KeralaNEWS

ഡിവൈഎസ്പി എം.ജി സാബു പണ്ടേ കേമൻ, ഗുണ്ടകളുടെയും സാമൂഹ്യ വിരുദ്ധരുടെയും തോഴൻ: സാബുവിൻ്റെ ബിസിനസ്സ് പങ്കാളിയായ തമ്മനം ഫെയ്സലിന്റെ ജീവിതം ‘ആവേശം’ പൊലൊരു സിനിമാക്കഥ

     പലനാൾ കള്ളൻ, ഒരു നാൾ കുടുങ്ങും എന്ന പഴഞ്ചൊല്ലിനെ അന്വർത്ഥമാക്കുന്ന മട്ടിലായി ആലപ്പുഴ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എം.ജി സാബുവിൻ്റെ ചെയ്തികൾ. 3 നാൾ കഴിഞ്ഞ് 31നു വിരമിക്കാൻ ഇരിക്കെയാണ് ദുർബുദ്ധി തോന്നിച്ചത്. കുപ്രസിദ്ധ ഗുണ്ട തമ്മനം ഫെയ്സലിന്റെ അങ്കമാലി പുളിയനം കാട്ടുചിറയിലെ വീട്ടിൽ ആതിഥ്യം സ്വീകരിക്കാൻ പോകാമെന്ന്. ഈ സമയത്തു തന്നെ, സംശയാസ്പദമായ രീതിയിൽ ഗുണ്ടാ നേതാവിന്റെ വീട്ടിൽ ആളെത്തി എന്നറിഞ്ഞ് അങ്കമാലി പൊലീസ് റെയ്‍ഡിനെത്തി. അപ്പോഴാണ് ‌ഡിവൈഎസ്പിയും 3 പൊലീസുകാരുമാ‌ണ് ഗുണ്ടയുടെ അതിഥികളെന്ന് വ്യക്തമായത്. സാബുവിൻ്റെ ഡെപ്യൂട്ടികളായി വന്നത് ആലപ്പുഴ പൊലീസ് ക്യാംപിലെ 2 ഡ്രൈവർമാരും ഒരു സിപിഒമാണ്.

ഗുണ്ടാ സംഘങ്ങള അമർച്ച ചെയ്യാനുള്ള ‘ഓപറേഷൻ ആഗി’ൻ്റെ ഭാഗമായിരുന്നു റെയ്ഡ്.  എസ്ഐയും സംഘവും പുറത്തു നിന്ന പൊലീസുകാരോടു വിവരങ്ങൾ ചോദിച്ചു മനസ്സിലാക്കി. അങ്കമാലി പൊലീസിനെ കണ്ടതോടെ ഡിവൈഎസ്പി ശുചിമുറിയിൽ ഒളിച്ചു. പക്ഷേ കയ്യോടെ പൊക്കി.  ഡിവൈഎസ്പിയെ കസ്റ്റഡിയിലെടുക്കാൻ എസ്ഐക്ക്  അധികാരമില്ലെന്നു പറഞ്ഞ് സാബു ഭീഷണിപ്പെടുത്തിയെങ്കിലും  പൊലീസ് അതു വകവച്ചില്ല. നടപടി ക്രമങ്ങൾക്കു ശേഷം ഇതേ ഗുണ്ട ഏർപ്പാടാക്കിയ കാറിലാണ് ഡിവൈഎസ്പി മടങ്ങിയത്.

Signature-ad

വിരമിക്കുന്നതിന്റെ ഭാഗമായി മസിനഗുഡി ടൂർ കഴിഞ്ഞു മടങ്ങുമ്പോഴാണ് ഡിവൈഎസ്പിയും സംഘവും ഫെയ്സലിന്റെ വീട്ടിലെത്തിയത്.  സിനിമാനടനായ ‘സുഹൃത്തിന്റെ’ വീട്ടിലേക്കെന്നു പറഞ്ഞാണ് ഡിവൈഎസ്പി ഒപ്പമുണ്ടായിരുന്ന പൊലീസുകാരെ ക്ഷണിച്ചു കൊണ്ടുവന്നത്. (ഈയിടെ റിലീസായ സിനിമയിൽ ഫെയ്സൽ അഭിനയിച്ചിരുന്നു).

ഒടുവിൽ‍ മുഖ്യമന്ത്രിയുടെ കർശന നിർദേശത്തെ തുടർന്ന് ഡിവൈഎസ്പിക്കു സസ്പെൻഷൻ. ഒപ്പമുണ്ടായിരുന്ന സിവിൽ പൊലീസ് ഓഫിസറെയും രണ്ടു പൊലീസ് ഡ്രൈവറന്മാരെയും അതിനു മുമ്പേ ആലപ്പുഴ എസ്പി സസ്പെൻഡ് ചെയ്തിരുന്നു. .

അതിനിടെ ഡിവൈഎസ്പിയുടെ യാത്രയയപ്പിനായി ആലപ്പുഴ ക്രൈംബ്രാഞ്ച് ഓഫിസ് മുറ്റത്തു   കെട്ടിയിരുന്ന വൻ പന്തൽ വിവാദത്തെ തുടർന്നു പൊളിച്ചു മാറ്റി.

