CrimeNEWS

വീഡിയോ കോള്‍ തട്ടിപ്പില്‍ അഭിഭാഷകയും പെട്ടു; ശരീരത്തിലെ അടയാളം പരിശോധിക്കാന്‍ നഗ്നയാക്കി, പണവും മാനവും നഷ്ടം

മുംബൈ: അഭിഭാഷകയെ വീഡിയോ കോളില്‍ നഗ്‌നയാക്കി സൈബര്‍ തട്ടിപ്പുകാരുടെ ഭീഷണി. കള്ളപ്പണക്കേസില്‍ അറസ്റ്റ് ചെയ്യുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയാണ് അഭിഭാഷകയെ തട്ടിപ്പുസംഘം വീഡിയോ കോളില്‍ നഗ്‌നയാക്കിയത്. പിന്നാലെ അന്‍പതിനായിരം രൂപയും ഓണ്‍ലൈന്‍ വഴി തട്ടിയെടുത്തു. മുംബൈ അന്ധേരിയിലെ 36-കാരിക്കാണ് സൈബര്‍ തട്ടിപ്പുകാരുടെ കെണിയില്‍വീണ് പണം നഷ്ടമായത്.

കഴിഞ്ഞ ബുധനാഴ്ചയായിരുന്നു സംഭവങ്ങളുടെ തുടക്കം. അഭിഭാഷക ഷോപ്പിങ് മാളിലായിരിക്കെയാണ് ‘ട്രായി’ല്‍നിന്നാണെന്ന് പരിചയപ്പെടുത്തി ഫോണ്‍കോള്‍ വന്നത്. താങ്കളുടെ പേരിലുള്ള സിംകാര്‍ഡും നമ്പറും ഒരു കള്ളപ്പണക്കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും അതിനാല്‍ സിംകാര്‍ഡ് ഉടന്‍ ബ്ലോക്ക് ചെയ്യുമെന്നുമായിരുന്നു ഫോണ്‍സന്ദേശം. സിംകാര്‍ഡ് ബ്ലോക്ക് ചെയ്യാതിരിക്കണമെങ്കില്‍ പോലീസില്‍നിന്ന് ‘ക്ലിയറന്‍സ്’ വാങ്ങണമെന്നും തട്ടിപ്പുകാര്‍ പറഞ്ഞു. തുടര്‍ന്ന് അന്ധേരി സൈബര്‍ സെല്ലിലെ പോലീസ് ഉദ്യോഗസ്ഥനെന്ന് പരിചയപ്പെടുത്തിയ ആള്‍ക്ക് ഫോണ്‍ കൈമാറി.

Signature-ad

ജെറ്റ് എയര്‍വേയ്സ് സ്ഥാപകന്‍ നരേഷ് ഗോയല്‍ ഉള്‍പ്പെട്ട കള്ളപ്പണക്കേസില്‍ അഭിഭാഷകയ്ക്കെതിരേയും എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും ഇയാള്‍ ഭീഷണിപ്പെടുത്തി. നടപടികളുടെ ഭാഗമായി വീഡിയോകോളില്‍ വരാനും സ്വകാര്യപരിശോധനയ്ക്കായി ആളൊഴിഞ്ഞ സ്ഥലത്തേക്ക് മാറിനില്‍ക്കാനും ആവശ്യപ്പെട്ടു. ഇതോടെ ഭയന്നുപോയ പരാതിക്കാരി സമീപത്തെ ഹോട്ടലില്‍ മുറിയെടുത്തു. പിന്നാലെ വീഡിയോകോളില്‍ തട്ടിപ്പുസംഘം വീണ്ടും വിളിച്ചു. സ്വകാര്യപരിശോധനയ്ക്കായി വസ്ത്രം അഴിക്കണമെന്നായിരുന്നു ഇത്തവണത്തെ ആവശ്യം.

ആയുധങ്ങള്‍ ഒളിപ്പിച്ചിട്ടുണ്ടോ എന്നറിയാനും കേസ് രേഖകളില്‍ രേഖപ്പെടുത്തിയിരിക്കുന്ന ശരീരത്തിലെ അടയാളങ്ങള്‍ ശരിയാണോ എന്ന് പരിശോധിക്കാനുമാണ് നഗ്‌നയാക്കുന്നതെന്നായിരുന്നു വിശദീകരണം. വനിതാ ഓഫീസറാകും വീഡിയോകോളില്‍ പരിശോധന നടത്തുകയെന്നും പറഞ്ഞു. കേസുമായി ബന്ധപ്പെട്ട സ്വാഭാവിക നടപടിയാണെന്ന് വിശ്വസിച്ച അഭിഭാഷക തട്ടിപ്പുകാരുടെ നിര്‍ദേശമനുസരിച്ച് വീഡിയോകോളില്‍ വിവസ്ത്രയായി. എന്നാല്‍, തട്ടിപ്പുസംഘം ഇതിനിടെ വസ്ത്രം മാറുന്നതിന്റെ മുഴുവന്‍ദൃശ്യങ്ങളും റെക്കോര്‍ഡ് ചെയ്തിരുന്നു. പിന്നാലെ കേസില്‍നിന്ന് ഒഴിവാക്കാനായി 50,000 രൂപ ഓണ്‍ലൈന്‍ വഴി ട്രാന്‍സ്ഫര്‍ ചെയ്യാന്‍ തട്ടിപ്പുസംഘം നിര്‍ദേശിച്ചു. സംഭവത്തെക്കുറിച്ച് ആരോടും വെളിപ്പെടുത്തരുതെന്നും ഭീഷണിപ്പെടുത്തി. എന്നാല്‍, തൊട്ടുപിന്നാലെ യുവതിയുടെ നഗ്‌നചിത്രങ്ങള്‍ അയച്ചുനല്‍കി കൂടുതല്‍ പണം ആവശ്യപ്പെട്ട് സന്ദേശങ്ങളെത്തി. ഇതോടെയാണ് തട്ടിപ്പാണെന്ന് യുവതിക്ക് ബോധ്യപ്പെട്ടത്. തുടര്‍ന്ന് യുവതി ഭര്‍ത്താവിനോട് സംഭവം വെളിപ്പെടുത്തുകയും പോലീസിനെ സമീപിക്കുകയുമായിരുന്നു.

യുവതിയുടെ പരാതിയില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു. പണം കൈമാറിയ അക്കൗണ്ടിന്റെ വിവരങ്ങള്‍ക്കായി ബാങ്കിന്റെ നോഡല്‍ ഓഫീസറെ പോലീസ് സമീപിച്ചിട്ടുണ്ട്. ഈ അക്കൗണ്ട് മരവിപ്പിക്കാനും നിര്‍ദേശം നല്‍കി. സംഭവത്തില്‍ അക്കൗണ്ട് ഉടമയെ കേന്ദ്രീകരിച്ച് അന്വേഷണം തുടരുകയാണെന്നും പോലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: