ന്യൂഡല്‍ഹി: വയനാട്ടില്‍ ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ മുണ്ടക്കൈചൂരല്‍മല മേഖലയിലേക്കുള്ള സഹായപദ്ധതിയുടെ കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ വീണ്ടും ഉരുണ്ടുകളിക്കുന്നു. ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ തുക കേരളത്തിന്റെ ദുരന്തപ്രതികരണ ഫണ്ടില്‍ (എസ്ഡിആര്‍എഫ്) ബാക്കിയുണ്ടെന്നാണ് ഡല്‍ഹിയില്‍ കേരള സര്‍ക്കാരിന്റെ പ്രത്യേക പ്രതിനിധി കെ.വി.തോമസിന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായി കഴിഞ്ഞദിവസം നല്‍കിയ കത്തില്‍ പറയുന്നത്.
പ്രധാനമന്ത്രിയുടെ ഓഫിസില്‍നിന്നുള്ള നിര്‍ദേശപ്രകാരമാണ് ആഭ്യന്തര സഹമന്ത്രി മറുപടി നല്‍കിയതെന്നാണു വിവരം. 2024 ഏപ്രില്‍ 1 വരെ 394 കോടി രൂപ എസ്ഡിആര്‍എഫില്‍ ബാക്കിയുണ്ടെന്ന് അക്കൗണ്ടന്റ് ജനറല്‍ അറിയിച്ചിട്ടുണ്ടെന്നു കേന്ദ്രത്തിന്റെ മറുപടിയില്‍ പറയുന്നു. 202425 ല്‍ എസ്ഡിആര്‍എഫിലേക്ക് 388 കോടി രൂപ കൈമാറിയതില്‍ 291 കോടി കേന്ദ്ര വിഹിതമാണ്.
പ്രത്യേക സഹായമായി 1500 കോടി രൂപയാണു കേരളം ആവശ്യപ്പെട്ടത്. എന്നാല്‍, മുഖ്യമന്ത്രി പിണറായി വിജയന്‍ കത്തു നല്‍കി 3 മാസം കഴിഞ്ഞും ഇക്കാര്യത്തില്‍ വ്യക്തതയില്ലാത്ത നിലപാടാണു കേന്ദ്രത്തിന്റേത്. പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ സന്ദര്‍ശനവും കേന്ദ്രം ഇതുവരെ കൈക്കൊണ്ട നടപടികളും കേന്ദ്രമന്ത്രിയുടെ കത്തില്‍ വിശദീകരിച്ചിട്ടുണ്ട്. കേരളം ആവശ്യപ്പെടാതെ തന്നെ സ്ഥലം സന്ദര്‍ശിച്ച് സ്ഥിതി മനസ്സിലാക്കാന്‍ കേന്ദ്രസംഘത്തെ നിയോഗിച്ചിരുന്നുവെന്നും അവരുടെ റിപ്പോര്‍ട്ടിന്റെയും വ്യവസ്ഥകളുടെയും അടിസ്ഥാനത്തില്‍ തുടര്‍നടപടിയുണ്ടാകുമെന്നുമാണ് പറയുന്നത്. എന്നാല്‍, വയനാട് സന്ദര്‍ശനം ഓഗസ്റ്റ് എട്ടിനു പൂര്‍ത്തിയാക്കിയ സംഘം മാസങ്ങള്‍ക്കു മുന്‍പേ റിപ്പോര്‍ട്ട് കൈമാറിയതാണ്.
വയനാട്ടിലേത് ദേശീയദുരന്തമായി പ്രഖ്യാപിക്കാന്‍ മാര്‍ഗരേഖ അനുവദിക്കുന്നില്ലെന്നു കത്തില്‍ ആവര്‍ത്തിച്ചിട്ടുണ്ട്. ദുരന്തനിവാരണം അടിസ്ഥാനപരമായി സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്. ദേശീയ, സംസ്ഥാന ദുരന്തപ്രതികരണ ഫണ്ടുകളില്‍നിന്നുള്ള സാമ്പത്തിക സഹായം സമാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കുള്ളതാണെന്നും നഷ്ടപരിഹാരം നല്‍കാനല്ലെന്നും കേന്ദ്രം പറയുന്നു.
സംസ്ഥാന ദുരന്തപ്രതികരണഫണ്ടില്‍ (എസ്ഡിആര്‍എഫ്) തുക ബാക്കിയുണ്ടെന്ന വാദമാണ് കേന്ദ്രം ഉന്നയിക്കുന്നതെങ്കിലും അതുപയോഗിച്ചു ചെയ്തുതീര്‍ക്കാവുന്നതല്ല പുനരധിവാസപ്രവര്‍ത്തനങ്ങള്‍. എഡ്ഡിആര്‍എഫിലെ 96.8 കോടി രൂപ സംസ്ഥാനവിഹിതമാണു താനും.
എസ്ഡിആര്‍എഫ് വ്യവസ്ഥപ്രകാരം, പൂര്‍ണമായി തകര്‍ന്ന വീടിന് 1.30 ലക്ഷം രൂപയും ഒരു കിലോമീറ്റര്‍ റോഡ് നന്നാക്കാന്‍ 75,000 രൂപയും മാത്രമേ അനുവദിക്കാനാകൂ. ഇത്തരം അപ്രായോഗിക വ്യവസ്ഥകള്‍ പുനര്‍നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പരിമിതപ്പെടുത്തുമെന്നാണ് സംസ്ഥാന റവന്യു ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നത്.
ദുരന്തനിവാരണ നിയമമനുസരിച്ചു കേന്ദ്രസര്‍ക്കാര്‍ വര്‍ഷാവര്‍ഷം നല്‍കേണ്ട സഹായം മാത്രമേ കേരളത്തിനു ലഭിച്ചിട്ടുള്ളൂ. ദുരന്തമുണ്ടായാലും ഇല്ലെങ്കിലും ലഭിക്കുമായിരുന്ന ഈ ഫണ്ട് മുണ്ടക്കൈചൂരല്‍മല പുനരധിവാസത്തിനു പര്യാപ്തമല്ല.
വലിയ ദുരന്തങ്ങളുണ്ടാകുമ്പോള്‍ എസ്ഡിആര്‍എഫ് വിഹിതത്തിനു പുറമേ ദേശീയ ദുരന്തനിവാരണഫണ്ടില്‍ നിന്നും കേന്ദ്രം സംസ്ഥാനങ്ങള്‍ക്കു കൂടുതല്‍ സഹായം നല്‍കാറുണ്ട്. കേരളത്തിന് ഈ സഹായമോ മറ്റു സംസ്ഥാനങ്ങള്‍ക്കു ലഭിച്ചതുപോലുള്ള അടിയന്തര ധനസഹായമോ ലഭിച്ചിട്ടില്ല.