കേരള കോൺഗ്രസിന് വേണ്ടിയുള്ള വടംവലി ശക്തം: വലിച്ച് അടുപ്പിച്ചോളാൻ ഹൈക്കമാന്റിന്റെ പച്ചക്കൊടി: ഇടത് വിട്ടുപോകില്ലെന്ന് മന്ത്രി റോഷി അഗസ്റ്റിൻ : 16ന് കേരള കോൺഗ്രസിന്റെ നിർണായകയോഗം

കോട്ടയം : മുന്നണി ഏതായാലും കേരള കോൺഗ്രസ് ഉണ്ടായാൽ മതി എന്നൊരു രാഷ്ട്രീയ സൂത്രവാക്യം കാലങ്ങളായി കേരള രാഷ്ട്രീയത്തിൽ വേരുറച്ചിട്ടുണ്ട്. ഈ സൂത്രവാക്യപ്രകാരം കേള കോൺഗ്രസ് എമ്മിനു വേണ്ടിയുള്ള രാഷ്ട്രീയ വടംവലി ശക്തമായിരിക്കുന്നു.
കേരള കോൺഗ്രസ് എം ഇപ്പോൾ നിലയുറപ്പിച്ചിട്ടുള്ള ഇടതുമുന്നണി വിട്ട് യുഡിഎഫിലേക്ക് ചേക്കേറുമോ എന്ന ചർച്ചയാണ് ശക്തമായിട്ടുള്ളത്.
കേരള കോൺഗ്രസ് എമ്മിനെ വലിച്ച് അടുപ്പിച്ചോളാൻ കോൺഗ്രസ് ഹൈക്കമാൻഡ് പച്ചക്കൊടി വീശി കഴിഞ്ഞു.
എന്നാൽ തങ്ങൾ ഇടതുമുന്നണി ഒരുകാലത്തും വിട്ടുപോകില്ല എന്നാണ് മന്ത്രി റോഷി അഗസ്റ്റിനും മറ്റും വ്യക്തമാക്കിയിട്ടുള്ളത്.
കേരള കോൺഗ്രസ് എമ്മിനെ യുഡിഎഫിലേക്ക് എത്തിക്കാന്‍ ഹൈക്കമാൻഡിന്‍റെ അനുമതി ലഭിച്ചതായും സോണിയ ഗാന്ധി ജോസ് കെ മാണിയുമായി നേരിട്ട് സംസാരിച്ചതായും അഭ്യൂഹങ്ങൾ പുറത്തുവരുന്നുണ്ട്.. പാലായടക്കം മുൻ സീറ്റുകൾ വേണമെന്ന് ജോസ് കെ മാണി ഉപാധി വെച്ചു എന്നാണ് പുറത്ത് വരുന്ന വിവരം. മാണി സി കാപ്പനെ അനുനയിപ്പിക്കാൻ കൂടുതൽ സീറ്റെന്ന ഓഫർ വച്ചേക്കും.
എന്നാല്‍, റോഷി അഗസ്റ്റിനടക്കം ഒരു വിഭാഗത്തിന് മുന്നണി മാറ്റ ചർച്ചകളോട് അതൃപ്‌തി അറിയിച്ചിട്ടുണ്ട്. ഫേയ്സ്ബുക്ക് പോസ്റ്റിലുടെ പരസ്യമായി തന്നെ റോഷി അഗസ്റ്റിന്‍ മുന്നണി മാറ്റത്തിനെതിരെ നിലപാട് അറിയിച്ചു. ഇടത് നേതാക്കള്‍ക്കൊപ്പമുള്ള ഫോട്ടോയ്ക്ക് തുടരും എന്ന അടിക്കുറിപ്പുമായാണ് റോഷി അഗസ്റ്റിന്‍റെ പോസ്റ്റ്. കേരള കോൺഗ്രസ് (എം) മുന്നണി വിട്ടേക്കുമെന്ന സൂനചയ്ക്കിടെയാണ് റോഷി അഗസ്റ്റിന്‍റെ പ്രതികരണം
കേരള കോണ്‍ഗ്രസ് എമ്മിന്‍റെ മുന്നണി മാറ്റം സംബന്ധിച്ച അഭ്യൂഹങ്ങള്‍ തള്ളി മന്ത്രി റോഷി അഗസ്റ്റിൻ പരസ്യമായി രംഗത്ത് വരികയും ചെയ്തു. മുന്നണി മാറ്റമില്ലെന്നും ഇടതുപക്ഷ മുന്നണിയുടെയും സര്‍ക്കാരിന്‍റെയും ഭാഗമാണ് പാര്‍ട്ടിയെന്നും അതുപോലെ തന്നെ തുടരുമെന്നും റോഷി അഗസ്റ്റിൻ മാധ്യമങ്ങളോട് പ്രതികരിച്ചു. കേരള കോണ്‍ഗ്രസ് എം മുന്നണി മാറ്റവുമായി ബന്ധപ്പെട്ട ചര്‍ച്ചകളെക്കുറിച്ചോ അറിയില്ലെന്നും കേരള കോണ്‍ഗ്രസിനെക്കുറിച്ച് എക്കാലത്തും ഇത്തരം വാര്‍ത്തകള്‍ വന്നിട്ടുണ്ടെന്നും ഒരു സഭയും ഇക്കാര്യത്തിൽ ഇടപെട്ടിട്ടില്ലെന്നും മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. മുന്നണി മാറ്റം സംബന്ധിച്ച ചര്‍ച്ചകള്‍ നടക്കുന്നതുമായി ബന്ധപ്പെട്ട് മാധ്യമങ്ങളുടെ ചോദ്യത്തിൽ രോഷാകുലനായിട്ടായിരുന്നു മന്ത്രിയുടെ പ്രതികരണം.






