KeralaNEWS

ഭര്‍ത്താക്കന്‍മാര്‍ സൂക്ഷിക്കുക! സ്ത്രീധന സ്വര്‍ണ്ണം പണയം വയ്ക്കാന്‍ ഭാര്യയുടെ സമ്മതം വേണം; അല്ലെങ്കില്‍ വിശ്വാസവഞ്ചന

കൊച്ചി: ഭര്‍ത്താക്കന്‍മാര്‍ ഇനി ഒന്ന് സൂക്ഷിക്കുന്നത് നല്ലതാണ്. വേറെ ആരെയും അല്ല ഭാര്യമാരെ. എന്താണന്നല്ലേ. ഭാര്യയുടെ സമ്മതം ഇല്ലാതെ അവര്‍ സ്ത്രീധനമായി തരുന്ന സ്വര്‍ണം എടുത്ത് പണയം വെച്ചാലേ എല്ലാ ഭര്‍ത്താക്കന്‍മാര്‍ക്കും പണി കിട്ടും. അതുകൊണ്ട് പണയം വെക്കാന്‍ സ്വര്‍ണം വേണമെങ്കില്‍ ആദ്യം വേണ്ടത് ഭാര്യയുടെ സമ്മതമാണ്. അല്ലാത്ത പക്ഷം ഭര്‍ത്താക്കന്‍മാര്‍ക്ക് പണി കിട്ടും. ഭാര്യ എങ്ങാനും കേസിന് പോയല്‍ കോടതി വിധി പ്രകാരം 6 മാസം തടവുശിക്ഷയും, അഞ്ച് ലക്ഷം രൂപ നഷ്ടപരിഹരമായും നല്‍കേണ്ടി വരും.

കഴിഞ്ഞ ദിവസമാണ് ലോക്കറില്‍ വയ്ക്കാന്‍ കൈമാറിയ 50 പവന്‍ സ്വര്‍ണം ഭാര്യയുടെ അറിവോ സമ്മതമോ ഇല്ലാതെ പണയംവച്ച ഭര്‍ത്താവ് കുറ്റക്കാരനെന്ന് ഹൈക്കോടതി വിധിച്ചത്. ഭര്‍ത്താവിന് ആറുമാസം തടവുശിക്ഷയും അഞ്ചു ലക്ഷം രൂപ നഷ്ടപരിഹാരവും നല്‍കണം എന്നായിരുന്നു കോടതി വിധി. ഭര്‍ത്താവ് വിശ്വാസവഞ്ചന കാണിച്ചിട്ടുണ്ടെന്ന കീഴ്‌ക്കോടതി വിധികള്‍ ശരിവച്ചാണ് ജസ്റ്റിസ് എ.ബദറുദീന്റെ വിധി.

Signature-ad

2009ലാണ് ഇവരുടെ വിവാഹം നടന്നത്. ആ സമയത്ത് ഭാര്യയുടെ മാതാവ് സമ്മാനിച്ചതാണ് 50 പവന്‍ സ്വര്‍ണം. ഇത് ബാങ്ക് ലോക്കറില്‍ സൂക്ഷിക്കാനും ആവശ്യപ്പെടുമ്പോള്‍ തിരികെ നല്‍കാനും ഭര്‍ത്താവിനോട് പറഞ്ഞിരുന്നു. സ്വര്‍ണം തിരികെ ചോദിച്ചപ്പോഴാണ് തന്റെ അറിവോ സമ്മതമോ ഇല്ലാതെ അതു പണയം വച്ചിരിക്കുകയാണെന്ന് ഭാര്യ അറിയുന്നത്.

ഇതോടെ വിവാഹബന്ധം തകരുകയും ഭാര്യ മാതാപിതാക്കള്‍ക്കടുത്തേക്ക് മടങ്ങിപ്പോവുകയും ചെയ്തു. പിന്നീട് ഇടനിലക്കാര്‍ വഴിയുണ്ടാക്കിയ കരാര്‍ പ്രകാരം സ്വര്‍ണം തിരികെ എടുത്തു നല്‍കാമെന്ന് പറഞ്ഞെങ്കിലും ഇതു സാധ്യമായില്ല. തുടര്‍ന്ന് ഭാര്യ കോടതിയെ സമീപിക്കുകയായിരുന്നു. ഭാര്യയുടെ സമ്മതമില്ലാതെ ഭര്‍ത്താവ് സ്വര്‍ണം സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ പണയം വച്ചത് വിശ്വാസ വഞ്ചനയാണ് എന്നായിരുന്നു പ്രോസിക്യൂഷന്‍ കേസ്. ഇതിനായി, രേഖകള്‍ വ്യാജമായി ഉണ്ടാക്കിയെന്നും ഇതും ഭാര്യയെ വഞ്ചിക്കലായിരുന്നു എന്നും പ്രോസിക്യൂഷന്‍ വാദിച്ചു. കേസ് ആദ്യം പരിഗണിച്ച മജിസ്‌ട്രേട്ട് കോടതി ഐപിസി 406 വകുപ്പ് അനുസരിച്ച് പ്രതി കുറ്റക്കാരനെന്നു വിധിക്കുകയും മറ്റു വകുപ്പുകള്‍ ഒഴിവാക്കുകയും ചെയ്തു.

പ്രതിക്ക് കോടതി ആറുമാസം തടവാണ് ശിക്ഷയായി വിധിച്ചത്. ഇതിനെതിരെ പ്രതി സെഷന്‍സ് കോടതിയെ സമീപിച്ചു. പ്രതിയായ ഭര്‍ത്താവിനെ മറ്റു വകുപ്പുകളില്‍ നിന്ന് ഒഴിവാക്കിയതിനെതിരെ ഭാര്യയും കോടതിയെ സമീപിച്ചു. മജിസ്‌ട്രേട്ട് കോടതി വിധി ശരിവയ്ക്കുകയാണ് സെഷന്‍സ് കോടതിയും ചെയ്തത്. മാത്രമല്ല, 5 ലക്ഷം രൂപ നഷ്ടപരിഹാരമായി പരാതിക്കാരിക്ക് നല്‍കാനും കോടതി ഉത്തരവിട്ടു. ഇതിനെതിരെ ഭര്‍ത്താവ് ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് ഇപ്പോള്‍ ജസ്റ്റിസ് ബദറുദീന്റെ വിധി.

കേവലമൊരു വിശ്വാസ വഞ്ചന ക്രിമിനല്‍ കുറ്റമായി കാണാന്‍ കഴിയില്ലെങ്കിലും അതിനുള്ള സാഹചര്യങ്ങള്‍ പ്രധാനമാണെന്ന് കോടതി നിരീക്ഷിച്ചു. ഭാര്യയോട് വിശ്വാസവഞ്ചന കാണിക്കുകയാണ് ഭര്‍ത്താവ് ചെയ്തത്. മാത്രമല്ല, ഭാര്യയുടെ മാതാവും ഇക്കാര്യങ്ങള്‍ ശരിവച്ചിട്ടുണ്ട്. കേസിലെ 5ാം സാക്ഷിയായ സ്വകാര്യ ധനകാര്യ സ്ഥാപനത്തിന്റെ മാനേജരുടെ മൊഴിയും ഭര്‍ത്താവ് കുറ്റക്കാരനാണെന്നു തെളിയിക്കുന്നതായും കോടതി വ്യക്തമാക്കി.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: