KeralaNEWS

സമ്മര്‍ദവുമായി സി.പി.ഐ, കണ്ണൂര്‍ കളക്ടറെ മാറ്റിയേക്കും; റിപ്പോര്‍ട്ട് വരുന്ന മുറയ്ക്ക് നടപടി

തിരുവനന്തപുരം: കണ്ണൂര്‍ കളക്ടര്‍ അരുണ്‍ കെ. വിജയനെ മാറ്റുന്ന കാര്യത്തില്‍ ബുധനാഴ്ച തീരുമാനമുണ്ടായേക്കും. കണ്ണൂര്‍ മുന്‍ എ.ഡി.എം. നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് ലാന്‍ഡ് റവന്യൂ ജോയിന്റ് കമ്മിഷണര്‍ എ. ഗീതയുടെ അന്വേഷണറിപ്പോര്‍ട്ട് ലഭിക്കുന്ന മുറയ്ക്ക് നടപടി സ്വീകരിക്കാനാണ് ആലോചന.

കളക്ടറെ മാറ്റുന്നകാര്യത്തില്‍ സി.പി.ഐ.യുടെ സമ്മര്‍ദവുമുണ്ട്. സര്‍ക്കാര്‍ജീവനക്കാരുടെ, സി.പി.ഐ. അനുകൂല സംഘടനായ ജോയിന്റ് കൗണ്‍സിലും ഇക്കാര്യം പരസ്യമായി ആവശ്യപ്പെട്ടിട്ടുണ്ട്. ആരോപണവിധേയരെ സംരക്ഷിക്കില്ലെന്ന നിലപാടിലാണ് മന്ത്രി കെ. രാജനും.

Signature-ad

അതേസമയം, റിപ്പോര്‍ട്ട് ബുധനാഴ്ച റവന്യൂ മന്ത്രിക്ക് കൈമാറിയേക്കുമെന്നാണ് കരുതുന്നത്. കളക്ടറെ മാറ്റുന്നകാര്യം മന്ത്രി കെ. രാജന്‍തന്നെ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടേക്കും. ശിക്ഷാനടപടിയുടെ ഭാഗമായിട്ടല്ലെങ്കിലും കളക്ടറെ മാറ്റേണ്ടിവരുമെന്നുതന്നെയാണ് റവന്യൂവകുപ്പ് ഉന്നതരും കരുതുന്നത്. പ്രതിഷേധത്തിന്റെ ഭാഗമായി കണ്ണൂര്‍ കളക്ടറേറ്റിലടക്കം ജീവനക്കാര്‍ കളക്ടറോട് നിസ്സഹകരിക്കുന്നത് വകുപ്പിന് തലവേദനയായിട്ടുണ്ട്.

നവീന്‍ ബാബുവിന്റെ യാത്രയയപ്പ് ചടങ്ങിലെത്തി സംസാരിച്ച ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യയെ വിലക്കുകയോ പിന്നീട് അവരെ തങ്ങളുടെ പ്രതിഷേധം അറിയിക്കുകയോ ചെയ്തില്ലെന്നാണ് ജീവനക്കാരുടെ ആരോപണം. കളക്ടര്‍ ക്ഷണിച്ചിട്ടാണ് താന്‍ ചടങ്ങിനെത്തിയതെന്ന ദിവ്യയുടെ വെളിപ്പെടുത്തല്‍കൂടി വന്നത് പ്രതിഷേധത്തിന്റെ മൂര്‍ച്ച കൂട്ടുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: