KeralaNEWS

വയനാട് വെള്ളാര്‍മല സ്‌കൂളിന് സമീപം ലക്ഷങ്ങളുടെ നോട്ടുകെട്ടുകള്‍ കണ്ടെത്തി

കല്‍പ്പറ്റ: വയനാട് ഉരുള്‍പൊട്ടലില്‍ തകര്‍ന്ന വെള്ളാര്‍മല സ്‌കൂളിന് സമീപത്തെ പുഴക്കരയില്‍ നിന്ന് നാല് ലക്ഷത്തോളം രൂപ കണ്ടെടുത്തു. പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയിലാണ് അഞ്ഞൂറിന്റെയും നൂറിന്റെയും കെട്ടുകള്‍ അഗ്‌നിരക്ഷാസേന കണ്ടെത്തിയത്. സ്‌കൂളിന്റെ പിറകില്‍ നിന്നാണ് പണം കിട്ടിയതെന്ന് ഫയര്‍ ഓഫീസര്‍ റജീഷ് പറഞ്ഞു. അഞ്ഞൂറിന്റെ ഏഴ് കെട്ടുകളും നൂറിന്റെ അഞ്ച് കെട്ടുമാണ് ഉള്ളത്. ലഭിച്ച തുക പൊലീസിന് കൈമാറി. വെള്ളത്തിനും പാറയിലും ഇടയില്‍ നിന്നുമായിരുന്നു പണം കണ്ടെത്തിയതെന്നും അദ്ദേഹം പറഞ്ഞു.

ദുരന്തഭൂമിയില്‍ നാളെയും കൂടി തിരച്ചില്‍ തുടരും. അതേസമയം, സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സംഘം ദുരന്ത മേഖലകളില്‍ പരിശോധന ഇന്ന് അവസാനിക്കും. ദേശീയ ഭൗമശാസ്ത്ര പഠന കേന്ദ്രത്തിലെ മുതിര്‍ന്ന ശാസ്ത്രജ്ഞന്‍ ജോണ്‍ മത്തായിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് ദുരന്തബാധിത പ്രദേശങ്ങളും അനുബന്ധ മേഖലകളും പരിശോധിക്കുന്നത്.

Signature-ad

ഉരുള്‍പൊട്ടലിന്റെ പ്രഭവകേന്ദ്രമായ പുഞ്ചിരിമട്ടവും അനുബന്ധ പ്രദേശവും ചൊവ്വാഴ്ച സംഘം പരിശോധിച്ചു. പ്രദേശത്തെ മണ്ണിന്റേയും പാറകളുടെയും സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. ഇവ വിശദമായ പരിശോധനക്ക് വിധേയമാക്കും. ദുരന്തം സംഭവിച്ചതെങ്ങനെയെന്നും ഉരുള്‍പൊട്ടലില്‍ സംഭവിച്ച പ്രതിഭാസങ്ങളും സംഘം വിലയിരുത്തും. ദുരന്തസ്ഥലത്തെ ഭൂവിനിയോഗത്തെക്കുറിച്ചും സംഘം റിപ്പോര്‍ട്ട് നല്‍കും. ദുരന്ത പ്രദേശത്തെയും അനുബന്ധ മേഖലകളിലേയും അപകട സാധ്യതകള്‍ വിലയിരുത്തും.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: