
കൊച്ചി: നൃത്തപരിപാടിക്കിടെ സീലിംഗ് പൊളിഞ്ഞുവീണ് രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ നാലുപേര്‍ക്ക് പരിക്കേറ്റു. എറണാകുളം ഗിരിനഗര്‍ കമ്മ്യൂണിറ്റി ഹാളില്‍ ഇന്നലെ രാത്രി 8.30ഓടെയാണ് സംഭവം. ആളുകള്‍ തിങ്ങിനിറഞ്ഞിരുന്ന ഹാളിന്റെ മദ്ധ്യഭാഗത്തുള്ള സീലിംഗിലെ ജിപ്സം ബോര്‍ഡിന്റെ ഭാഗങ്ങള്‍ പൊളിഞ്ഞ് വീഴുകയായിരുന്നു. ആരുടെയും പരിക്ക് സാരമുള്ളതല്ല.
തലയ്ക്ക് മുറിവേറ്റ കടവന്ത്ര ജവഹര്‍ നഗറിലെ ജവഹര്‍ ജുവല്‍ അപ്പാര്‍ട്ട്മെന്റിലെ ഷിജോയുടെ മകള്‍ ദക്ഷ (12), അമ്മ ചിത്ര, പുത്തന്‍കുരിശ് സ്വദേശി സുനില്‍കുമാറിന്റെ മകള്‍ അമൃത (17) എന്നിവരെ കടവന്ത്ര ഇന്ദിരാഗാന്ധി കോ- ഓപ്പറേറ്റീവ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദക്ഷയ്ക്ക് സ്റ്റിച്ച് ഇടേണ്ടിവരുമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. റിനെ മെഡിസിറ്റിയിലെ ജനറല്‍ മെഡിസിന്‍ ഡോക്ടര്‍ ലക്ഷ്മി ഉണ്ണികൃഷ്ണനും പരിക്കേറ്റ് ചികിത്സയിലാണ്. ലക്ഷ്മിയുടെ തലയില്‍ ഏഴ് സ്റ്റാപ്ലിംഗ് സ്റ്റിച്ച് ഇട്ടു. മകളുടെ നൃത്തം കാണാനായാണ് ലക്ഷ്മി പരിപാടിക്കെത്തിയത്.

ഇന്നലെ രാവിലെ ആറ് മണി മുതലാണ് ‘ഡാന്‍സ് വാര്‍’ എന്ന ടെലിവിഷന്‍ റിയാലിറ്റി ഷോ ആരംഭിച്ചത്. മുന്നൂറോളം കുട്ടികള്‍ പരിപാടിയില്‍ പങ്കെടുത്തു. ഇവരുടെ കുടുംബാംഗങ്ങളും നൃത്താദ്ധ്യാപകരുമെല്ലാം സദസിലുണ്ടായിരുന്നു. 18 വയസുവരെയുള്ള കുട്ടികളുടെ പല ഗ്രൂപ്പുകളിലായിരുന്നു മത്സരം. ഇപ്പോഴും പലരും സംഭവത്തിന്റെ ഞെട്ടലിലാണ്.
നൃത്തപരിപാടിക്ക് അനുമതി വാങ്ങിയിട്ടില്ലെന്ന് സ്ഥലം സന്ദര്‍ശിച്ച കൗണ്‍സിലറും സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സമുമായ മാലിനി കുറുപ്പ് പറഞ്ഞു. പണം വാങ്ങി രജിസ്ട്രേഷന്‍ നടത്തി സംഘടിപ്പിക്കുന്ന പരിപാടികള്‍ക്ക് കോര്‍പ്പറേഷന്റെ അനുമതി വാങ്ങണമെന്നാണ് ചട്ടം. പൊലീസില്‍ ആരും പരാതിപ്പെടാത്തതിനാല്‍ കേസെടുത്തിട്ടില്ല. എറണാകുളം കോ – ഓപ്പറേറ്റീവ് കണ്‍സ്ട്രക്ഷന്‍ സൊസൈറ്റിയുടെ ഉടമസ്ഥതയിലുള്ള ഹാളിലാണ് അപകടമുണ്ടായത്.