കോഴിക്കോട്: മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി രാജ്യസഭയിലേക്കെന്ന മാധ്യമവാര്‍ത്തകള്‍ തള്ളി മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങളും പി.കെ. കുഞ്ഞാലിക്കുട്ടിയും. രാജ്യസഭയിലേക്ക് താനില്ലെന്നും തനിക്ക് ആവശ്യത്തിനുള്ള പണി ഇവിടെത്തന്നെയുണ്ടെന്നും കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പ്രതികരിച്ചു.
ലീഗ് ചര്‍ച്ചകളിലേക്ക് കടന്നിട്ടില്ല. സാദിഖലി ശിഹാബ് തങ്ങള്‍ക്ക് ഒഴിവുലഭിച്ചാല്‍ ചര്‍ച്ചയിലേക്ക് കടക്കുമെന്നും ഇക്കാര്യത്തില്‍ എളുപ്പത്തില്‍ തന്നെ തീരുമാനം എടുക്കാന്‍ സാധിക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
കേരളത്തില്‍ ഒഴിവുവരുന്ന ആദ്യ രാജ്യസഭാ സീറ്റ് മുസ്ലിം ലീഗിന് തരുമെന്ന് യു.ഡി.എഫ്. സമ്മതിച്ചിട്ടുണ്ടെന്ന് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. യുവാക്കള്‍ക്കാണ് പരിഗണന. ലോക്സഭാ തിരഞ്ഞെടുപ്പിനുശേഷം ചര്‍ച്ചകളിലേക്ക് കടക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
‘പുതുമുഖങ്ങള്‍ക്ക് അവസരംകൊടുക്കേണ്ടതുണ്ട്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ ആവശ്യപ്പെട്ടിരുന്നതാണ്. കുഞ്ഞാലിക്കുട്ടി ഇപ്പോള്‍ എം.എല്‍.എയാണ്. കേരളത്തിലാണ് അദ്ദേഹത്തിന് ചുമതല. എം.എല്‍.എ. കാലാവധി തീര്‍ന്നിട്ടില്ല. സ്വാഭാവികമായും അദ്ദേഹത്തിന് സാധ്യതയില്ല. താന്‍ വരുമെന്ന് ചിലമാധ്യമങ്ങള്‍ ട്രോളിയെന്ന് കുഞ്ഞാലിക്കുട്ടി സൂചിപ്പിച്ചിരുന്നു. ഞാനത് നിഷേധിക്കട്ടേയെന്ന് എന്നോട് ചോദിച്ചു. ധൈര്യമായിട്ട് നിഷേധിച്ചോളൂയെന്ന് ഞാന്‍ പറഞ്ഞിട്ടുണ്ട്’, സാദിഖലി തങ്ങള്‍ പറഞ്ഞു.
‘അദ്ദേഹത്തിന് താത്പര്യമില്ലെന്ന് പറഞ്ഞു. കേരളത്തില്‍ യു.ഡി.എഫിനെ അധികാരത്തില്‍ എത്തിക്കുകയെന്നതാണ് മുസ്ലിം ലീഗിന്റെ ഏറ്റവും വലിയ ദൗത്യം. അതിന് യു.ഡി.എഫിന്റെ തന്നെ മുന്നണിയില്‍ നിര്‍ത്താന്‍ പ്രാപ്തനായ നേതാവാണ് കുഞ്ഞാലിക്കുട്ടി സാഹിബ്. ആ ചുമതല തുടര്‍ന്നും അദ്ദേഹം നിര്‍വഹിക്കട്ടെ. മറ്റുചുമതലകളിലേക്കൊന്നും അദ്ദേഹത്തെ പാര്‍ട്ടി ഉദ്ദേശിക്കുന്നില്ല’, സാദിഖലി തങ്ങള്‍ വ്യക്തമാക്കി.