
റിയാദ്: പശ്ചിമേഷ്യയിൽ ഇറാന്റെ സൈനിക നീക്കങ്ങൾക്കെതിരെ ഗൾഫ് രാജ്യങ്ങൾക്കിടയിൽ കനത്ത പ്രതിഷേധം ഉയരുന്നു. മേഖലയിലെ സമാധാനം തകർക്കുന്ന രീതിയിൽ സായുധ സംഘങ്ങൾക്ക് ആയുധവും ഫണ്ടും നൽകുന്ന രീതി ഇറാൻ എത്രയും വേഗം അവസാനിപ്പിക്കണമെന്ന് 12 ഗൾഫ്-അറബ്-ഇസ്ലാമിക് രാജ്യങ്ങൾ സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു. റിഫൈനറികൾക്കും എണ്ണപ്പാടങ്ങൾക്കും നേരെ ആക്രമണം നടത്തിയാൽ അത് ആഗോള ഇന്ധന വിപണിയെ ബാധിക്കുമെന്നും ഇതിന് വലിയ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നും സൗദി അറേബ്യ മുന്നറിയിപ്പ് നൽകി.
ഖത്തറിലെ റാസ് ലഫാൻ ഇൻഡസ്ട്രിയൽ സിറ്റിയിൽ ഉണ്ടായ ആക്രമണത്തിൽ ഗുരുതരമായ നാശനഷ്ടങ്ങൾ സംഭവിച്ചതായി ഖത്തർ എനർജി അറിയിച്ചു. ഗ്യാസ്-ടു-ലിക്വിഡ് GTLപ്ലാന്റിന് വൻ നാശമാണ് സംഭവിച്ചിരിക്കുന്നത്. ഹോർമുസ് കടലിടുക്കിന് നേരെയുള്ള ഭീഷണി അവസാനിപ്പിക്കണമെന്നും ബാബ് അൽ മന്ദബ് അടച്ചുപൂട്ടാൻ ശ്രമിക്കരുതെന്നും അറബ് രാജ്യങ്ങൾ ആവശ്യപ്പെട്ടു. അതിനിടെ സംഘർഷം ലഘൂകരിക്കുന്നതിനായി പാകിസ്ഥാൻ, ഈജിപ്ത്, തുർക്കി എന്നീ രാജ്യങ്ങൾ ഇറാനുമായി നേരിട്ട് ചർച്ചകൾ നടത്തുന്നുണ്ട്.
അതേസമയം, ഹോർമുസ് കടലിടുക്കിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ എണ്ണ ടാങ്കറുകളുടെയും ചരക്ക് കപ്പലുകളുടെയും സുരക്ഷിതമായ യാത്രയ്ക്കായി ഇന്ത്യ നയതന്ത്ര നീക്കങ്ങൾ ഊർജ്ജിതമാക്കി. നിലവിൽ 21 ഇന്ത്യൻ കപ്പലുകൾ ഹോർമുസ് കടലിടുക്കിൽ കുടുങ്ങിക്കിടക്കുകയാണ്. ഇതിലായി 611 ഇന്ത്യൻ ജീവനക്കാരുണ്ട്. ഇവരെയും കപ്പലുകളെയും സുരക്ഷിതമായി പുറത്തെത്തിക്കാനാണ് ഇന്ത്യ ശ്രമിക്കുന്നത്. ഇന്ത്യ നൽകിയ മരുന്നുകൾക്ക് ഇറാൻ സർക്കാർ നന്ദി അറിയിച്ചു. ഇറാനിയൻ റെഡ് ക്രസന്റിന് കൈമാറിയ മരുന്നുകൾ അതിർത്തി രാജ്യങ്ങൾ വഴി റോഡ് മാർഗ്ഗം ഇറാനിലെത്തിക്കാനാണ് തീരുമാനം. എൽപിജി ഉൽപ്പാദനം വർദ്ധിപ്പിച്ചു: യുദ്ധസാഹചര്യത്തിൽ ഇന്ധനക്ഷാമം ഒഴിവാക്കാൻ രാജ്യത്തെ എൽപിജി ഉൽപ്പാദനം കേന്ദ്രസർക്കാർ 40 ശതമാനമായി ഉയർത്തി. നേരത്തെ കുടുങ്ങിക്കിടന്ന രണ്ട് എൽപിജി ടാങ്കറുകൾക്ക് കടന്നുപോകാൻ ഇറാൻ അനുമതി നൽകിയിരുന്നു.





