IndiaNEWS

സീറ്റുവിഭജനം പൂര്‍ത്തിയാക്കി മഹാവികാസ് അഘാഡി; 95 മണ്ഡലത്തിലൊതുങ്ങി ഉദ്ധവ് വിഭാഗം

മുംബൈ: നിയമസഭാ തിരഞ്ഞെടുപ്പിനു സര്‍വസന്നാഹവുമായി മഹാ വികാസ് അഘാഡി. സീറ്റ് വിഭജനത്തില്‍ മഹാ വികാസ് അഘാഡി (ഇന്ത്യാ സഖ്യം) ധാരണയിലെത്തി. കോണ്‍ഗ്രസ് 105 സീറ്റുകളില്‍ന മത്സരിക്കും. ശിവസേനാ ഉദ്ധവ് വിഭാഗം 95 സീറ്റുകളിലും എന്‍സിപി ശരദ് പവാര്‍ വിഭാഗം 84 സീറ്റുകളിലും മത്സരിക്കും. സഖ്യത്തിലെ ചെറുകക്ഷികള്‍ക്ക് 4 സീറ്റ് നല്‍കും. മറുവശത്തു മഹായുതിയിലും (എന്‍ഡിഎ) സീറ്റ് വിഭജനം അന്തിമഘട്ടത്തിലേക്ക് അടുത്തു. ബിജെപി 152-155 സീറ്റുകളില്‍ മത്സരിച്ചേക്കും. ശിവസേനാ ഷിന്‍ഡെ വിഭാഗം 78-80 സീറ്റുകളിലും എന്‍സിപി അജിത് വിഭാഗം 52-54 സീറ്റുകളിലും മത്സരിച്ചേക്കും. അന്തിമ ചര്‍ച്ചയില്‍ ചെറിയ മാറ്റങ്ങളുണ്ടായേക്കാം.

ഏതാനും ദിവസങ്ങളായി നീണ്ട തര്‍ക്കങ്ങള്‍ക്കൊടുവില്‍ ഇന്നലെ എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍, ശിവസേനാ അധ്യക്ഷന്‍ ഉദ്ധവ് താക്കറെ എന്നിവരടക്കമുള്ള നേതാക്കളുമായി കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കള്‍ നടത്തിയ ചര്‍ച്ചയിലാണു ധാരണയായത്. കോണ്‍ഗ്രസ് ശ്രദ്ധ പുലര്‍ത്തുന്ന വിദര്‍ഭ മേഖലയിലെ ഏതാനും സീറ്റുകള്‍ക്കായി പിടിമുറുക്കിയിരുന്ന ഉദ്ധവ് വിഭാഗം നിലപാടില്‍ അയവു വരുത്തി. മുംബൈയിലേത് അടക്കം ഏതാനും സീറ്റുകള്‍ ഉദ്ധവ് വിഭാഗത്തിനു വിട്ടുനല്‍കാന്‍ കോണ്‍ഗ്രസും സമ്മതിച്ചതോടെയാണു സഖ്യത്തിലെ പിരിമുറുക്കം അവസാനിച്ചത്.

Signature-ad

അതേസമയം, ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 13 സീറ്റുകളില്‍ വിജയിച്ച് ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറിയ കോണ്‍ഗ്രസ് നിയമസഭാ തിരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റുകള്‍ ഉറപ്പിച്ചപ്പോള്‍ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ 124 സീറ്റുകളില്‍ മത്സരിച്ച ഉദ്ധവ് വിഭാഗം നൂറില്‍ താഴെ സീറ്റുകളിലേക്ക് ഒതുങ്ങി. സീറ്റ് വിഭജനം നീളുന്നതില്‍ മഹാ വികാസ് അഘാഡിയിലെ ചെറുകക്ഷികളായ സമാജ്വാദി പാര്‍ട്ടി, പെസന്റസ് ആന്‍ഡ് വര്‍ക്കേഴ്‌സ് പാര്‍ട്ടി, സിപിഎം പാര്‍ട്ടികളുടെ നേതാക്കള്‍ അതൃപ്തി അറിയിച്ചിരിക്കേയാണു തീരുമാനം വേഗത്തിലാക്കിയത്. അടുത്ത മാസം 20നാണു തിരഞ്ഞെടുപ്പ്. 23ന് വോട്ടെണ്ണല്‍.

 

Back to top button
error: