KeralaNEWS

”ജോലിക്കിടെ പരുക്കേറ്റ തൊഴിലാളിക്ക് ഇഷ്ടമുള്ള ആശുപത്രിയില്‍ ചികിത്സ തേടാം”

കൊച്ചി: ജോലിക്കിടെ പരുക്കേറ്റ തൊഴിലാളിക്ക് സ്വന്തം താല്‍പര്യമനുസരിച്ചുള്ള ആശുപത്രിയില്‍ ചികിത്സ തേടാനുള്ള അവകാശം നിഷേധിക്കാനാവില്ലെന്നു ഹൈക്കോടതി. മികച്ച ചികിത്സ കിട്ടുന്ന ആശുപത്രിയില്‍ പോകുന്നതിനു പകരം സ്ഥാപനത്തിന്റെ പട്ടികയില്‍പെട്ട ആശുപത്രിയില്‍ ചികിത്സ തേടണമെന്നു പറയുന്നതു മനുഷ്യത്വപരമല്ലെന്നു ജസ്റ്റിസ് ജി. ഗിരീഷ് വ്യക്തമാക്കി. തൊഴിലാളി ക്ഷേമത്തിനായി രൂപീകരിച്ചിട്ടുള്ള എംപ്ലോയീസ് കോംപന്‍സേഷന്‍ നിയമത്തെ സ്ഥാപന അധികൃതരുടെ ആഭ്യന്തര സര്‍ക്കുലര്‍ വഴി അട്ടിമറിക്കാനാകില്ല.

ജോലിക്കിടെയുണ്ടാകുന്ന അപകടത്തിന്റെ ചികിത്സാ ചെലവ് തൊഴിലുടമ നല്‍കണമെന്നുള്ള നിയമത്തിലെ 4 (2എ) വ്യവസ്ഥയ്ക്കു വിരുദ്ധമായ സര്‍ക്കുലര്‍ അനുവദനീയമല്ലെന്നു കോടതി പറഞ്ഞു. എഫ്‌സിഐയിലെ ചുമട്ടുതൊഴിലാളിയായ രാജീവന് 2014 ഡിസംബര്‍ 8നു ജോലിക്കിടെ അപകടത്തില്‍പെട്ട് നട്ടെല്ലിനു ഗുരുതരമായി പരുക്കേറ്റിരുന്നു.

35,001 രൂപ ചികിത്സാ ചെലവിനത്തില്‍ അനുവദിച്ച കോഴിക്കോട്ടെ എംപ്ലോയീസ് കോംപന്‍സേഷന്‍ കമ്മിഷണറുടെ 2017ലെ ഉത്തരവിനെതിരെ കോഴിക്കോട് ഫുഡ് കോര്‍പറേഷന്‍ ഏരിയ മാനേജര്‍ നല്‍കിയ അപ്പീലാണു ഹൈക്കോടതി പരിഗണിച്ചത്. ഇതിനൊപ്പം, 50,000 രൂപ നഷ്ടപരിഹാരം അനുവദിച്ചതു കുറവാണെന്നു കാണിച്ച് തൊഴിലാളിയും കോടതിയിലെത്തി. പയ്യോളി, കോഴിക്കോട്, മംഗളൂരു എന്നിവിടങ്ങളിലെ ആശുപത്രികളിലായിരുന്നു ചികിത്സ.

എഫ്‌സിഐയുടെ സര്‍ക്കുലര്‍ പ്രകാരം ലിസ്റ്റ് ചെയ്തിട്ടില്ലാത്ത ആശുപത്രിയില്‍ ചികിത്സ തേടിയതിന്റെ ചെലവ് അനുവദിക്കാനാവില്ലെന്ന് എഫ്‌സിഐ വാദിച്ചു. എന്നാല്‍ ജോലിക്കിടെ പരുക്കേറ്റ തൊഴിലാളി ലിസ്റ്റില്‍പെടാത്ത ആശുപത്രിയിലാണു ചികിത്സ തേടിയതെന്ന് എഫ്‌സിഐ തര്‍ക്കം ഉന്നയിക്കുന്നതു പ്രഥമദൃഷ്ട്യാ സ്വീകാര്യമല്ലെന്നു കോടതി പറഞ്ഞു. ചികിത്സാ ചെലവ് അനുവദിച്ച എംപ്ലോയീസ് കോംപന്‍സേഷന്‍ കമ്മിഷണര്‍ ഉത്തരവില്‍ തെറ്റില്ലെന്നും ഇടപെടാനാവില്ലെന്നും വ്യക്തമാക്കി.

അതേസമയം, നഷ്ടപരിഹാരമായി 50,000 രൂപ അനുവദിച്ചതു കുറവാണെന്നും അടിസ്ഥാന ശമ്പളം കണക്കാക്കിയതില്‍ കോംപന്‍സേഷന്‍ കമ്മിഷണര്‍ക്കു തെറ്റു പറ്റിയെന്നും കോടതി വ്യക്തമാക്കി. ഈയിനത്തില്‍ 75,412 രൂപ കിട്ടാന്‍ തൊഴിലാളിക്ക് അര്‍ഹതയുണ്ട്.

ചികിത്സാച്ചെലവും നഷ്ടപരിഹാരവും ചേര്‍ത്ത് 1,10,413 രൂപ നല്‍കേണ്ടതാണെങ്കിലും അപേക്ഷകന്‍ ക്ലെയിം ചെയ്തത് ഒരു ലക്ഷം രൂപ മാത്രമായതിനാല്‍ അത് അനുവദിക്കുകയാണെന്നു കോടതി പറഞ്ഞു. അപകടം ഉണ്ടായ ദിവസം മുതല്‍ 12% പലിശ നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: