Fiction

എന്ത് ലഭിച്ചാലും സംതൃപ്തി ഇല്ലാത്തവർക്ക് നിരാശയായിരിക്കും ഫലം, ലഭ്യമായതുകൊണ്ട് ജീവിതം ഉത്സവമാക്കുന്നവരാണ് സന്തോഷം അനുഭവിക്കുന്നത്

വെളിച്ചം

    ഇരട്ടക്കുട്ടികളായിരുന്നു അയാള്‍ക്ക്. പക്ഷേ രണ്ടുപേരുടേയും സ്വഭാവം രണ്ട് തരത്തിലായിരുന്നു. ഒന്നാമന്‍ എന്തിലും സന്തോഷം കണ്ടെത്തും . പക്ഷേ രണ്ടാമൻ എവിടെയും കുറ്റവും കുറവുകളും കണ്ടെത്തുന്ന സ്വഭാവക്കാരനായിരുന്നു . രണ്ടാമന്റെ സ്വഭാവത്തില്‍ മാറ്റം വരുത്താന്‍ അവര്‍ ഒരു സൈക്കോളജിസ്റ്റിനെ പോയി കണ്ടു. അയാളുടെ നിര്‍ദ്ദേശപ്രകാരം അവര്‍ക്ക് രണ്ടുപേര്‍ക്കും ഓരോ സമ്മാനങ്ങള്‍ നല്‍കി.

Signature-ad

ഒന്നാമന് കുറെ വിത്തും ചാണകവും വളവുമാണ് നല്‍കിയത്. വ്യത്യസ്തമായ സമ്മാനം എന്ന് പറഞ്ഞ് സന്തോഷത്തോടെ അവനത് സ്വീകരിച്ചു. മാത്രമല്ല, ഈ പറമ്പുനിറയെ പച്ചക്കറിത്തോട്ടം നിര്‍മ്മിക്കുമെന്ന് അയാള്‍ മാതാപിതാക്കളെ അറിയിച്ചു.

രണ്ടാമന് വിലപിടിപ്പുള്ള ഒരു ലാപ്‌ടോപ്പ് ആണ് കൊടുത്തത്. അത് കിട്ടിയ ഉടനെ അയാള്‍ പറഞ്ഞു:

”ഇതൊക്കെ വാങ്ങുമ്പോള്‍ ഏറ്റവും പുതിയ മോഡല്‍ തന്നെ നോക്കി വാങ്ങണ്ടേ, എനിക്കിത് തീരെ ഇഷ്ടപ്പെട്ടില്ല…”

നമുക്ക് എന്ത് ലഭിക്കുന്നു എന്നതിലല്ല, ലഭ്യമായവയെ എങ്ങിനെ വിനിയോഗിക്കുന്നു എന്നതിലാണ് കാര്യം. ന്യൂനതകള്‍ കണ്ടെത്തുകയും പരാതി പറയുകയും ചെയ്യുന്നവരുടെ അടിസ്ഥാന കാരണം കയ്യിലുള്ളവയുടെ സാധ്യതതകളെക്കുറിച്ചുള്ള അറിവില്ലായ്മയാണ്. ആഗ്രഹിക്കുന്നതെല്ലാം കിട്ടിയതിന് ശേഷം എന്തെങ്കിലുമൊക്കെ ആകാനിരുന്നാല്‍ ഒന്നുമാകാതെ വിടവാങ്ങേണ്ടിവരും.

കിട്ടാത്തവയെക്കുറിച്ചുളള വിലാപമല്ല, കിട്ടിയവകൊണ്ടുള്ള ഉത്സവമാകണം ജീവിതം. എന്തു ലഭിച്ചാലും തൃപ്തിവരാത്തത് മാനസിക വൈകല്യമാണ്. മറ്റുള്ളവരുടെ പാത്രത്തിലെ അധികമുളളതു നോക്കിയിരിക്കുന്ന ഒരാളും സ്വന്തം പാത്രത്തിലെ സദ്യ ആസ്വദിക്കില്ല. അവര്‍ക്ക് പട്ടിണികിടക്കാനാണ് വിധി.

നമുക്ക് ലഭിച്ചതുകൊണ്ട് തൃപ്തരാകാന്‍ ശീലിക്കാം. എന്തെന്നാല്‍, മറ്റുള്ളവരില്‍ നിന്ന് ലഭിക്കേണ്ടതല്ല സംതൃപ്തി. ഉള്ളില്‍ രൂപപ്പെടുത്തേണ്ടതാണത്.

ശുഭദിനം ആശംസിക്കുന്നു.

സൂര്യനാരായണൻ
ചിത്രം: നിപുകുമാർ

Back to top button
error: