KeralaNEWS

കോടതി വിധിക്ക് പിന്നാലെ സുനില്‍ സ്വാമി മലയിറങ്ങി; അവസാനിപ്പിച്ചത് 40 വര്‍ഷമായി തുടര്‍ന്നുവന്ന ശീലം

പത്തനംതിട്ട: ഹൈക്കോടതി വിമര്‍ശനത്തിന് പിന്നാലെ വ്യവസായി സുനില്‍ സ്വാമി ശബരിമലയില്‍നിന്ന് ഇറങ്ങി. സുനില്‍ സ്വാമിക്ക് പ്രത്യേകമായി ഒരു പരിഗണനയും നല്‍കരുതെന്ന് ഹൈക്കോടതി ഇന്നലെ നിര്‍ദേശിച്ചിരുന്നു. മറ്റ് ഭക്തര്‍ക്ക് ലഭിക്കാത്ത സൗകര്യങ്ങള്‍ സുനില്‍ സ്വാമിക്ക് ശബരിമലയില്‍ ലഭിക്കാന്‍ പാടില്ലെന്ന് വ്യക്തമാക്കിയ കോടതി ശബരിമലയിലെ ഡോണര്‍ ഹൗസായ സഹ്യാദ്രി പില്‍ഗ്രിം സെന്ററിലെ 401ാം മുറി 10 വര്‍ഷമായി സുനില്‍ സ്വാമി മാത്രം ഉപയോഗിക്കുന്നത് എങ്ങനെയാണെന്നും ചോദിച്ചിരുന്നു. സംഭവത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തിരുന്നു.

കോടതി പരമാര്‍ശം വന്ന ഉടന്‍ തന്നെ സുനില്‍ സ്വാമി സന്നിധാനത്ത് നിന്നും മടങ്ങി. ഡോളിയിലാണ് പമ്പയിലെത്തിയത്. 40 വര്‍ഷമായി തുടര്‍ച്ചയായി നടതുറക്കുന്ന നാള്‍ മുതല്‍ അടക്കുന്നത് വരെയും സുനില്‍ സ്വാമി ശബരിമലയില്‍ നിറസാന്നിദ്ധ്യമായിരുന്നു. ശബരിമലയില്‍ എല്ലാ ദിവസത്തെ പൂജകളിലും സുനില്‍ സ്വാമി പങ്കെടുക്കുന്നുണ്ട്. ഈ സമയത്തെല്ലാം ശ്രീകോവിലിന് മുന്നില്‍ ഇദ്ദേഹം ഉണ്ടാകാറുണ്ട്.

Signature-ad

വിര്‍ച്വല്‍ ക്യൂ വഴി മാത്രമാണ് ഭക്തര്‍ക്ക് സന്നിധാനത്തേക്ക് പ്രവേശനമുള്ളത്. സുനില്‍ സ്വാമിക്കും ഈ രീതിയില്‍ പ്രവേശനം അനുവദിച്ചാല്‍ മതിയെന്ന് കോടതി പറഞ്ഞു. ഡോണര്‍ റൂമുകളില്‍ ഒരു സീസണില്‍ അഞ്ച് ദിവസം ആ മുറിയില്‍ സൗജന്യമായി താമസിക്കാനും പത്ത് ദിവസം വാടക നല്‍കി താമസിക്കാനും അനുവാദമുണ്ട്. എന്നാല്‍ വര്‍ഷങ്ങളോളം അത് കൈവശം വയ്ക്കാന്‍ കഴിയില്ല. ഇതാണ് സുനില്‍ സ്വാമി ലംഘിച്ചതെന്ന് കോടതി വിലയിരുത്തി.

ശബരിമലയുമായി ബന്ധപ്പെട്ട സുനില്‍ സ്വാമിയുടെ ഇടപെടലുകള്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു. മാസങ്ങളായി ഇവ കോടതി പരിശോധിച്ചുവരികയുമായിരുന്നു. വിവിധ വകുപ്പുകളില്‍ നിന്ന് ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് തേടുകയും അവ പരിശോധിക്കുകയും ചെയ്ത ശേഷമാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്.

ബാര്‍ കോഴക്കേസുമായി ബന്ധപ്പെട്ട് വിവാദങ്ങളില്‍ ഉള്‍പ്പെട്ട വ്യക്തിയാണ് സുനില്‍ സ്വാമി. വ്യക്തി താത്പര്യങ്ങള്‍ക്ക് വേണ്ടി ഇയാള്‍ ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥരെ പണം കൊടുത്ത് സ്വാധീനിക്കുന്നുണ്ടെന്നും, ആചാര ലംഘനം നടത്തുന്നുണ്ടെന്നും വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ വിജിലന്‍സ് റിപ്പോര്‍ട്ടുണ്ടായിരുന്നു.

 

Back to top button
error: