കൊച്ചി: കലൂര്‍ രാജ്യാന്തര സ്റ്റേഡിയത്തിലെ ഗ്യാലറിയില്‍നിന്ന് വീണു പരുക്കേറ്റ തൃക്കാക്കര എംഎല്‍എ ഉമാ തോമസിന്റെ ആരോഗ്യനിലയില്‍ പുരോഗതി. ഉമ കണ്ണു തുറന്നതായും കൈകാലുകള്‍ അനക്കിയതായും അവരോട് അടുപ്പമുള്ള വൃത്തങ്ങള്‍ മാധ്യമങ്ങളോട് പറഞ്ഞു. രാവിലെ പത്തു മണിക്ക് മെഡിക്കല്‍ ബുള്ളറ്റിന്‍ വരുമ്പോള്‍ മാത്രമേ ആരോഗ്യനിലയിലെ പുരോഗതി വ്യക്തമാകൂ. റിനെ മെഡിസിറ്റിയില്‍ വെന്റിലേറ്ററിലാണ് ഉമാ തോമസ്.
ഡിസംബര്‍ 29നായിരുന്നു അപകടം. നടി ദിവ്യ ഉണ്ണിയുടെ നേതൃത്വത്തില്‍ ലോക റെക്കോര്‍ഡ് ലക്ഷ്യമിട്ടു 11,600 നര്‍ത്തകരുടെ ഭരതനാട്യം പരിപാടിയുടെ ഉദ്ഘാടനച്ചടങ്ങിന് എത്തിയതായിരുന്നു ഉമ തോമസ്. മന്ത്രി സജി ചെറിയാന്‍ ഉള്‍പ്പെടെയുള്ളവര്‍ വേദിയിലിരിക്കെയാണ് അപകടം. എംഎല്‍എ അപകടനില തരണം ചെയ്തിട്ടില്ലെന്ന് ആശുപത്രി അധികൃതര്‍ ഇന്നലെ അറിയിച്ചിരുന്നു. ശ്വാസകോശത്തിനേറ്റ പരുക്കു ഗുരുതരമായതിനാല്‍ കൂടുതല്‍ ദിവസം വെന്റിലേറ്റര്‍ ചികിത്സ വേണ്ടി വന്നേക്കാമെന്നും അധികൃതര്‍ വ്യക്തമാക്കിയിരുന്നു.
മസ്തിഷ്‌കത്തിലെ പരുക്കുകള്‍ ഗുരുതരമല്ലെന്നത് ആശ്വാസമാണ്. ശ്വാസകോശത്തിലെ ചതവും രക്തസ്രാവവുമാണു വെല്ലുവിളിയെന്നു റിനൈ മെഡിസിറ്റി മെഡിക്കല്‍ ഡയറക്ടര്‍ ഡോ. കൃഷ്ണനുണ്ണി പോളക്കുളത്ത് പറഞ്ഞു. മൂക്കിലെ എല്ലിനും വാരിയെല്ലുകള്‍ക്കും നട്ടെല്ലിനും ഒടിവുണ്ട്. കോട്ടയം ഗവ. മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഡോ. ടി.കെ.ജയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ വിദഗ്‌ധോപദേശവും ചികിത്സയ്ക്കായി ലഭ്യമാക്കിയിട്ടുണ്ട്.