ഡിവൈഎസ്പി സാബു മുൻപ് എറണാകുളം റൂറലിൽ ജോലി ചെയ്ത കാലത്തേ തുടങ്ങിയ കൂട്ടുകെട്ടാണിത്.  ഇരുവരും തമ്മിൽ ഒട്ടേറ കൂട്ടുകച്ചവടങ്ങൾ ഉള്ളതായി പൊലീസിലെ ഉന്നതർക്കു വരെ അറിയാം. വാഗമണ്ണിൽ പുതിയ റിസോർട്ട് നിർമ്മിക്കാനുള്ള പ്ലാനിലായിരുന്നത്രേ ഇരുവരും.

കോതമംഗലം തട്ടേക്കാടിനു സമീപം 2010 മാർച്ചിൽ റഷ്യൻ യുവതികൾക്കൊപ്പം ജലയാത്ര നടത്തിയ യുവാവ് ബോട്ടു മറിഞ്ഞു മരിച്ചതുമായി ബന്ധപ്പെട്ടും സാബുവിനെതിരെ ആരോപണമുയർന്നിരുന്നു. അന്ന് കോതമംഗലം സിഐ ആയിരുന്ന സാബു അപകടസമയത്ത് മഫ്തിയിൽ അവിടെ ഉണ്ടായിരുന്നു. വകുപ്പുതല അന്വേഷണത്തെത്തുടർന്നു നടപടി നേരിട്ടു. അന്ന് റഷ്യൻ യുവതികളെ എത്തിച്ചത് സെക്സ് റാക്കറ്റിലെ കണ്ണികളാണെന്ന വിവരവും പുറത്തുവന്നിരുന്നു.

കൊച്ചിയിൽ ഏറ്റവുമാദ്യം കാപ്പ ചുമത്തപ്പെട്ട ഗുണ്ടാ നേതാക്കളിലൊരാളാണ് ജോർജ് എന്ന തമ്മനം ഫൈസൽ. എറണാകുളം തമ്മനത്തെ വീട്ടിലെ വിളിപ്പേരായിരുന്നു ഫൈസൽ. പിന്നീട് മാതാവിന്റെ നാടായ അങ്കമാലി പുളിയനത്തേക്ക് താമസം മാറ്റിയതോടെ തമ്മനം ഫൈസൽ എന്നറിയപ്പെട്ടു. തർക്കത്തെ തുടർന്ന് പിതാവിനെ തല്ലിയ അയൽവാസിയെ വെട്ടിപ്പരിക്കേൽ‍പ്പിച്ചാണ് 18–ാം വയസ്സിൽ തമ്മനം ഫൈസൽ കുറ്റകൃത്യങ്ങളുടെ ലോകത്തേക്ക് എത്തുന്നത്. കൊച്ചി ഭരിച്ചിരുന്ന ഗുണ്ടാ നേതാവ് തമ്മനം ഷാജിയുടെ എതിരാളിയായാണ് ഫൈസൽ പിന്നീട് വളർന്നു വന്നത്. മുപ്പതിലേറെ കേസുകളിൽ താൻ പ്രതിയായിരുന്നെന്നും ഇനി മൂന്നോ നാലോ കേസുകൾ മാത്രമേ ബാക്കിയുള്ളൂ എന്നുമാണ് ഫൈസൽ ഈയിടെ പറഞ്ഞത്.

താൻ കുറെ വർഷങ്ങളായി ഗുണ്ടാ പരിപാടികൾക്കൊന്നും പോകാറില്ലെന്നും സ്വന്തമായി ടിപ്പറുകളും മാലിന്യം ശേഖരിക്കുന്ന വണ്ടിയും മറ്റ് കുടുംബ ബിസിനസുകളും നോക്കി നടത്തുകയാണന്നും ഫൈസൽ ചില യൂട്യൂബ് അഭിമുഖങ്ങളിൽ അവകാശപ്പെട്ടിരുന്നത്. 2021ൽ മറ്റൊരു ഗുണ്ടാ സംഘത്തിൽ‍പ്പെട്ട ജോണി ആന്റണി എന്ന യുവാവിനെ തട്ടിക്കൊണ്ടു പോയി ക്രൂരമായ മർദിച്ച കേസാണ് ഫൈസലിനെതിരെ ഏറ്റവുമൊടുവിൽ റജിസ്റ്റർ ചെയ്തത്. ഇതിന്റെ ദൃശ്യങ്ങൾ ഫൈസലും സംഘവും തന്നെ പരസ്യപ്പെടുത്തുകയും ചെയ്തിരുന്നു. തന്നെ വാളുകളുമായി ജോണി അടക്കമുള്ളവർ ഭീഷണിപ്പെടുത്തിയതിന് പകരം ചോദിച്ചതാണ് ആ സംഭവമെന്ന് ഫൈസൽ പിന്നീട് പറഞ്ഞിട്ടുണ്ട്. കരാട്ടെ അധ്യാപകൻ കൂടിയാണ് തമ്മനം ഫൈസൽ.

എന്തായാലും ഈ കൂട്ടുകെട്ട് ഡിവൈഎസ്പി സാബുവിനു വിനയായി. വിനാശകാലേ വിപരീത ബുദ്ധി എന്നല്ലാതെ എന്തു പറയാൻ…!

Back to top button
error: