KeralaNEWS

ഗ്രൗണ്ടില്ല, ഏക നടപടി ടെസ്റ്റ് കുറയ്ക്കല്‍; ഡ്രൈവിങ് ടെസ്റ്റ് പരീക്ഷണം പാളുന്നു

തിരുവനന്തപുരം: ടെസ്റ്റിങ് ഗ്രൗണ്ട് ഉള്‍പ്പെടെയുള്ള അടിസ്ഥാനസൗകര്യങ്ങളൊന്നും ഒരുക്കാന്‍ കഴിഞ്ഞില്ലെങ്കിലും ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണവുമായി മോട്ടോര്‍വാഹന വകുപ്പ് മുന്നോട്ട്. മേയ് മുതല്‍ പുതിയ രീതിയില്‍ ടെസ്റ്റ് നടത്തണമെന്ന നിര്‍ദേശം ഓഫീസ് മേധാവിമാര്‍ക്ക് നല്‍കിക്കൊണ്ട് ഉത്തരവിറങ്ങി. എന്നാല്‍ ഒരിടത്തും സ്ഥലമൊരുക്കാനുള്ള തുക അനുവദിച്ചിട്ടില്ല.

വകുപ്പിന്റെ കൈവശമുള്ള എട്ട് ഓട്ടോമേറ്റഡ് ടെസ്റ്റിങ് ട്രാക്കുകള്‍ പോലും പൂര്‍ണസജ്ജമല്ല. മന്ത്രിയുടെ നിര്‍ദേശപ്രകാരം 77 ഓഫീസുകളില്‍ ടെസ്റ്റിനു സ്ഥലമൊരുക്കാന്‍ ഉദ്യോഗസ്ഥര്‍ പദ്ധതി തയ്യാറാക്കിയിരുന്നു. എന്നാല്‍, ഒന്നരമാസം കാത്തിരുന്നിട്ടും തുക അനുവദിച്ചില്ല. ഇതിനിടെയാണ് മേയ് മുതല്‍ റിവേഴ്‌സ് പാര്‍ക്കിങ്ങും, ഗ്രേഡിയന്റ് പരീക്ഷണവും ഉള്‍പ്പെടെ ഡ്രൈവിങ് ടെസ്റ്റ് കര്‍ശനമാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുള്ളത്.

Signature-ad

ഉത്തരവ് ഇറക്കിയെങ്കിലും അടിസ്ഥാന സൗകര്യങ്ങളില്ലാത്തതിനാല്‍ ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണം നടക്കില്ല. ഡ്രൈവിങ് ടെസ്റ്റുകളുടെ എണ്ണം കുറയ്ക്കാന്‍ മാത്രമാണ് സാധ്യതയുള്ളത്. ദിവസം 20 പുതിയ അപേക്ഷകരെയും പത്ത് പരാജയപ്പെട്ടവരെയും മാത്രമാകും ഡ്രൈവിങ് ടെസ്റ്റിന് പങ്കെടുപ്പിക്കുക. എണ്ണം കുറയ്ക്കുന്നതോടെ ഡ്രൈവിങ് ലൈസന്‍സിനുള്ള കാത്തിരിപ്പു നീളും.

അതേസമയം, ദിവസം 100-ല്‍ അധികം ഡ്രൈവിങ് ടെസ്റ്റ് നടത്തിയ 15 ഉദ്യോഗസ്ഥരെക്കൊണ്ട് തിങ്കളാഴ്ച തിരുവനന്തപുരം മുട്ടത്തറയിലെ ഡ്രൈവര്‍ ടെസ്റ്റിങ് കേന്ദ്രത്തില്‍ ഡ്രൈവിങ് ടെസ്റ്റ് പരീക്ഷണം നടത്തും. മന്ത്രിയുടെ നിര്‍ദേശപ്രകാരം ഇവരെക്കൊണ്ട് ഡ്രൈവിങ് ടെസ്റ്റ് നടത്തിക്കുകയും മേലുദ്യോഗസ്ഥര്‍ നിരീക്ഷിക്കുകയും ചെയ്യും. ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണറുടെ നിര്‍ദേശങ്ങള്‍ പാലിച്ചുകൊണ്ട് നിശ്ചിത സമയത്തിനുള്ളില്‍ 100 ഡ്രൈവിങ് ടെസ്റ്റ് നടത്താന്‍ കഴിയുമോ എന്നാണ് പരിശോധിക്കുന്നത്.

Back to top button
error: