കൊല്ലം: ചിതറയില്‍ മൈക്രോ ഫിനാന്‍സ് സ്ഥാപനത്തിന്റെ ഭീഷണിയെ തുടര്‍ന്ന് യുവാവ് ജീവനൊടുക്കിയതായി പരാതി. ചിതറ സ്വദേശി അരുണ്‍ ആണ് മരിച്ചത്. അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ചിതറ പൊലീസില്‍ പരാതി നല്‍കി.
ചിതറ മുതയില്‍ പെരുവണ്ണാമൂലയില്‍ അരുണിനെ ഞായറാഴ്ചയാണ് വീടിനു സമീപത്തുള്ള ബന്ധുവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. നിലമേല്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ധനകാര്യ സ്ഥാപനത്തില്‍ നിന്ന് അരുണ്‍ 40,000 രൂപ ലോണ്‍ എടുത്തിരുന്നു. അസുഖ ബാധിതന്‍ ആയതോടെ തിരിച്ചടവ് മുടങ്ങി. ജീവനക്കാരുടെ ഭീഷണി കാരണമാണ് അരുണ്‍ ജീവനൊടുക്കിയതെന്നാണ് കുടുംബത്തിന്റെ പരാതി. മൈക്രോ ഫിനാന്‍സ് സ്ഥാപനത്തിലെ ജീവനക്കാര്‍ അരുണിന്റെ കുടുംബാംഗങ്ങളെ വിളിച്ച് ഭീഷണിപ്പെടുത്തിയതായി പരാതിയുണ്ട്.
അരുണിന്റെ മൊബൈല്‍ ഫോണ്‍ ഉള്‍പ്പടെ പരിശോധിച്ച് മരണത്തിന് ഉത്തരവാദികള്‍ ആയവരെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് കുടുംബം ചിതറ പൊലീസില്‍ പരാതി നല്‍കി.