KeralaNEWS

പി.എച്ച്ഡി. ഗവേഷണ പ്രബന്ധം പണം വാങ്ങി എഴുതി നല്‍കിയെന്ന വെളിപ്പെടുത്തല്‍; ഇന്ദു മേനോനെതിരെ പരാതി നല്‍കി എസ്.ഐ.ഒ

കോഴിക്കോട്: പി.എച്ച്ഡി. ഗവേഷണ പ്രബന്ധം പണം വാങ്ങി എഴുതി നല്‍കി എന്ന വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ എഴുത്തുകാരി ഇന്ദു മേനോനെതിരെ എസ്.ഐ.ഒ പരാതി നല്‍കി. എസ്.ഐ.ഒ സംസ്ഥാന സമിതി അംഗം അബ്ദുല്ല നേമം ആണ് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദുവിന് പരാതി നല്‍കിയത്.

നിലവില്‍ മുഖ്യമന്ത്രിയുടെ നവകേരള പോസ്റ്റ് ഡോക്ടറല്‍ ഫെലോയാണ് ഇന്ദു. ഈ സ്ഥാനത്ത് നിന്നും ഇന്ദു മേനോനെ ഉടന്‍ പുറത്താക്കണം. പണം വാങ്ങി ഗവേഷണ പ്രബന്ധങ്ങള്‍ എഴുതി നല്‍കിയത് ഗുരുതരമായ കുറ്റകൃത്യമാണ് എന്ന് മാത്രമല്ല സമൂഹത്തോട് ചെയ്ത വലിയ അക്രമമാണ്. ഇതിനെ സാമ്പത്തിക പരാധീനത കൊണ്ട് ചെയ്തതാണ് എന്ന് പറഞ്ഞ് ന്യായീകരിക്കാന്‍ സാധ്യമല്ല. എന്ന് എസ്.ഐ.ഒ സംസ്ഥാന സെക്രട്ടറി ഹാമിദ് ടി.പി പറഞ്ഞു.

Signature-ad

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

പി.എച്ച്ഡി. ഗവേഷണ പ്രബന്ധങ്ങള്‍ പണം വാങ്ങി എഴുതി നല്‍കി എന്ന വെളിപ്പെടുത്തല്‍ നടത്തിയ ഇന്ദു മേനോനെതിരെ അന്വേഷണം നടത്തി ഇന്ദു മേനോനെതിരെയും പണം നല്‍കി ഗവേഷണ പ്രബന്ധങ്ങള്‍ തയ്യാറാക്കി സമര്‍പ്പിച്ചവര്‍ക്കെതിരെയും നടപടി എടുക്കണം. പി.എച്ച്ഡി. ഗവേഷണ പ്രബന്ധം ഗൗരവകരമായി പരിഗണിക്കപ്പെടുന്നതും തന്റെ ഗവേഷണത്തിന്റെ അടിസ്ഥാനത്തില്‍ സ്വയം എഴുതി തയ്യാറാക്കിയതെന്ന് ഗവേഷക വിദ്യാര്‍ത്ഥികള്‍ സത്യവാങ്മൂലം സഹിതം സമര്‍പ്പിക്കുന്നതുമാണ്. ഇതാണ് ഇന്ദു മേനോന്‍ 3 ലക്ഷം രൂപ വരെ വാങ്ങി എഴുതി നല്‍കി എന്ന് ഫേസ്ബുക്ക് കമന്റ് ബോക്സില്‍ വെളിപ്പെടുത്തിയത്. സാമ്പത്തിക പരാധീനത ഉണ്ടായിരുന്നെന്നും പൈങ്കിളി സാഹിത്യങ്ങള്‍ എഴുതുന്നതിനേക്കാള്‍ ഭേദമാണ് ഗവേഷണ പ്രബന്ധങ്ങള്‍ എഴുതി പണമുണ്ടാക്കുന്നതെന്നാണ് ഇന്ദു മേനോന്‍ പറയുന്നത്.

നിലവില്‍ മുഖ്യമന്ത്രിയുടെ നവകേരള പോസ്റ്റ് ഡോക്ടറല്‍ ഫെലോയാണ് ഇന്ദു മേനോന്‍. ഈ സ്ഥാനത്ത് നിന്നും ഇന്ദു മേനോനെ ഉടന്‍ പുറത്താക്കണം. പണം വാങ്ങി ഗവേഷണ പ്രബന്ധങ്ങള്‍ എഴുതി നല്‍കിയത് ഗുരുതരമായ കുറ്റകൃത്യമാണ് എന്ന് മാത്രമല്ല സമൂഹത്തോട് ചെയ്ത വലിയ അക്രമമാണ്. ഇതിനെ സാമ്പത്തിക പരാധീനത കൊണ്ട് ചെയ്തതാണ് എന്ന് പറഞ്ഞ് ന്യായീകരിക്കാന്‍ സാധ്യമല്ല. എസ്.ഐ.ഒ ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് ഇത് സംബന്ധിച്ച് പരാതി നല്‍കിയിട്ടുണ്ട്. ഇന്ദു മേനോന്‍ വെളിപ്പെടുത്തല്‍ നടത്തി ദിവസം രണ്ട് കഴിഞ്ഞിട്ടും, ഉന്നത വിദ്യാഭ്യാസ മന്ത്രിക്കും കേരള സ്റ്റേറ്റ് ഹയര്‍ എഡ്യുക്കേഷന്‍ കൗണ്‍സിലിനും പരാതി ലഭിച്ചിട്ടും ഇത് വരെയും യാതൊരു നടപടിയും ഉണ്ടായിട്ടില്ല എന്നത് ഇന്ദു മേനോന്‍ അധികാര കേന്ദ്രങ്ങളാല്‍ സംരക്ഷിക്കപ്പെടുന്നു എന്നതിന്റെ തെളിവാണ്.

ഇന്ദു മേനോനെതിരെ അന്വേഷണം നടത്തി ആരൊക്കെയാണ് ഇന്ദു മേനോന് പണം നല്‍കി പ്രബന്ധങ്ങള്‍ തയ്യാറാക്കിയതെന്ന് കണ്ടെത്തി അവരുടെ ഡോക്ടറേറ്റ് ബിരുദങ്ങള്‍ റദ്ദാക്കുകയും വ്യാജമായയി തരപ്പെടുത്തിയ ഡോക്ടറേറ്റ് വെച്ച് നേടിയെടുത്ത പദവികളില്‍ നിന്ന് പുറത്താക്കുകയും സ്വീകരിച്ച ആനുകൂല്യങ്ങള്‍ തിരിച്ചെടുക്കുകയും ചെയ്യണം. കള്ള സത്യവാങ്മൂലം നല്‍കിയതിന് അവര്‍ക്കെതിരെ കേസെടുക്കുകയും തക്കതായ നടപടി ഉറപ്പ് വരുത്തുകയും വേണം.

 

Back to top button
error: