കേരള ലോട്ടറിയുടെ, അവസാനത്തെ നാലക്കം സമാനമായ ടിക്കറ്റുകള്‍ കൂട്ടത്തോടെ ശേഖരിച്ച് വില്‍ക്കുന്ന മാഫിയ, കിലോ മീറ്ററുകളോളം നടന്നും സൈക്കിള്‍ ചവിട്ടിയും ലോട്ടറി വില്‍ക്കുന്നവരുടെ വയറ്റത്തടിക്കുന്നു. ‘സെയിം ടിക്കറ്റ്’ വില്പനയിലൂടെ ചെറിയ സമ്മാനങ്ങള്‍ കുറച്ചുപേരില്‍ മാത്രം കേന്ദ്രീകരിച്ച് തുടങ്ങിയതിനാല്‍ ബങ്കുകളിലൂടെയും നടന്നും വില്പന നടത്തുന്നവരുടെ കച്ചവടം കുത്തനെ ഇടിഞ്ഞിരിക്കുകയാണ്.
ഹോള്‍സെയില്‍ ഏജന്റുമാര്‍ അവസാന നാലക്ക സമാന നമ്പരിന്റെ സെറ്റുകള്‍ ഉണ്ടാക്കി വില്‍ക്കാറുണ്ട്. ഇത്തരത്തില്‍, സമാനമായ ഒരു നമ്പരിന്റെ 12 ടിക്കറ്റുകള്‍ വരയേ വില്‍ക്കാവൂ എന്നാണ് ലോട്ടറി നിയമം. എന്നാല്‍ 96 സെയിം ടിക്കറ്റുകള്‍ വരെ സമാഹരിച്ചാണ് ലോബിയുടെ കച്ചവടം. വാട്‌സ്ആപ്പില്‍ ബ്രോഡ്താസ്റ്റ് ഗ്രൂപ്പ് ഉണ്ടാക്കിയാണ് വില്പന. തങ്ങളുടെ പക്കലുള്ള സെയിം ടിക്കറ്റ് നമ്പര്‍ ലോബി വാട്‌സ്ആപ്പ് ഗ്രൂപ്പിലിടും. ഒരേ നമ്പരിന് കൂടുതല്‍ ആവശ്യക്കാരെത്തിയാല്‍ വില കൂട്ടിയും ആവശ്യക്കാര്‍ കുറവുള്ള നമ്പരുകള്‍ വില താഴ്ത്തിയുമാണ് വില്പന. സ്ഥിരമായി കൂടുതല്‍ ലോട്ടറി എടുക്കുന്നവരെ കണ്ടെത്തിയാണ് ഇവരുടെ കച്ചവടം.
സെയിം ടിക്കറ്റ് തന്ത്രം
ലോട്ടറി ടിക്കറ്റിലെ അവസാന നാലക്കത്തിനാണ് അയ്യായിരം രൂപ മുതല്‍ താഴേക്കുള്ള സമ്മാനങ്ങള്‍. ഒരേ സീരീസിലെയും മറ്റ് സീരീസുകളിലെയും അവസാന നാലക്കം ഒരുപോലുള്ള ടിക്കറ്റുകള്‍ സെയിം ടിക്കറ്റ് ലോബി ശേഖരിച്ച് വിലപേശി വില്‍ക്കും. പല ലോട്ടറി ഏജന്റുമാരില്‍ നിന്നും ടിക്കറ്റുകള്‍ കൂട്ടത്തോടെ വാങ്ങിയാണ് ഇവര്‍ വേര്‍തിരിക്കുന്നത്. ഒരാളുടെ കൈയില്‍ 20 സെയിം ടിക്കറ്റുണ്ടെങ്കില്‍, ഇതിലെ അവസാന നാലക്കത്തിന് ആയ്യായിരം രൂപ അടിച്ചാല്‍ ആകെ ഒരുലക്ഷം രൂപ സമ്മാനത്തുകയായി കിട്ടും. ഇങ്ങനെ സമ്മാനത്തുക കുറച്ചുപേരില്‍ മാത്രം കേന്ദ്രീകരിക്കും. സ്ഥിരമായി സമ്മാനം ലഭിക്കാതെ നിരാശരാകുന്നതോടെ കച്ചവടക്കാരില്‍ നിന്നു വാങ്ങുന്നവര്‍ ടിക്കറ്റെടുക്കല്‍ നിറുത്തും.