തിരുവനന്തപുരം: വ്യാജ സഹകരണസംഘത്തില്‍ ജോലി വാഗ്ദാനംചെയ്ത് 30 ലക്ഷം രൂപ തട്ടിയ കേസില്‍ അറസ്റ്റ്. കോട്ടയം സ്വദേശിയായ തപസ്യാനന്ദ എന്നറിയപ്പെടുന്ന രാധാകൃഷ്ണന്‍ (60) ആണ് അറസ്റ്റിലായത്. കടയ്ക്കാവൂര്‍ സ്വദേശിയുടെ പരാതിയില്‍ ക്രൈംബ്രാഞ്ചിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം നടത്തിയ അന്വേഷണത്തിലാണ് പിടിയിലായത്.
വെള്ളറടയില്‍ യാതൊരു അംഗീകാരവുമില്ലാതെ പ്രവര്‍ത്തിച്ചിരുന്ന ബയോ ടെക്നോളജി കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ പേരിലാണ് ഇയാള്‍ വന്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയത്. തൊഴില്‍രഹിതരായ യുവതീ യുവാക്കളെ തന്റെ അത്മീയമുഖം ഉപയോഗിച്ച് ആകര്‍ഷിച്ചും സ്വാധീനിച്ചുമാണ് രാധാകൃഷ്ണനും കൂട്ടാളികളും തട്ടിപ്പ് നടത്തിയത്. ജില്ലയിലെ വിവിധസ്ഥലങ്ങളിലുള്ള ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും ലക്ഷക്കണക്കിന് രൂപയാണ് ഇവര്‍ തട്ടിയെടുത്തത്. ഈ കേസിലെ പ്രധാന പ്രതി വെള്ളറട സ്വദേശി അഭിലാഷ് ബാലകൃഷ്ണനെ നേരത്തേ അറസ്റ്റുചെയ്തിരുന്നു. രാധാകൃഷ്ണന്‍ ഇടനിലക്കാരനായാണ് പണം വാങ്ങിയത്. തിരുവനന്തപുരത്ത് താമസമാക്കിയിരുന്ന ഇയാള്‍ കേസുകള്‍ വന്നതോടെ കര്‍ണാടകത്തിലേക്കും അവിടെനിന്ന് വയനാട്ടിലേക്കും കടക്കുകയായിരുന്നു.
പണം തിരികെക്കിട്ടാതെയായപ്പോള്‍ ഇയാള്‍ ഇടപെട്ട് പണമോ ജോലിയോ നല്‍കാമെന്നു പറഞ്ഞ് സമയം നീട്ടിക്കൊണ്ടുപോവുകയായിരുന്നു. ജില്ലയിലെ വിവിധയിടങ്ങളിലെ ഉദ്യോഗാര്‍ഥികളില്‍നിന്ന് ഇത്തരത്തില്‍ പണം തട്ടിയെടുത്തിട്ടുണ്ടെന്നും ക്രൈംബ്രാഞ്ച് സി.ഐ: രാജ്കുമാര്‍ പറഞ്ഞു. പ്രതിക്ക് മധുര, എറണാകുളം തുടങ്ങിയ സ്ഥലങ്ങളില്‍ സാമ്പത്തിക തട്ടിപ്പുകേസുകളുള്ളതായി വിവരം ലഭിച്ചതായും വിശദമായ അന്വേഷണം നടക്കുകയാണെന്നും അന്വേഷണസംഘം അറിയിച്ചു.