KeralaNEWS

കലാശക്കൊട്ടിനു ശേഷം വീണ രാഷ്ട്രീയ ബോംബ്; സിപിഎമ്മിനെ പ്രതിരോധത്തിലാക്കി ഇ.പി

തിരുവനന്തപുരം: ബിജെപിക്കെതിരെ വിട്ടുവീഴ്ചയില്ലാ യുദ്ധം നടത്തുന്നതിന്റെ പേരില്‍ വോട്ടു ചോദിച്ച ഇടതുമുന്നണിയുടെ കണ്‍വീനര്‍ തന്നെ ബിജെപിയില്‍ പോകാന്‍ ചര്‍ച്ച നടത്തിയെന്ന ശോഭ സുരേന്ദ്രന്റെ ആരോപണം കലാശക്കൊട്ടിനു ശേഷം വീണ ബോംബായി. ഇന്നത്തെ കോണ്‍ഗ്രസ് നേതാക്കള്‍ നാളത്തെ ബിജെപിക്കാരെന്ന ആക്ഷേപം സിപിഎം ഉയര്‍ത്തുമ്പോഴാണ് ഈ അപ്രതീക്ഷിത വെളിപ്പെടുത്തല്‍ ഉണ്ടായത്. അതേസമയം, ബിജെപിയുടെയോ സിപിഎമ്മിന്റെയോ മറ്റു നേതാക്കള്‍ ഇതില്‍ കക്ഷി ചേര്‍ന്നിട്ടില്ല.

പേരു പറയാതെ കഴിഞ്ഞ ചൊവ്വാഴ്ച ശോഭ നടത്തിയ ആദ്യ പ്രതികരണത്തില്‍ നേതാവ് ഇ.പി.ജയരാജനാണെന്ന സൂചനകള്‍ അടങ്ങിയിരുന്നു. ഇ.പിയുമായി സൗഹൃദമുണ്ടെന്ന് പരസ്യമായി അവകാശപ്പെട്ടിട്ടുള്ള ദല്ലാള്‍ നന്ദകുമാറാണ് ചര്‍ച്ചയ്ക്കു മധ്യസ്ഥത വഹിച്ചതെന്ന ശോഭയുടെ വാക്കുകള്‍ മാത്രമല്ല അതിനു കാരണമായത്; സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ ജനകീയ പ്രതിരോധ യാത്ര തൃശൂരില്‍ വന്ന ദിവസമാണ് ഇതു സംബന്ധിച്ച ചര്‍ച്ച നടന്നതെന്ന അവരുടെ വെളിപ്പെടുത്തല്‍ കൂടിയാണ്. 2023 മാര്‍ച്ചില്‍ നടന്ന ഗോവിന്ദന്റെ യാത്രയോടു തുടക്കത്തില്‍ നിസ്സഹകരിച്ച ഇ.പി പിന്നീട് പാര്‍ട്ടി കണ്ണുരുട്ടിയപ്പോഴാണ് തൃശൂരിലെത്തി ആദ്യമായി അതിന്റെ ഭാഗമായത്.

ഇതു മനസ്സില്‍ വച്ചു തന്നെയാണ് ചൊവാഴ്ചത്തെ വാര്‍ത്താ സമ്മേളനത്തില്‍ ശോഭ അക്കാര്യം പറഞ്ഞത്. അതിനു ശേഷം ഡല്‍ഹിയിലും ചര്‍ച്ച നടന്നെന്നും ഇക്കാര്യം അറിഞ്ഞ സിപിഎം നേതൃത്വം ഭീഷണിപ്പെടുത്തിയതോടെ ജയരാജന്‍ പിന്മാറിയെന്നുമാണ് ശോഭയുടെ ആരോപണം.

ശോഭയുടെ വാക്കുകള്‍ ജയരാജന്‍ നിഷേധിച്ചു. ജയരാജന്റെ മകന്‍ ശോഭയ്ക്ക് അയച്ചുവെന്നു പറയുന്ന ‘എന്റെ നമ്പര്‍ നോട്ട് ചെയ്യൂ’ എന്ന വാട്‌സാപ് സന്ദേശം അവരുടെ വലിയ ആരോപണത്തെ സാധൂകരിക്കാന്‍ ഉതകുന്നതുമല്ല. എന്നാല്‍, അവര്‍ ഈ ചര്‍ച്ചകള്‍ നടന്നതായി പറയപ്പെടുന്ന സന്ദര്‍ഭം സന്ദേഹം ഉയര്‍ത്തുന്നാണ്. പാര്‍ട്ടിയില്‍ തന്നെക്കാള്‍ ജൂനിയറായ എം.വി.ഗോവിന്ദന്‍ സംസ്ഥാന സെക്രട്ടറിയായതോടെ ആ നേതൃത്വവുമായി ഇ.പി പൂര്‍ണമായും തെറ്റിയിരുന്നു.

തനിക്കു വരവില്‍ കവിഞ്ഞ സ്വത്തുണ്ടെന്ന കടുത്ത ആരോപണം സംസ്ഥാന കമ്മിറ്റി യോഗത്തില്‍ പി.ജയരാജന്‍ ഉന്നയിച്ചത് ഗോവിന്ദന്റെ അറിവോടെയാണെന്നും ജയരാജന്‍ സംശയിച്ചു. ഈ പിണക്കം പിന്നീട് നിസ്സഹകരണമായി. ചികിത്സയ്‌ക്കെന്ന പേരില്‍ അവധിയെടുത്തു പാര്‍ട്ടി കമ്മിറ്റി യോഗങ്ങളില്‍ നിന്നു വിട്ടുനിന്നു. തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് പരാജയം അന്വേഷിച്ച പാര്‍ട്ടി കമ്മിഷനോടു പോലും സഹകരിച്ചില്ല. കണ്‍വീനറായ ജയരാജന്‍ ഇങ്ങനെ ഉടക്കി നിന്നത് എല്‍ഡിഎഫിനെ തന്നെ ബാധിച്ചു. ഇതോടെ കേന്ദ്രകമ്മിറ്റി അംഗമായ ഇ.പി എന്തിനുള്ള പുറപ്പാടാണെന്ന സന്ദേഹം ഉയര്‍ന്നു. ഈ സമയത്ത് എന്തെങ്കിലും പ്രലോഭനങ്ങള്‍ ജയരാജനു ലഭിച്ചോയെന്നും ഒരു ഘട്ടത്തില്‍ അതിന് അദ്ദേഹം വശംവദനായോ എന്നുമുള്ള സന്ദേഹമാണ് ശോഭയുടെ വെളിപ്പെടുത്തല്‍ ഉയര്‍ത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: