KeralaNEWS

സി.പി.എമ്മിനെ പ്രതിരോധത്തിലാക്കി ‘കാഫിര്‍’ വിവാദം; പ്രചരിപ്പിച്ചവര്‍ക്കെതിരേ കേസില്ല, ഫെയ്സ്ബുക്ക് പ്രതി!

കോഴിക്കോട്: വിവാദമായ കാഫിര്‍സന്ദേശ സ്‌ക്രീന്‍ഷോട്ട് പ്രചരിപ്പിച്ചത് പാര്‍ട്ടി അനുകൂല സാമൂഹികമാധ്യമ ഗ്രൂപ്പുകള്‍ വഴിയാണെന്ന പോലീസ് വെളിപ്പെടുത്തലോടെ സി.പി.എം. വീണ്ടും പ്രതിരോധത്തില്‍.

പോലീസ് കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ട് ആയുധമാക്കി ബുധനാഴ്ച പ്രതിപക്ഷനേതാവ് വി.ഡി. സതീശനും ഷാഫി പറമ്പില്‍ എം.പി.യും മുസ്ലിംലീഗുമെല്ലാം സി.പി.എമ്മിനെതിരേ രംഗത്തെത്തി. പോലീസ് കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കപ്പെട്ട വടകരയിലെ ഡി.വൈ.എഫ്.ഐ. നേതാവായ അധ്യാപകന്‍ പഠിപ്പിക്കുന്ന സ്‌കൂളിലേക്ക് ബുധനാഴ്ച യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി. തിങ്കളാഴ്ച വടകര പോലീസ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് സന്ദേശം പ്രചരിച്ച വഴി കൃത്യമായി വിശദീകരിക്കുന്നത്.

Signature-ad

അന്വേഷണം ഏറ്റവുമൊടുവില്‍ എത്തിനില്‍ക്കുന്നത് വടകരയിലെ ഡി.വൈ.എഫ്.ഐ. നേതാവായ റിബേഷിലാണ്. റെഡ് എന്‍കൗണ്ടര്‍ എന്ന വാട്സാപ്പ് ഗ്രൂപ്പില്‍ 25-ന് ഉച്ചയ്ക്ക് 2.13-ന് ഈ സന്ദേശം ഷെയര്‍ചെയ്തത് ഇയാളാണെന്നാണ് പോലീസ് റിപ്പോര്‍ട്ട്. എവിടെനിന്ന് ഈ സന്ദേശം ലഭിച്ചുവെന്നത് ഇയാള്‍ വെളിപ്പെടുത്തിയിട്ടില്ല. പോലീസ് ഇയാളുടെ ഫോണ്‍ കസ്റ്റഡിയിലെടുത്ത് ജില്ലാ ഫൊറന്‍സിക് സയന്‍സ് ലാബില്‍ പരിശോധനയ്ക്കയച്ചു. പരിശോധനാഫലം ലഭിച്ചാല്‍മാത്രമേ സന്ദേശത്തിന്റെ ഉറവിടം കണ്ടെത്താനാകൂ.

തിരുവള്ളൂരിലെ യൂത്ത് ലീഗ് പ്രവര്‍ത്തകനും എം.എസ്.എഫ്. നേതാവുമായ പി.കെ. മുഹമ്മദ് കാസിം വടകരയിലെ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി കെ.കെ. ശൈലജയ്‌ക്കെതിരേ വിവാദസന്ദേശം അയച്ചെന്നായിരുന്നു സി.പി.എം. ആരോപണം. എന്നാല്‍, തന്റെപേരില്‍ വ്യാജമായി സൃഷ്ടിച്ചതാണ് ഈ സന്ദേശമെന്ന് ചൂണ്ടിക്കാട്ടി മുഹമ്മദ് കാസിം ഹൈക്കോടതിയെ സമീപിച്ചതോടെ കേസ് മാറിമറിയുകയായിരുന്നു.

അമ്പാടിമുക്ക് സഖാക്കള്‍ എന്ന സി.പി.എം. അനുകൂല ഫെയ്സ്ബുക്ക് പേജിലാണ് ആദ്യം ഈ സന്ദേശം വന്നതെന്നായിരുന്നു മുസ്ലിംലീഗിന്റെ പരാതി. ഈ പേജിന്റെ അഡ്മിന്‍ മനീഷിനെ ചോദ്യംചെയ്തപ്പോള്‍ ഏപ്രില്‍ 25-ന് ഉച്ചയ്ക്ക് 2.34-ന് റെഡ് ബറ്റാലിയന്‍ എന്ന വാട്സാപ്പ് ഗ്രൂപ്പില്‍നിന്നാണ് ഈ സന്ദേശം ലഭിച്ചതെന്ന് മൊ ഴിനല്‍കി.

അമല്‍ റാം എന്നയാളാണ് ഈ ഗ്രൂപ്പില്‍ സന്ദേശമിട്ടത്. റെഡ് എന്‍കൗണ്ടര്‍ എന്ന ഗ്രൂപ്പില്‍നിന്നാണ് തനിക്ക് ഈ സന്ദേശം ലഭിച്ചതെന്ന് അമല്‍ റാം സമ്മതിച്ചു. റിബേഷ് എന്നയാളാണ് 2.13-ന് റെഡ് എന്‍കൗണ്ടറില്‍ ഇത് പോസ്റ്റുചെയ്തതെന്നും അമലിന്റെ മൊഴിയുണ്ട്. തുടര്‍ന്നാണ് റിബേഷിന്റെ മൊഴിയെടുത്തത്.

പോരാളി ഷാജി എന്ന ഫെയ്സ്ബുക്ക് പേജില്‍ ഈ സന്ദേശം പോസ്റ്റ് ചെയ്തത് ഏപ്രില്‍ 25-ന് രാത്രി 8.23-നാണ്, അന്നു വൈകീട്ടുമുതല്‍ വാട്സാപ്പ് വഴി ഒട്ടേറെ പേരില്‍നിന്നും ഈ സന്ദേശം തനിക്ക് ലഭിച്ചതായി അഡ്മിന്‍ വഹാബ് മൊഴിനല്‍കി. പക്ഷേ, ആരില്‍നിന്നാണ് ഇതു ലഭിച്ചതെന്ന് വെളിപ്പെടുത്തിയിട്ടില്ല.

കേസിലെ 20 മുതല്‍ 23 വരെയുള്ള സാക്ഷികളാണ് സന്ദേശം പ്രചരിപ്പിച്ച നാലുപേരും. ഇവരാരും പ്രതികളല്ല. അതേസമയം വിവാദപോസ്റ്റ് നീക്കംചെയ്യാന്‍ ആവശ്യപ്പെട്ടിട്ടും അത് നീക്കംചെയ്യാത്തതിനാല്‍ ഫെയ്സ്ബുക്കിനെ കേസില്‍ പ്രതിയാക്കിയിട്ടുണ്ട്. അത് പോസ്റ്റുചെയ്ത പേജിന്റെ അഡ്മിനെതിരേ കേസുമില്ല.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: