തിരുവനന്തപുരം: കെ-റെയിലില്‍ പ്രതിസന്ധി തുടരുന്നു. ബ്രോഡ് ഗേജ് അടക്കമുള്ള നിര്‍ദേശങ്ങളില്‍ മാറ്റംവരുത്താനാകില്ലെന്ന് റെയില്‍വേ വ്യക്തമാക്കി. സംസ്ഥാന സര്‍ക്കാര്‍ മന്ത്രാലയവുമായി നടത്തിയ രണ്ടാംഘട്ട ചര്‍ച്ചയിലും പുരോഗതി ഇല്ല. സില്‍വര്‍ലൈനുമായി ബന്ധപ്പെട്ട നിലപാട് മാറ്റാന്‍ തയാറാകില്ലെന്നു വ്യക്തമാക്കിയിരിക്കുകയാണ് റെയില്‍വേ. ഇനി സംസ്ഥാന സര്‍ക്കാരാണു ബദല്‍ നിര്‍ദേശം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ തീരുമാനം എടുക്കേണ്ടത്.
ഇന്നലെ നടന്ന രണ്ടാംഘട്ട ചര്‍ച്ചയിലും റെയില്‍വേ നേരത്തെ മുന്നോട്ടുവച്ച നിര്‍ദേശങ്ങള്‍ ആവര്‍ത്തിക്കുകയായിരുന്നു. അര്‍ധ അതിവേഗ പാതയെന്ന സില്‍വര്‍ലൈന്‍ ലക്ഷ്യം പൂര്‍ത്തീകരിക്കാനാകില്ലെന്ന വാദം ആവര്‍ത്തിച്ചിരിക്കുകയാണ് കെ-റെയില്‍ വൃത്തങ്ങള്‍. ലക്ഷ്യമിടുന്ന വേഗം ബ്രോഡ് ഗേജില്‍ സാധ്യമാകില്ലെന്നാണു സൂചിപ്പിച്ചത്. ചരക്ക് ട്രെയിനുകള്‍ ഈ പാതയിലേക്ക് അനുവദിച്ചാല്‍ യാത്രാട്രെയിനുകളുടെ വേഗത കുറയും. ഡിപിആറില്‍ മുന്നോട്ടുവച്ച സ്വപ്നങ്ങളെ സാക്ഷാത്കരിക്കുന്നതിന് ഇതു തടസമാകും.
നിലവിലെ നയം പ്രകാരം ബ്രോഡ് ഗേജില്‍ മാത്രമേ പാത അനുവദിക്കാനാകൂവെന്ന് ആവര്‍ത്തിച്ചിരിക്കുകയാണ് റെയില്‍വേ. നിലവിലെ സ്ഥിതിയില്‍ കെ-റെയിലിനു തീരുമാനം കൈക്കൊള്ളാനാകില്ല. ഇനി സര്‍ക്കാരിന്റെ തീരുമാനത്തെ ആശ്രയിച്ചായിരിക്കും പദ്ധതിയുടെ മുന്നോട്ടുപോക്ക്.
ബ്രോഡ് ഗേജ്-സ്റ്റാന്‍ഡേഡ് ഗേജ് തര്‍ക്കത്തിനപ്പുറമുള്ള മറ്റുചില കാര്യങ്ങളും റെയില്‍വേ ആവശ്യപ്പെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട വാദങ്ങളും യോഗത്തില്‍ കെ-റെയില്‍ അവതരിപ്പിച്ചിരുന്നു. 160 കി.മീറ്റര്‍ വേഗതയുള്ള പാതകള്‍ ഡെഡിക്കേറ്റഡ് റൂട്ടുകളാകണമെന്ന് 2018ലെ ഇന്ത്യന്‍ റെയില്‍വേ വേഗനയത്തില്‍ വ്യക്തമാക്കുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് സില്‍വര്‍ലൈന്‍ ഡിപിആര്‍ രൂപീകരിച്ചതെന്നാണ് കെ-റെയില്‍ മറുപടി നല്‍കിയത്. ഈ നയം അനുസരിച്ച് ഡല്‍ഹി-മീറത്ത് പാത കമ്മിഷന് ചെയ്ത കാര്യവും കേരളം ഓര്‍മിപ്പിച്ചിരുന്നു. ഇതിനു പുറമെ മുംബൈ-അഹ്മദാബാദ്-ഡല്‍ഹി ഡെഡിക്കേറ്റഡ് പാതയുമുണ്ടെന്നും സൂചിപ്പിച്ചു. ഇവര്‍ക്കെല്ലാം അനുവദിച്ചതു പ്രകാരം സില്‍വര്‍ലൈനും അനുകൂലമായ നിലപാട് സ്വീകരിക്കണമെന്നാണ് കെ-റെയില്‍ ആവശ്യപ്പെട്ടത്.