കോടതിവിധി വരാതെ രാഹുലിനെ എംഎൽഎ സ്ഥാനത്തുനിന്ന് അയോഗ്യനാക്കിയാൽ ചിലപ്പോൾ പണി കിട്ടും: വിദഗ്ധ നിയമപദേശം തേടി സർക്കാർ: നടപടി തുടങ്ങി വച്ചാലും നിയമസഭയുടെ കാലാവധി തീരുന്നതിനാൽ പൂർത്തിയാക്കാൻ ആകില്ലെന്നും സൂചന: നടപടികളെ കോൺഗ്രസ് തടുക്കില്ല : പക്ഷേ മുകേഷിനെതിരെയും നടപടി വേണമെന്ന് ആവശ്യപ്പെടും

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെ എംഎൽഎ സ്ഥാനത്തുനിന്ന് അയോഗ്യൻ ആക്കാനുള്ള നീക്കം കോടതി വിധി വന്നതിനുശേഷം ചെയ്യുന്നതാണ് ഉചിതമെന്ന് വിദഗ്ധോപദേശം.
കോടതി രാഹുലിനെ കുറ്റക്കാരൻ ആണോ അല്ലയോ എന്ന് വിധിക്കുന്നതിന് മുൻപ് നിയമസഭ എത്തിക്സ് കമ്മിറ്റി വിധിയെഴുതിയാൽ അത് പിന്നീട് വലിയ പ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് പലരും ചൂണ്ടിക്കാട്ടുന്നു.
ഇക്കാര്യങ്ങൾ വിശദമായി പരിശോധിച്ചതിനുശേഷം ആയിരിക്കും രാഹുൽ മാങ്കൂട്ടത്തിലിനെ എംഎൽഎ സ്ഥാനത്തു നിന്ന് നീക്കുന്ന കാര്യം തീരുമാനിക്കുക.
ഉടൻ എടുത്തുചാടി ഒരു തീരുമാനത്തിലെത്തേണ്ട എന്നതാണ് ഇപ്പോഴത്തെ പൊതുവേയുള്ള അഭിപ്രായം.
നിയമസഭാ എത്തിക്സ് കമ്മിറ്റിക്കുമുൻപാകെയാണ് ഇത്തരം പരാതികൾ വരുക. സമിതിക്ക് ഒരംഗത്തെ അയോഗ്യനാക്കാനുള്ള അധികാരമില്ലെങ്കിലും നിയമസഭയ്ക്കുമുൻപാകെ ശുപാർശ സമർപ്പിക്കാനാകും. ആരോപണവിധേയന് വിശദീകരണത്തിന് അവസരം നൽകിവേണം ശുപാർശനൽകേണ്ടത്. ഈ നിയമസഭയുടെ കാലാവധി കഴിയാൻ ഏതാനും ദിവസങ്ങൾ മാത്രം അവശേഷിക്ക് ഇതിനെല്ലാം സമയം തികയുമോ എന്ന കാര്യത്തിലും സംശയമുണ്ട്.
പൂർത്തിയാക്കാനായില്ലെങ്കിലും കാര്യങ്ങൾ തുടങ്ങിവെക്കാമെന്നുള്ള അഭിപ്രായം നേതാക്കൾക്കുണ്ട്.
ഇത്തരമൊരു നടപടി ഉണ്ടായാൽ രാഹുലിനെ സംരക്ഷിക്കുന്ന നിലപാട് എടുക്കില്ലെന്നാണ് കോൺഗ്രസ് നേതൃത്വം നൽകുന്ന സൂചന. രാഹുലിനെതിരേ നടപടിയെടുക്കണമെന്ന നിലപാടിലായിരുന്നു ആദ്യംമുതൽതന്നെ വി.ഡി. സതീശനും രമേശ് ചെന്നിത്തലയും ഉൾപ്പെടെയുള്ള നേതാക്കൾ. നിലവിൽ പാർട്ടിക്ക് പുറത്തായ ആളെ സംരക്ഷിക്കേണ്ട ബാധ്യതയില്ലെന്ന് നേതാക്കൾ ചൂണ്ടിക്കാട്ടുന്നു.
എന്നാൽ, ഭരണപക്ഷത്തും സ്ത്രീ അതിക്രമ പരാതി നേരിടുന്ന എം. മുകേഷിനെ ചൂണ്ടിക്കാട്ടി പ്രതിപക്ഷം സമാനനടപടി ആവശ്യപ്പെട്ടേക്കും.
രണ്ടുവ്യക്തികൾ തമ്മിലുള്ള ക്രിമിനൽ കേസിൽ നിയമസഭ തീർപ്പുകൽപിക്കുന്നത് ശരിയാണോയെന്ന ചോദ്യവും ഉയരുന്നുണ്ട്. ആരോപണവിധേയൻ കുറ്റക്കാരനാണോയെന്ന് വിധിപറയേണ്ടത് കോടതിയാണെന്നിരിക്കേ അതിനുമുൻപ് അംഗത്തെ അയോഗ്യനാക്കുന്നതിലേക്ക് നിയമസഭ പോകണോയെന്ന ചോദ്യവും ഉയരുന്നുണ്ട്.
പാർലമെന്റിൽ ചോദ്യം ചോദിക്കുന്നതിന് പണം കൈപ്പറ്റിയ കേസിൽ എംപിമാരെ പുറത്താക്കിയതാണ് ഇതിനുസമാനമായ സംഭവം. എന്നാൽ, അത് പാർലമെന്റുമായി നേരിട്ട് ബന്ധപ്പെട്ട സംഭവമായിരുന്നു. പുതിയ കീഴ്വഴക്കം തുടങ്ങിവെക്കണോയെന്ന സംശയം ഭരണപക്ഷത്തുതന്നെയുണ്ട്.






