തിരുവനന്തപുരം: ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞദിവസമാണ് കൃഷി വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറി എന്‍. പ്രശാന്തിനെയും വ്യവസായ വകുപ്പ് ഡയറക്ടര്‍ കെ. ഗോപാലകൃഷ്ണനെയും മുഖ്യമന്ത്രി സസ്പെന്‍ഡ് ചെയ്തത്. ഭരണസംവിധാനത്തിന്റെ പ്രതിഛായ തകര്‍ക്കുന്ന പരാമര്‍ശങ്ങള്‍ നടത്തിയെന്നതാണ് എന്‍. പ്രശാന്തിനെതിരായ കണ്ടെത്തല്‍. ഐ.എ.എസ് ഉദ്യോഗസ്ഥര്‍ക്കിടയില്‍ വര്‍ഗീയ ധ്രുവീകരണമുണ്ടാക്കാന്‍ കെ. ഗോപാലകൃഷ്ണന്‍ ശ്രമിച്ചുവെന്നും ഇരുവരുടെയും സസ്പെന്‍ഷന്‍ റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.
പ്രശാന്ത് നടത്തിയ ചട്ടലംഘനങ്ങള്‍ അക്കമിട്ട് നിരത്തിയാണ് സസ്പെന്‍ഷന്‍ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നത്. മുതിര്‍ന്ന സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥനായ ജയതിലകിനെതിരേ പ്രശാന്ത് നടത്തിയ ആരോപണങ്ങള്‍ സര്‍വീസ് ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത് ദിവസങ്ങളോളം മാധ്യമങ്ങളിലും സാമൂഹിക മാധ്യമങ്ങളിലും വലിയ ചര്‍ച്ചകള്‍ക്ക് കാരണമാവുകയും വിവാദങ്ങള്‍ക്ക് കാരണമാവുകയും ചെയ്തു. ഇതിലൂടെ സംസ്ഥാനത്തിന്റെ ഭരണ സംവിധാനത്തിനും ചീത്തപ്പേരിന് കാരണമായി. പരാമര്‍ശങ്ങള്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ക്കിടയിലെ ഐക്യത്തെ ഇല്ലാതാക്കുന്നതാണ്. ഇത് സംസ്ഥാനത്തിന്റെ ഭരണ സംവിധാനത്തിന് അവമതിപ്പുണ്ടാക്കിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
‘ഒരു ഐ.എ.എസ് ഉദ്യോഗസ്ഥന്റെ ഭാഗത്ത് നിന്ന് ഉണ്ടാവേണ്ട പരാമര്‍ശമല്ല പ്രശാന്ത് നടത്തിയത്. ഇതിലൂടെ ഓള്‍ ഇന്ത്യ സര്‍വീസ് കണ്ടക്ട് റൂളിലെ നിരവധി ചട്ടങ്ങളാണ് പ്രശാന്ത് ലംഘിച്ചതെന്നും അതിനാല്‍ പ്രശാന്തിനെ സസ്പെന്‍ഡ് ചെയ്യുന്നതായും’ റിപ്പോര്‍ട്ടില്‍ പറയുന്നു. സസ്പെന്‍ഷന്‍ റിപ്പോര്‍ട്ടില്‍ ഇതൊക്കെയാണ് പറയുന്നതെങ്കിലും തനിക്കെതിഷ െഗൂഡാലോചന നടന്നുവെന്നാണ് ഇപ്പോഴും പ്രശാന്തിന്റെ വാദം. സസ്പെന്‍ഷനെതിരേ നിയമ പോരാട്ടം നടത്താനാണ് പ്രശാന്തിന്റെ നീക്കമെന്നും സൂചനകളുണ്ട്.
കെ ഗോപാല കൃഷ്ണന്റെ സസ്പെന്‍ഷന്‍ റിപ്പോര്‍ട്ടിലും ഗുരുതരമായ കണ്ടെത്തലുകളാണ് ഉള്ളത്. ഐ.എ.എസ് ഉദ്യോഗസ്ഥര്‍ക്കിടയില്‍ വര്‍ഗീയ ദ്രുവീകരണം നടത്താന്‍ ശ്രമിച്ചുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ടു എന്ന രീതിയില്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞ വിശദീകരണങ്ങളെല്ലാം കളവാണെന്ന് കണ്ടെത്തിയതായും സിവില്‍ സര്‍വീസ് ചട്ടങ്ങള്‍ ലംഘിക്കുന്നതാണ് അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളെന്നും അതിനാല്‍ സസ്പെന്‍ഡ് ചെയ്യുകയാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്.