ഹലോയിലെ നായികയല്ലേ ഇത്! എന്തൊരു മാറ്റം; പാര്‍വതി മെല്‍ട്ടണിന്റെ ഇപ്പോഴത്തെ ജീവിതം
കുറച്ച് സിനിമകള്‍ ചെയ്ത് വന്‍ ജനപ്രീതി നേടി പിന്നീട് ലൈം ലൈറ്റില്‍ കാണാതെയാവുന്ന നിരവധി നടിമാരുണ്ട്. വെള്ളിനക്ഷത്രം സിനിമയിലെ നായിക മീനാക്ഷി ഇതിനുദാഹരണമാണ്. ഏറെക്കാലത്തിന് ശേഷം അടുത്തിടെയാണ് മീനാക്ഷിയെ ഒരു അഭിമുഖത്തില്‍ ആരാധകര്‍ കണ്ടത്. ആര്യ എന്ന അല്ലു അര്‍ജുന്‍ ചിത്രത്തിലെ നായിക അനു മെഹ്തയെയും ആരാധകര്‍ കണ്ടിട്ട് എറെക്കാലമായി. മലയാളത്തില്‍ ഹലോ എന്ന ഒറ്റ സിനിമയിലൂടെ വന്‍ ജനപ്രീതി നേടിയ നടിയാണ് പാര്‍വതി മെല്‍ട്ടണ്‍.
കൂടുതലും തെലുങ്ക് സിനിമകളിലാണ് പാര്‍വതി അഭിനയിച്ചത്. പാര്‍വതിയുടെ പുതിയ ഫോട്ടോകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ഒറ്റ നോട്ടത്തില്‍ ഹലോയിലെ നായിക പാര്‍വതി മെല്‍ട്ടണാണിതെന്ന് മിക്കവര്‍ക്കും മനസിലാവില്ല. മുഖത്ത് വല്ലാതെ മാറ്റം തോന്നുന്നുണ്ട്. മോഡലിംഗിലാണ് പാര്‍വതി ഇന്ന് ശ്രദ്ധ നല്‍കുന്നത്. പാര്‍വതി മെല്‍ട്ടണിന്റെ അമ്മ പ്രീതി സിംഗ് പഞ്ചാബിയാണ്. അച്ചന്‍ സാം മെല്‍ട്ടണ്‍ ജര്‍മ്മന്‍കാരനും. സാന്‍ ഫ്രാന്‍സിസ്‌കോയിലാണ് പാര്‍വതി ജനിച്ചതും വളര്‍ന്നതും.
ചെറുപ്പം തൊട്ടെ ഭരതനാട്യം പഠിച്ചിട്ടുണ്ട്. അരിയാന സിതാര മെല്‍ട്ടന്‍ എന്ന സഹോദരിയും പാര്‍വതിക്കുണ്ട്. യുഎസിലെ സൗന്ദര്യ മത്സര വേദികളില്‍ പാര്‍വതി മെല്‍ട്ടണ്‍ വിജയിച്ചിട്ടുണ്ട്. കോളേജ് പഠനകാലത്താണ് വെണ്ണല എന്ന തെലുങ്ക് ചിത്രത്തിന്റെ ഓഫര്‍ വരുന്നത്. ഈ സിനിമയില്‍ അഭിനയിച്ച ശേഷം തിരികെ പഠനത്തിലേക്ക് ശ്രദ്ധ കൊടുക്കാമെന്ന് കരുതിയെങ്കിലും അന്നത് സാധിച്ചില്ല.
ആദ്യ ചിത്രം ഹിറ്റായതോടെ പാര്‍വതി മെല്‍ട്ടണെ തേടി നിരവധി അവസരങ്ങളെത്തി. അതേസമയം 2012 ലാണ് നടിയെ അവസാനമായി സിനിമകളില്‍ കണ്ടത്. യമഹോ യമ എന്ന തെലുങ്ക് ചിത്രമാണ് പാര്‍വതി മെല്‍ട്ടന്റെ അവസാനമായി പുറത്തിറങ്ങിയ സിനിമ. 2013 ല്‍ വിവാഹിതയായ ശേഷം പാര്‍വതി അഭിനയ രംഗം വിട്ടു. മുംബൈയിലെ റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരന്‍ ഷംസു ലനാനിയെയാണ് പാര്‍വതി വിവാഹം ചെയ്തത്.
വൈറലാകുന്ന പാര്‍വതിയുടെ ഫോട്ടോകള്‍ക്ക് താഴെ മലയാളികളും കമന്റുകളുമായി എത്തുന്നുണ്ട്. ഹലോ സിനിമയിലൂടെ നായികയല്ലേ ഇതെന്ന് പലരും ആശ്ചര്യത്തോടെ ചോദിക്കുന്നു. ടോളിവുഡ് പ്രേക്ഷകരും കമന്റുകളുമായെത്തുന്നുണ്ട്. തെലുങ്ക് സിനിമാ രംഗത്തേക്ക് മടങ്ങി വരുമോ എന്നാണ് ഇവരുടെ ചോദ്യം. നിങ്ങള്‍ എന്റെ ബാല്യകാലത്തെ ക്രഷ് ആയിരുന്നു, ഇന്നും ആ ഭംഗി നിലനില്‍ക്കുന്നെന്നും കമന്റുണ്ട്.