റവന്യൂ വകുപ്പ് അഴിമതിയിൽ ആണ്ട് കിടക്കുകയാണ്. പെട്രോൾ പമ്പിന് ഭൂമി തരം മാറ്റാൻ കൈക്കൂലി വാങ്ങുന്നതിനിടെ പന്തീരാങ്കാവ് വില്ലേജ് വില്ലേജ് ഓഫിസറും എസ്റ്റേറ്റ് ഭൂമി സര്‍വേ നടത്തുന്നതിനായി കൈക്കൂലി വാങ്ങുന്നതിനിടെ ഇടുക്കിയിൽ താത്കാലിക സര്‍വേയറും ഇന്നലെ വിജിലൻസ് പിടിയിലായി. കണ്ണൂർ ചാലാട് സ്വദേശി എം.പി അനിൽകുമാറാണ് കോഴിക്കോട് പന്തീരാങ്കാവിൽ വിജിലൻസ് വലയിൽ കുടുങ്ങിയത്. മെഡിക്കൽ കോളജിന് സമീപത്തെ ലോഡ്ജിൽ പരാതിക്കാരൻ 50,000 രൂപ കൈമാറുന്നതിനിടെയാണു വില്ലേജ് ഓഫീസർ അനിൽ കുമാർ വിജിലൻസിന്റെ പിടിയിലായത്. പന്തീരാങ്കാവ് കൈമ്പാലത്തെ ഒരേക്കർ ഭൂമിയിൽ 30 സെന്റ് തരം മാറ്റുന്നതിന് 2 ലക്ഷം രൂപയാണ് കൈക്കൂലി ആവശ്യപ്പെട്ടത്.
ആദ്യ ഗഡു 50,000 രൂപ മെഡിക്കൽ കോളജിനു സമീപത്തെ ഹോട്ടലിൽ വച്ച് നൽകാനായിരുന്നു പരാതിക്കാരനോട് ഇയാൾ ആവശ്യപ്പെട്ടത്. വിവരം പരാതിക്കാരൻ വിജിലൻസിനെ അറിയിച്ചു. വിജിലൻസ് നൽകിയ ഫിനോഫ്‌തലിൻ വിതറിയ കറൻസി നോട്ട് കൈമാറുന്നതിനടെ കോഴിക്കോട് വിജിലൻസ് എത്തി പരിശോധന നടത്തി അനിൽകുമാറിനെ കസ്റ്റഡിയിലെടുത്തു. 15 വർഷമായി അനിൽകുമാർ വില്ലേജ് ഓഫിസറാണ്. ഈ വർഷമാണ് പന്തീരാങ്കാവിലേക്ക് സ്ഥലം മാറി എത്തിയത്.
ഇയാൾക്കെതിരെ മുൻപും പരാതികൾ ഉയർന്നതിനാൽ വിജിലൻസിന്റെ നിരീക്ഷണത്തിലായിരുന്നു. അതിനിടെയാണ് കൈക്കൂലി കേസിൽ പിടിയിലായത്.
ഇടുക്കി ബൈസണ്‍വാലി വില്ലേജിലെ താത്കാലിക സര്‍വേയര്‍ പനംകുട്ടി സ്വദേശി നിതിന്‍ എസ് അമ്പാട്ട് ആണ് എസ്റ്റേറ്റ് ഭൂമി സര്‍വേ നടത്തുന്നതിനായി കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായത്. ബൈസണ്‍വാലിയിലെ എസ്റ്റേറ്റ് ഭൂമി സര്‍വേ നടത്തുന്നതിനായി എസ്റ്റേറ്റ് മാനേജരോട് 50,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടയിലാണ് പിടിയിലായത്. ഇടുക്കി വിജിലന്‍സ് ടീം ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്.