുകയും ചെയ്തിരുന്നു. കുടിശ്ശിക തീർത്താൽ മാത്രമേ ബാധ്യതാരഹിത സർട്ടിഫിക്കറ്റ് ലഭിക്കുകയുള്ളൂ. തിരഞ്ഞെടുപ്പിനായി നാമനിർദേശപത്രിക സമർപ്പിക്കുന്നതിന് മുന്നോടിയായാണ് സാധാരണ ഇത്തരം നടപടികൾ ചെയ്യാറുള്ളത്. അതിന് പിന്നാലെയാണ് കോൺഗ്രസ് സീറ്റില്ലെന്ന് അദ്ദേഹത്തോട് വ്യക്തമാക്കിയത്.

കോൺ​ഗ്രസ് നേതൃത്വം പലതവണ സമീപിച്ചപ്പോഴും സീറ്റില്ലാതെ മറ്റൊന്നിനും വഴങ്ങില്ലെന്ന സൂചനയാണ് സുധാകരൻ നൽകിയത്. പാർട്ടിയുടെ രണ്ടാം ഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തുവരുന്നതോടെ താൻ മാധ്യമങ്ങളെ കാണുമെന്നാണ് അദ്ദേഹം അറിയിച്ചിരിക്കുന്നത്.. എന്താവും സുധാകരന്റെ തീരുമാനമെന്നറിയാനുള്ള ആകാംക്ഷയിലാണ് രാഷ്ട്രീയ കേരളം.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: