KeralaNEWS

”ആര്‍ക്കും എന്തും പറയാന്‍ അധികാരമുണ്ട്; ഒരുപാട് ആക്രമണങ്ങള്‍ തരണം ചെയ്താണ് എത്തിയത്, ഭയമില്ല”

തിരുവനന്തപുരം: ആര്‍ക്കും എന്തും പറയാനുള്ള അധികാരമുണ്ടെന്നും എന്നാല്‍ തനിക്കു ഭയമില്ലെന്നും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശി. 1980ല്‍ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയായതു മുതല്‍ നിരവധി തവണ ആക്രമണങ്ങള്‍ നേരിട്ടിട്ടുണ്ടെന്നും അതൊക്കെ തരണം ചെയ്താണ് ഇതുവരെ എത്തിയതെന്നും ശശി പറഞ്ഞു. സിപിഎം സ്വതന്ത്ര എംഎല്‍എ പി.വി.അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങളോടായിരുന്നു ശശിയുടെ പ്രതികരണം.

എഡിജിപി: എം.ആര്‍.അജിത് കുമാറിനും എസ്പി: സുജിത്ദാസിനും എതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നതിനിടയിലാണ് ശശിക്കെതിരെയും അന്‍വര്‍ ആരോപണം ഉന്നയിച്ചത്. എല്ലാ കാര്യങ്ങളും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശിയെ അറിയിച്ചിരുന്നെങ്കിലും നടപടിയുണ്ടായില്ലെന്ന് അന്‍വര്‍ പറഞ്ഞു. ഉത്തരവാദിത്തം നിറവേറ്റുന്നതില്‍ ശശി പൂര്‍ണമായി പരാജയപ്പെട്ടു. കുറ്റകൃത്യങ്ങളില്‍ അദ്ദേഹത്തിനു പങ്കുണ്ടോയെന്നു പാര്‍ട്ടി അന്വേഷിക്കട്ടെയെന്നും അന്‍വര്‍ വ്യക്തമാക്കിയിരുന്നു. പിന്നാലെ, മുഖ്യമന്ത്രിക്കും പാര്‍ട്ടി സെക്രട്ടറിക്കും അന്‍വര്‍ പരാതി നല്‍കി. ആരോപണങ്ങള്‍ അടുത്ത സെക്രട്ടേറിയറ്റ് യോഗം പരിഗണിക്കും.

Signature-ad

സ്വന്തം വകുപ്പില്‍ നടക്കുന്നത് മുഖ്യമന്ത്രി അറിയുന്നില്ലെന്ന ധ്വനി ഉയര്‍ത്തുന്നതായിരുന്നു അന്‍വറിന്റെ വിമര്‍ശനം. പി.ശശി മുഖ്യമന്ത്രിയുടെ ഓഫിസിന്റെ അധികാരം നിയന്ത്രിക്കുന്നതായും പൊലീസ് നിയമനങ്ങളില്‍ ഇടപെടുന്നതായും പാര്‍ട്ടിയില്‍ ആക്ഷേപമുണ്ടായിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് അന്‍വറിന്റെ വിമര്‍ശനങ്ങള്‍.

2022ലാണ് സിപിഎം സംസ്ഥാന സമിതി അംഗമായ പി.ശശി മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയാകുന്നത്. രണ്ടാം തവണയാണ് പി.ശശി പൊളിറ്റിക്കല്‍ സെക്രട്ടറി പദവിയില്‍ എത്തുന്നത്. ഇ.കെ. നായനാര്‍ മുഖ്യമന്ത്രിയായിരുന്നപ്പോഴും പി.ശശി പൊളിറ്റിക്കല്‍ സെക്രട്ടറി ആയിരുന്നു. കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന പി.ശശി സദാചാര ലംഘന ആരോപണങ്ങളെത്തുടര്‍ന്ന് 2011ല്‍ പാര്‍ട്ടിക്ക് പുറത്താകുകയായിരുന്നു. പിന്നാലെ 2016ല്‍ ലൈംഗിക പീഡന കേസില്‍ കോടതി പി.ശശിയെ കുറ്റവിമുക്തനാക്കി. 2018 ജൂലൈയില്‍ പി.ശശി പാര്‍ട്ടിയില്‍ തിരിച്ചെത്തുകയും ചെയ്തു.

Back to top button
error: