CrimeNEWS

കുട്ടികളെ ആക്രമിച്ചകേസില്‍ പ്രതികളായി; മക്കളെ കാണാനില്ലെന്ന് പരാതി നല്‍കി ഗായകന്‍ മനോയുടെ ഭാര്യ

ചെന്നൈ: പ്രായപൂര്‍ത്തിയാകാത്ത കുട്ടിയടക്കം 2 പേരെ ആക്രമിച്ചെന്ന കേസില്‍പ്പെട്ട തന്റെ മക്കളെ കാണാനില്ലെന്ന് ആരോപിച്ച് പിന്നണി ഗായകന്‍ മനോയുടെ ഭാര്യ ജമീല. ഇരുവരെയും ഒരു സംഘം ആക്രമിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവിട്ടു. കഴിഞ്ഞ 10നു രാത്രി, മനോയുടെ മക്കളായ ഷാക്കിറും റാഫിയും വല്‍സരവാക്കം ശ്രീദേവി കുപ്പത്തുള്ള വീടിന് സമീപം സുഹൃത്തുക്കളുമായി സംസാരിച്ചുകൊണ്ടിരിക്കെ, സമീപത്തെ ഹോട്ടലില്‍ പാഴ്സല്‍ വാങ്ങാനെത്തിയ കൃപാകരന്‍ എന്ന യുവാവുമായി തര്‍ക്കമുണ്ടായി. ഇതു പിന്നീട് കയ്യാങ്കളിയായി.

മനോയുടെ മക്കളും സുഹൃത്തുക്കളും ചേര്‍ന്ന് തന്നെ ആക്രമിച്ചതായി കൃപാകരന്‍ പരാതി നല്‍കി. ഇതോടെ, ഷാക്കിര്‍, റാഫി, സുഹൃത്തുക്കളായ വിഘ്‌നേഷ്, ധര്‍മന്‍ എന്നിവര്‍ക്കെതിരെ പൊലീസ് കേസെടുത്തു. സംഭവത്തിന് ശേഷം മനോയുടെ മക്കള്‍ ഒളിവിലാണ്. ഇതിനിടെ, വീട്ടില്‍ അതിക്രമിച്ചുകയറിയ ഒരു സംഘം തന്റെ മക്കളെ ആക്രമിച്ച് പരുക്കേല്‍പ്പിക്കുകയും ആഭരണങ്ങളും മറ്റു വിലപിടിപ്പുള്ള വസ്തുക്കളും അപഹരിക്കുകയും ചെയ്തതായി മനോയുടെ ഭാര്യ ജമീല പരാതി നല്‍കി.

Signature-ad

അതേ രാത്രിയില്‍ തന്നെ മക്കളെ ഒരു സംഘം കല്ലും ഇഷ്ടികയും ഉപയോഗിച്ച് ആക്രമിക്കുന്നതിന്റേതെന്നു പറഞ്ഞുള്ള സിസിടിവി ദൃശ്യങ്ങളും അവര്‍ പുറത്തുവിട്ടു. തന്റെ പക്കല്‍ കൂടുതല്‍ ദൃശ്യങ്ങള്‍ ഉണ്ടെന്നും ആവശ്യമെങ്കില്‍ പുറത്തുവിടുമെന്നും മക്കളാണ് കേസിലെ യഥാര്‍ഥ ഇരകളെന്നും ജമീല പറഞ്ഞു. മക്കളുടെ സുരക്ഷയില്‍ ആശങ്ക പ്രകടിപ്പിച്ച ജമീല, അവരെ എത്രയും വേഗം കണ്ടെത്തണമെന്ന് പൊലീസിനോട് അഭ്യര്‍ഥിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: