ചുമ്മ വിമതനെ പിൻതുണച്ച് ജയിക്കാവുന്ന സാഹചര്യം കളഞ്ഞുകുളിക്കരുത്…- അമർഷം വ്യക്തമാക്കി യൂത്ത് കോൺഗ്രസ്, യൂത്ത് ലീഗ്!! തളിപ്പറമ്പിൽ പികെ ശ്യാമളയ്ക്കതിരെ വരിക മണ്ഡലത്തിലെ തന്നെ ശക്തനായ നേതാവ്?

കണ്ണൂർ: തളിപ്പറമ്പിലും പയ്യന്നൂരിലും സിപിഎമ്മിൽനിന്ന് പിണങ്ങി പുറത്തുചാടിയ വിമതരെ പിന്തുണയ്ക്കുന്നതിനെച്ചൊല്ലി യുഡിഎഫിൽ പ്രതിഷേധം. സിപിഎമ്മിൽ ഇപ്പോളുള്ള ആഭ്യന്തരകലാപത്തിൽ രണ്ടിടത്തും ജയിക്കാവുന്ന സാഹചര്യമാണുള്ളത്. അത് പ്രയോജനപ്പെടുത്താതെ സിപിഎം വിമതരെ പിന്തുണയ്ക്കാനുള്ള തീരുമാനം ശരിയല്ലെന്നുമാണ് വിമർശനം. പാർട്ടിയിൽ നിന്നു പുറത്തുചാടിയതോടെ പയ്യന്നൂരിൽ വി. കുഞ്ഞികൃഷ്ണനെയും തളിപ്പറമ്പിൽ ടി.കെ. ഗോവിന്ദനെയും പിന്തുണയ്ക്കാനുള്ള ആലോചന നേതൃതലത്തിൽ തുടങ്ങിയതു
മുതൽ അണികൾ അതൃപ്തി പരസ്യമായി പ്രകടിപ്പിച്ചതാണ്.
കൂടാതെ അന്തിമപട്ടിക പുറത്തുവരുന്നതിന് മുൻപുതന്നെ യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി ഉൾപ്പെടെ പരസ്യമായി രംഗത്തെത്തിയിരുന്നു. യൂത്ത് ലീഗിലും സമാന പ്രതിഷേധമുണ്ട്. സാമൂഹികമാധ്യമങ്ങളിലും ഇവർ പ്രതിഷേധമുയരുന്നുണ്ട്. രണ്ടിടത്തും കോൺഗ്രസ് മത്സരിക്കണമെന്നാണ് യൂത്ത് കോൺഗ്രസിന്റെ ആവശ്യം. ഇത് നേതൃത്വത്തെ അറിയിച്ചെങ്കിലും കാര്യമായ പരിഗണന കിട്ടിയിട്ടില്ല.
തങ്ങളുടെ അതൃപ്തി പ്രകടമാക്കി കഴിഞ്ഞ ദിവസം യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് വിജിൽ മോഹൻ സാമൂഹികമാധ്യമത്തിൽ പങ്കുവെച്ച കുറിപ്പ് ഇങ്ങനെയായിരുന്നു.
ഇനിയും ചെണ്ടയായി മാറാൻ ഞങ്ങൾ തയ്യാറാണ്, പക്ഷേ മാരാർ ചമയുന്നത് ശത്രുക്കളാകരുത്!
പോരാട്ടവീഥിയിൽ ലാത്തിയടികൾ ഏറ്റുവാങ്ങാൻ അണികൾ വേണം. ജയിലറകളിൽ ഇരുളടഞ്ഞ ദിവസങ്ങൾ തള്ളിനീക്കാൻ പോരാളികൾ വേണം.
ഇന്നലെ വരെ പാർട്ടിയെ അക്രമിച്ചവരെ ഇന്ന് ചുമലിൽ താങ്ങുമ്പോൾ, വർഷങ്ങളായി പാർട്ടിയെ ചുമലിലേറ്റുന്നവരുടെ കണ്ണീർ കാണാതെ പോകരുത്. ചുവടുമാറി വരുന്നവർക്ക് നൽകുന്ന പരിഗണന, പാർട്ടിയുടെ ചുവടുറപ്പിക്കാനായി നിന്നവരുടെ അവകാശത്തിന്മേലുള്ള കടന്നുകയറ്റമാവരുത്.
അക്രമങ്ങളും അവഗണനകളും എത്രയുണ്ടായാലും മൂവർണ്ണകൊടി ഇടനെഞ്ചോട് ചേർത്തുപിടിച്ച് പ്രസ്ഥാനത്തിന് വേണ്ടി തെരുവിൽ പോരാട്ടം തുടരും
അതേസമയം വി. കുഞ്ഞികൃഷ്ണനെ പിന്തുണയ്ക്കരുതെന്ന് നേരത്തേ യൂത്ത് കോൺഗ്രസ് പയ്യന്നൂർ മണ്ഡലം സമ്മേളനം ആവശ്യപ്പെട്ടിരുന്നു. ടി.കെ. ഗോവിന്ദനെ തളിപ്പറമ്പിൽ പിന്തുണയ്ക്കുന്നതിലും എതിർപ്പുണ്ട്. 2021-ൽ ഇവിടെ മത്സരിച്ച വി.പി. അബ്ദുൾ റഷീദിന് എം.വി. ഗോവിന്ദന്റെ ഭൂരിപക്ഷം ഗണ്യമായി കുറയ്ക്കാൻ കഴിഞ്ഞിരുന്നു. തോൽവിക്കുശേഷവും മണ്ഡലത്തിൽ തുടർന്ന അബ്ദുൾ റഷീദിന്റെ നേതൃത്വത്തിൽ വോട്ടർപട്ടികയിൽ പേര് ചേർക്കുന്നതുൾപ്പെടെയുള്ള പ്രവർത്തനങ്ങളും നടന്നിരുന്നു.
അതേസമയം മണ്ഡലത്തിലെ പ്രമുഖ കോൺഗ്രസ് നേതാവ് തളിപ്പറമ്പിൽ മത്സരിക്കാൻ തയ്യാറെടുക്കുന്നതായും വിവരമുണ്ട്. നേരത്തേ തളിപ്പറമ്പിൽ പരിഗണിച്ചവരുടെ കൂട്ടത്തിലുള്ള നേതാവാണ് പത്രിക നൽകാനൊരുങ്ങുന്നതെന്നാണ്. തെരഞ്ഞെടുപ്പ് വിജയത്തിനപ്പുറം സിപിഎം കോട്ടകളിലേക്ക് കടന്നുകയറാനുള്ള അവസരമാണ് ടി.കെ. ഗോവിന്ദനെയും വി. കുഞ്ഞികൃഷ്ണനെയും പിന്തുണയ്ക്കുന്നതിലൂടെ ഉണ്ടാകുന്നതെന്ന അഭിപ്രായവും കോൺഗ്രസിലുണ്ട്.






