ന്യൂഡല്‍ഹി: ഒരാഴ്ചക്കുള്ളില്‍ 70-ഓളം ബോംബ് ഭീഷണികളാണ് ഇന്ത്യന്‍ വിമാനക്കമ്പിനികളുടെ നേര്‍ക്ക് ഉണ്ടായത്. ഇത് എന്തെങ്കിലും ഗൂഢാലോചനയുടെ ഭാഗമാണോ എന്ന് അന്വേഷിക്കുകയാണ് അധികൃതര്‍. ഈ സാഹചര്യത്തില്‍ കുടുതല്‍ അന്വേഷണത്തിനായി വിവിധ വ്യോമയാന കമ്പിനികളുടെ മേധാവികളുമാലി വ്യോമയാന സുരക്ഷാ ഏജന്‍സിയായ ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി കൂടിക്കാഴ്ച നടത്തി.
സംഭവത്തില്‍ നിര്‍ണായക വിവരം ലഭിച്ചതായും പ്രതികളെന്ന് സംശയിക്കുന്നവരെ തിരിച്ചറിഞ്ഞതായും വ്യോമയാന ഉദ്യോഗസ്ഥരെ ഉദ്ധരിച്ചു റിപ്പോര്‍ട്ടുണ്ട്. ബോംബ് ഭീഷണിയെ തുടര്‍ന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യോമയാന മന്ത്രാലയത്തില്‍നിന്ന് റിപ്പോര്‍ട്ട് തേടി. സോഷ്യല്‍ മീഡിയയായ എക്സിലെ പോസ്റ്റിലൂടെയാണ് അജ്ഞാതരുടെ ഭീഷണി സന്ദേശം പുറത്തുവരുന്നത്. ഇതുവരെ ലഭ്യമായ മുഴുവന്‍ സന്ദേശങ്ങളും വ്യാജമാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
തുടര്‍ച്ചയായ ബോംബ് ഭീഷണി എന്തെങ്കിലും ഗൂഢാലോചനയാണോ എന്ന് പ്രാഥമിക പരിശോധന നടത്തിയിരുന്നു. എന്നാല്‍ ഗൂഢാലോചനയുടെ ഭാഗമാണോ ബോംബ് ഭീഷണികള്‍ എന്ന് അധികൃതര്‍ സ്ഥിരീകരിക്കുന്നില്ല. രാജീവ് ഗാന്ധി ഭവനിലെ വ്യോമയാന മന്ത്രാലയത്തിലാണ് യോഗം ചേര്‍ന്നത്. ഭീഷണികളെ നേരിടുന്നതിന് സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് നടപടിക്രമങ്ങള്‍ പിന്തുടരാന്‍ സിഇഒമാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഭീഷണികളെക്കുറിച്ചും സ്വീകരിച്ച നടപടികളെ കുറിച്ചും ബന്ധപ്പെട്ടവരെ അറിയിക്കണമെന്ന നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്.
ഇതുവരെയുള്ള അന്വേഷണത്തില്‍ ലണ്ടന്‍, ജര്‍മ്മനി, കാനഡ, യുഎസ് എന്നിവിടങ്ങളില്‍ നിന്നുള്ള ഐപി അഡ്രസുകളില്‍ നിന്നാണ് ഭീഷണി സന്ദേശങ്ങള്‍ വന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. വിപിഎന്‍ ഉപയോഗിക്കാന്‍ സാധ്യത ഉള്ളതിനാല്‍ ഈ ഐപി ഐഡികള്‍ വിശ്വസിക്കാന്‍ സാധിക്കുന്നതല്ല.
സമൂഹമാധ്യമങ്ങളിലൂടെയാണ് ബോംബ് ഭീഷണി ലഭിക്കുന്നത്. നൂറു കണക്കിന് യാത്രക്കാരാണ് ഇതു മൂലം ബുദ്ധിമുട്ടിലാകുന്നത്. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായുള്ള എല്ലാ സജ്ജീകരണങ്ങളും ഉറപ്പാക്കിയിട്ടുണ്ടെന്ന് വിമാനക്കമ്പനികള്‍ പറയുന്നു. വ്യാജ ബോംബ് ഭീഷണി നല്‍കുന്നവര്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കുന്നതിനായി നിയമം ഭേദഗതി ചെയ്യുമെന്ന് വ്യോമയാന മന്ത്രി കെ. രാംമോഹന്‍ നായിഡു പറഞ്ഞു. നിലവില്‍ എല്ലാം ഭീഷണി സന്ദേശങ്ങളെക്കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്. ഒക്റ്റോബര്‍ 14ന് മുംബൈയില്‍ നിന്ന് യാത്ര ആരംഭിച്ച മൂന്ന് വിമാനങ്ങള്‍ക്ക് ട്വിറ്ററില്‍ വ്യാജ ബോംബ് ഭീഷണി പോസ്റ്റിട്ട 17കാരനെ ഛത്തിസ്ഗഢില്‍ നിന്ന് പിടി കൂടിയിരുന്നു.
മറ്റു കേസുകളെല്ലാം ഇപ്പോഴും അവ്യക്തതയില്‍ തുടരുകയാണ്. ഡാര്‍ക് വെബും വിപിഎനും ഉപയോഗിച്ചാണ് വ്യാജ സന്ദേശങ്ങള്‍ പോസ്റ്റ് ചെയ്യുന്നതെന്നാണ് പൊലീസിന്റെ നിഗമനം. ഇവയുടെ ഐപി അഡ്രസുകള്‍ ലഭിക്കുന്നതിനായി സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളുമായി പൊലീസ് ബന്ധപ്പെട്ടിട്ടുണ്ട്.