മലപ്പുറം: വീട്ടില്‍ കയറി യുവതിയെ കെട്ടിയിട്ട് കവര്‍ച്ച നടത്തിയതായി പരാതി. എടപ്പാള്‍ വട്ടംകുളത്ത് അശോകന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. അശോകന്റെ മരുമകളായ രേഷ്മയെ കസേരയില്‍ കെട്ടിയിട്ട ശേഷം ശരീരത്തില്‍ അണിഞ്ഞിരുന്ന 15 പവന്‍ സ്വര്‍ണം കവര്‍ന്നെന്നാണ് പരാതി. ഇന്ന് രാവിലെ ഏഴ് മണിയോടെയായിരുന്നു കവര്‍ച്ച നടന്നതെന്നാണ് പരാതിയില്‍ പറയുന്നത്.
മാസ്‌കും കണ്ണടയും ധരിച്ചാണ് മോഷ്ടാവ് വീട്ടിലെത്തിയത്. ശേഷം വീട്ടിലേക്ക് അതിക്രമിച്ച് കയറുകയായിരുന്നു. ഈ സമയം മുന്‍വശത്ത് കസേരയില്‍ ഇരിക്കുകയായിരുന്നു രേഷ്മ. രേഷ്മയെ അതേ കസേരയില്‍ കെട്ടിയിട്ട ശേഷം മോഷ്ടാവ് ശരീരത്തിലുണ്ടായിരുന്ന മുഴുവന്‍ സ്വര്‍ണാഭരണങ്ങളും കവര്‍ന്നു. സംഭവം നടക്കുമ്പോള്‍ വീട്ടില്‍ രേഷ്മയുടെ ഭര്‍ത്താവും അമ്മായിയമ്മയും ഉണ്ടായിരുന്നുവെന്നാണ് മൊഴി.
എന്നാല്‍ ഇരുവരും ഈ സംഭവങ്ങള്‍ അറിഞ്ഞിരുന്നില്ല. അമ്മായിയമ്മ കുളിക്കുകയായിരുന്നുവെന്നും രേഷ്മയുടെ ഭര്‍ത്താവ് മുകളിലത്തെ നിലയില്‍ ഉറങ്ങുകയായിരുന്നുവെന്നുമാണ് പരാതിയില്‍ പറയുന്നത്. കുളി കഴിഞ്ഞ് പുറത്തുവന്ന അമ്മായിയമ്മയാണ് രേഷ്മയെ കെട്ടിയിട്ട നിലയില്‍ കണ്ടത്. തുടര്‍ന്ന് അമ്മായിയമ്മ തന്നെയാണ് രേഷ്മയെ രക്ഷിച്ചത്. എന്നാല്‍ അതിന് മുന്‍പ് തന്നെ മോഷ്ടാവ് സ്ഥലം വിട്ടിരുന്നു. പീന്നിടാണ് രേഷ്മ മോഷണ വിവരം പറയുന്നത്.
തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ ചങ്ങരംകുളം പൊലീസ് അന്വേഷണം ആരംഭിച്ചു. വീട്ടിലുണ്ടായിരുന്നവരുടെയും അയല്‍വാസികളുടെയും മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുകയാണെന്നും സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിക്കുകയാണെന്നും പൊലീസ് പറഞ്ഞു.